Quantcast

അഭിമാനമായി ഐഎസ്ആർഒ; എൻവിഎസ്-03 ഉപഗ്രഹ വിക്ഷേപണം പൂർണ വിജയം

ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാം വിക്ഷേപണം

MediaOne Logo

Web Desk

  • Published:

    31 Oct 2026 6:58 AM IST

അഭിമാനമായി ഐഎസ്ആർഒ; എൻവിഎസ്-03 ഉപഗ്രഹ വിക്ഷേപണം പൂർണ വിജയം
X

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനിക നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്- 03 യുമായി ജിഎസ്എൽവി എഫ് 18 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാം വിക്ഷേപണം. നിശ്ചയിച്ചതുപോലെ ജിഎസ്എൽവി റോക്കറ്റ് ഉപഗ്രഹത്തെ വിജയകരമായി ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിച്ചു.

ഇന്ത്യയുടെ സ്വതന്ത്ര നാവിഗേഷൻ ശേഷി പുനസ്ഥാപിക്കാനുള്ള നിർണായക ദൗത്യവുമായാണ് ജിഎസ്എൽവി എഫ്- 18 റോക്കറ്റ് എൻവിഎസ് 03 ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. നാവിഗേഷൻ സേവനം തടസമില്ലാതെ തുടരുന്നതിനായി ഐഎസ്ആർഒ വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണ് എൻവിഎസ്-03. അമേരിക്കയുടെ ജിപിഎസ് അടക്കമുള്ള വിദേശ നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് നാവികിന്റെ ലക്ഷ്യം.

എല്ലാം നിശ്ചയിച്ചതുപോലെ കൃത്യമായി നടന്നുവെന്നും ഉപഗ്രഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. 2025 ജനുവരിയിൽ, വിക്ഷേപണത്തിനുശേഷം എൻ.വിഎസ് -02 ഉപഗ്രഹത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ലക്ഷ്യമിട്ട ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. എൻവിഎസ് 02 ദൗത്യത്തിലെ സാങ്കേതിക തകരാർ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കം നടത്തിയാണ് എൻവിഎസ് -03യുടെ വിക്ഷേപണം നടന്നത്. എന്നാൽ, ഉപഗ്രഹം നിശ്ചയിച്ച ഭ്രമണപഥത്തിലെത്തിച്ച് പ്രവർത്തന ക്ഷമമാകുന്നതുവരെയുള്ള ദൗത്യം നിർണായകമാണ്.

ജിപിഎസ് പോലെ പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് സേവനങ്ങൾ ഉപഗ്രഹം നൽകും. സ്റ്റാൻഡേർഡ് പൊസിഷനിങിന് കുറഞ്ഞത് നാല് പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾ ആവശ്യമാണ്. നിലവിൽ ഇതിനായി മൂന്ന് ഉപഗ്രഹങ്ങൾ മാത്രമാണുള്ളത്. എൻവിഎസ് 03 ലക്ഷ്യസ്ഥാനത്ത് എത്തിച്ച് പ്രവർത്തനക്ഷമായാൽ ഈ കുറവ് പരിഹരിക്കാം. മൊബൈൽ ഫോണുകളിലടക്കം കൃത്യമായ ലൊക്കേഷൻ സേവനം ഇതോടെ ലഭ്യമാകും. സമയനിർണയത്തിന് തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എൽ-5, എസ് എന്നീ ഫ്രീക്വൻസി ബാൻഡുകൾക്ക് പുറമെ പുതുതായി എൽ 1 ഫ്രീക്വൻസി ബാൻഡുകളും ഉപഗ്രഹം നൽകും. 2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 12 വർഷമാണ് പ്രവർത്തന കാലാവധി.

TAGS :

Next Story