Quantcast

ആറു മിനിറ്റ് മതി, 80% ചാര്‍ജിങ്- വിപ്ലവമാകാന്‍ ഇന്ത്യയുടെ സൂപ്പര്‍ ഫാസ്റ്റ് ബാറ്ററി

ലിഥിയം-അയോണ്‍ ബാറ്ററികളെ അപേക്ഷിച്ച്, സോഡിയം-അയോണ്‍ ബാറ്ററികളുടെ ഉല്‍പാദനച്ചെലവ് 30 ശതമാനം വരെ കുറയുമെന്നാണു വിലയിരുത്തല്‍

MediaOne Logo

Web Desk

  • Published:

    2 Jun 2025 7:26 PM IST

ആറു മിനിറ്റ് മതി, 80% ചാര്‍ജിങ്- വിപ്ലവമാകാന്‍ ഇന്ത്യയുടെ സൂപ്പര്‍ ഫാസ്റ്റ് ബാറ്ററി
X

ബംഗളൂരു: ബാറ്ററി രംഗത്തെ ചൈനയുടെ കുത്തക തകര്‍ക്കാനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ് ഇന്ത്യ. ആറു മിനിറ്റിനകം 80 ശതമാനം ചാര്‍ജിങ് കപ്പാസിറ്റിയുള്ള സോഡിയം-അയോണ്‍ ബാറ്ററി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ(ജെഎന്‍സിഎഎസ്ആര്‍) ഒരു സഘം ഗവേഷകര്‍.

രാജ്യത്തിന്റെ ശാസ്ത്രീയ മുന്നേറ്റത്തില്‍ പുത്തന്‍ ഉണര്‍വാകാന്‍ പോകുന്ന കണ്ടുപിടിത്തം. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും പുറമെ ഊര്‍ജ വ്യവസായ രംഗത്തും വന്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നതാകും സോഡിയം അയോണ്‍ ബാറ്ററി. ഇന്ത്യയുടെ ഊര്‍ജ സ്വയം പര്യാപ്തതയ്ക്കും പരിസ്ഥിതി സൗഹൃദ ഊര്‍ജ സംഭരണത്തിനും വലിയ മുതല്‍ക്കൂട്ടാകാന്‍ പോകുന്ന കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങളിലേക്കു വരാം.

നിലവില്‍ വിപണിയില്‍ പ്രധാനമായും ആശ്രയിക്കുന്ന ലിഥിയം-അയോണ്‍ ബാറ്ററികള്‍ക്ക് പകരമായാണ് സോഡിയം-അയോണ്‍ ബാറ്ററികള്‍ വരുന്നത്. നിലവില്‍ വന്‍ തോതില്‍ പുറത്തുനിന്നുള്ള ലിഥിയം ഇറക്കുമതിയെ ആശ്രയിച്ചാണ് ഇന്ത്യയുടെ ബാറ്ററി വിപണി മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ സ്വയം പര്യാപ്തതയിലേക്കു വരാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കും. ലിഥിയം, കോബാള്‍ട്ട്, നിക്കല്‍, ചെമ്പ് തുടങ്ങിയ അപൂര്‍വവും വിലകൂടിയതുമായ ലോഹങ്ങളാണ് ലിഥിയം-അയോണ്‍ ബാറ്ററികളുടെ മൂലകങ്ങള്‍. ഇവയുടെ ലഭ്യത പരിമിതമായതു കൊണ്ടുതന്നെയാണ് ഈ ബാറ്ററിക്കു ചെലവേറുന്നതും.

എന്നാല്‍, പ്രധാനമായും സോഡിയത്തെ ആശ്രയിച്ചുള്ളതാണ് സോഡിയം-അയോണ്‍ ബാറ്ററികള്‍. അതാണെങ്കില്‍ ഇന്ത്യയില്‍ സുലഭമായി ലഭ്യവുമാണ്. അതുകൊണ്ടുതന്നെ ലിഥിയം-അയോണ്‍ ബാറ്ററികളെ അപേക്ഷിച്ച്, സോഡിയം-അയോണ്‍ ബാറ്ററികളുടെ ഉല്‍പാദനച്ചെലവ് 30 ശതമാനം വരെ കുറയുമെന്നാണു വിലയിരുത്തല്‍.

3,000ലധികം ചാര്‍ജിങ് സൈക്കിളുകള്‍ക്കുശേഷവും 80 ശതമാനം ചാര്‍ജിങ് കപ്പാസിറ്റിയുള്ളതാണ് ജെഎന്‍സിഎഎസ്ആര്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ ബാറ്ററി. പെര്‍ഫോമന്‍സില്‍ ലിഥിയം-അയോണ്‍ ബാറ്ററികളില്‍നിന്നു ബഹുദൂരം മുന്നിലാണിവ. ഇലക്ട്രിക് വാഹനങ്ങള്‍, ഗാഡ്ജറ്റുകള്‍, സോളാര്‍ ഗ്രിഡുകള്‍, ഡ്രോണുകള്‍ എന്നിവയിലാണ് ബാറ്ററിയുടെ കൂടുതല്‍ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്.

ലിഥിയം ഇറക്കുമതിയില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്നൊരു ഫാക്ടര്‍ ഒരു ഭാഗത്ത്. എന്നാല്‍, ആഗോള ബാറ്ററി വിപണിയിലെ ചൈനീസ് കുത്തക തകര്‍ത്ത് ഒന്നാം സ്ഥാനക്കാരാകാനുള്ള ഒരു അവസരം കൂടിയാണ് സോഡിയം-അയോണ്‍ ബാറ്ററികള്‍ ഇന്ത്യയ്ക്കു മുന്നില്‍ തുറക്കുന്നത്. നിലവില്‍ ചൈനയും ആസ്ട്രേലിയയും ചിലിയുമൊക്കെയാണ് ലിഥിയം ഖനനത്തിലും ശുദ്ധീകരണത്തിലും മുന്നിലുള്ളത്. സോഡിയം-അയോണ്‍ ബാറ്ററികള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഈ രാജ്യങ്ങളെ ആശ്രയിക്കുന്നത് നിര്‍ത്തി, പൂര്‍ണമായും ഊര്‍ജ സ്വാതന്ത്ര്യം കൈവരിക്കാന്‍ ഇന്ത്യയ്ക്കാകും.

വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ബാറ്ററി വിപണിയിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂനെ ആസ്ഥാനമായുള്ള KPIT ടെക്നോളജീസും ട്രെന്റാര്‍ എനര്‍ജി സൊല്യൂഷന്‍സും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 3,000-6,000 ചാര്‍ജിങ് സൈക്കിളുകള്‍ക്കുശേഷവും 80 ശതമാനം ചാര്‍ജിങ് കപ്പാസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്, KPITയുടെ സോഡിയം-അയോണ്‍ ബാറ്ററി സാങ്കേതികവിദ്യ. ട്രെന്റാറാണെങ്കില്‍ മണിക്കൂറില്‍ മൂന്ന് ജിഗാവാട്ട് ഉല്‍പാദനശേഷിയുള്ള നിര്‍മാണ യൂനിറ്റില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്.

ലിഥിയത്തെക്കാള്‍ സുരക്ഷിതവും വിലകുറഞ്ഞതുമാണ് സോഡിയം എന്നൊരു പോസിറ്റീവ് കൂടിയുണ്ട്. ലിക്വിഡ് ഇലക്ട്രോലൈറ്റുകളുടെ ആരോഗ്യപരമായ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ സോളിഡ് ഇലക്ട്രോലൈറ്റുകള്‍ക്ക് കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പുറമെ, തീപിടുത്ത സാധ്യത കുറവാണ്. കൂടുതല്‍ പരിസ്ഥിതിസൗഹൃദവും ഈടുനില്‍ക്കുന്നതുമാണ് സോഡിയം-അയോണ്‍ ബാറ്ററികളെന്നാണ് ചെന്നൈയിലെ പ്രസിഡന്‍സി കോളജിലെ ഗവേഷകര്‍ പറയുന്നത്.

ഇന്ത്യയില്‍ സോഡിയം ധാതുവിഭവങ്ങള്‍ ധാരാളം ലഭ്യമായതു പുതിയ കണ്ടുപിടിത്തത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഐഐടി ബോംബെയിലെ പ്രൊഫസര്‍ അമര്‍ത്യ മുഖോപാധ്യായ വിലയിരുത്തിയത്. ലിഥിയം വിഭവങ്ങള്‍ രാജ്യത്ത് വളരെ പരിമിതമാണ്. കോബാള്‍ട്ടിന്റെ ആവശ്യമില്ലാത്തതിനാല്‍ സോഡിയം-അയോണ്‍ ബാറ്ററികള്‍ കൂടുതല്‍ ഈടുനില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തീവിലയും പുതിയ ആഗോളരാഷ്ട്രീയ സാഹചര്യങ്ങളും കാരണം ആഗോള ലിഥിയം വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയില്‍, കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവും ചെലവുകുറഞ്ഞതുമായ ഒരു ബാറ്ററിയുമായി ഇന്ത്യ വരുമ്പോള്‍ അതു വലിയ തരംഗമാകുമെന്നുറപ്പാണ്. സാമ്പത്തികമായി ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടത്തിനും അതു വഴിയൊരുക്കും. JNCASR ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം ഇതിനകം തന്നെ ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

Summary: 80% charging in just six minutes; India's super fast charging Sodium-Ion Battery set to be revolution

TAGS :

Next Story