Quantcast

ബി.ജെ.പിക്ക് ഫേസ്ബുക്കിന്റെ വഴിവിട്ട സഹായം, കൂട്ടിന് റിലയൻസും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

"ബി.ജെ.പിയുടെ പരസ്യങ്ങൾക്ക് ഇളവും മറ്റ് പാർട്ടികൾക്കില്ലാത്ത സഹായവുമാണ് ഫേസ്ബുക്ക് നൽകിയത്; റിലയൻസിന്റെ കമ്പനി ബി.ജെ.പിക്ക് മാത്രം ഗുണം ചെയ്യുന്ന പരസ്യങ്ങൾ നൽകി"

MediaOne Logo

Web Desk

  • Updated:

    2022-03-28 09:15:53.0

Published:

26 March 2022 10:23 AM GMT

ബി.ജെ.പിക്ക് ഫേസ്ബുക്കിന്റെ വഴിവിട്ട സഹായം, കൂട്ടിന് റിലയൻസും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
X

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ഫേസ്ബുക്ക് സമീപകാല തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയിൽ ബി.ജെ.പിക്ക് വഴിവിട്ട സഹായം നൽകിയെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ കുമാർ സംഭവ്. 'ദി റിപ്പോർട്ടേഴ്‌സ് കളക്ടീവി' ലെ ജേണലിസ്റ്റായ അദ്ദേഹം ഒരു വർഷത്തിലേറെ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ മറ്റാർക്കും നൽകാത്ത ഇളവുകളും ആനുകൂല്യങ്ങളും നൽകി ഫേസ്ബുക്ക് ബി.ജെ.പിയെ സഹായിച്ചുവെന്നും, റിയലൻസിന്റെ കീഴിലുള്ള സ്ഥാപനങ്ങളും ഇതിന് കൂട്ടുനിന്നുവെന്നും കുമാർ സംഭവ് പറയുന്നു.

Summary: Journalist Kumar Sambhav explains how Facebook helped BJP in elections, by easing rates and diluting policies

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഫേസ്ബുക്കിന്റെ പരസ്യ പ്ലാറ്റ്‌ഫോം രാഷ്ട്രീയ മത്സരത്തിന്റെ അടിവെട്ടിയതെങ്ങനെ എന്നതിന്റെ ത്രെഡ്ഡാണിത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് പ്രത്യേക സഹായം നൽകി. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിലെ കണ്ടെത്തലുകളാണ് പുറത്തുവിടുന്നത്.' എന്നാരംഭിക്കുന്ന ട്വീറ്റ് ത്രെഡ്ഡിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ബി.ജെ.പിയെ സഹായിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണെങ്കിലും ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമും നയങ്ങളും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിച്ചത് എഹ്ങനെയെന്ന് ആരും അറിഞ്ഞിരുന്നില്ലെന്ന് കുമാർ സംഭവ് പറയുന്നു.

ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ പരസ്യങ്ങൾ നൽകിയവരെയും അവയുടെ ഉള്ളടക്കവും ഫണ്ടിംഗും അവ എത്രപേരിലേക്ക് എത്തിയെന്നതും, 2020 നവംബർ മുതൽ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറയുന്നു.

കുമാർ സംഭവിന്റെ കണ്ടെത്തലുകൾ

2019-നും 2020-നുമിടയിൽ 5.5 ലക്ഷത്തോളം രാഷ്ട്രീയ പരസ്യങ്ങളാണ് ഫേസ്ബുക്കിൽ വന്നത്. ആഡ് ലിബർട്ടി എ.പി.ഐ ഉപയോഗിച്ച് ഇതിന്റെ വിവരങ്ങൾ എടുത്തു. ഇതിൽ, ആരെന്ന് വെളിപ്പെടുത്താതെ നിരവധി പേർ ബി.ജെ.പിക്കു വേണ്ടി പരസ്യം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ റിലയൻസ് ജിയോ ഫണ്ട് ചെയ്യുന്ന ഒരു സ്ഥാപനം ഇതിൽപ്പെടുന്നു.

സ്ഥാനാർഥിയോ സ്ഥാനാർഥി ഔദ്യോഗികമായി ചുമതലപ്പെടുത്തുന്നവരോ അല്ലാത്തവർ തെരഞ്ഞെടുപ്പ് പരസ്യം ചെയ്യുന്നതിൽ ഇന്ത്യൻ നിയമപ്രകാരം കുറ്റകരമാണ്. തെരഞ്ഞെടുപ്പിൽ അജ്ഞാതമായ പണമൊഴുക്ക് തടയാനും പരസ്യങ്ങളുടെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം സ്ഥാനാർഥിയിൽ നിക്ഷിപ്തമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിയമം. പ്രിന്റ്, ടെലിവിഷൻ മാധ്യമങ്ങളിൽ ഈ നിയമം ബാധകമാണെങ്കിലും സോഷ്യൽ മീഡിയയിൽ കർശനമാക്കിയിട്ടില്ല. 2013-ൽ, ഈ നിയമം സോഷ്യൽ മീഡിയയിൽ കൂടി കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് അതിൽ കാര്യമായ നീക്കങ്ങൾ നടത്തിയിട്ടില്ല.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിലെ പ്രചരണ നിയമങ്ങൾ കർശനമാക്കാതിരിക്കാൻ ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദം ചെലുത്തിയിരുന്നു. ഈ നീക്കത്തിൽ ഫേസ്ബുക്ക് ആണ് മുന്നിൽ നിന്നതെന്ന് ഫേസ്ബുക്ക് വിസിൽബ്ലവർ ഫ്രാൻസസ് ഹോഗൻ ഈയിടെ ആരോപിച്ചിരുന്നു.

മേൽവിലാസത്തിൽ കൃത്രിമം കാണിക്കുന്ന രാഷ്ട്രീയ പരസ്യക്കാർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ, തെരഞ്ഞെടുപ്പിനു മുമ്പ് അജ്ഞാത പരസ്യക്കാർക്കെതിരെ അവർ നടപടിയെടുത്തത് 'ഭൂഷണമല്ലാത്ത പെരുമാറ്റ'ത്തിന്റെ പേരിലാണ്. എന്നാൽ, ഇത്തരം നടപടികൾക്ക് വിധേയരായത് ഏറെക്കുറെ മുഴുവനായും കോൺഗ്രസിനു വേണ്ടിയുള്ള പരസ്യക്കാരാണ്. ബി.ജെ.പിക്കു വേണ്ടി അജ്ഞാത പരസ്യം നൽകിയവർ വളരെ കുറച്ചേ ഇതിൽ ഉൾപ്പെട്ടുള്ളൂ.

സ്വതന്ത്ര വാർത്താ പേജുകളെന്ന വ്യാജേന രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി പ്രചാരവേല നടത്തിയ പേജുകളും അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് ഫേസ്ബുക്കും അതിലെ ഉദ്യോഗസ്ഥരും അവകാശപ്പെട്ടിരുന്നു. എന്നാൽ, ബി.ജെ.പിക്കു വേണ്ടി അത്തരം പ്രചരണം നടത്തിയവർക്കെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് ആഡ് ലൈബ്രറി ഡാറ്റ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ അജ്ഞാത നെറ്റ്‌വർക്കിന്റെ കഴുത്തിനു പിടിച്ചപ്പോൾ ബി.ജെ.പിക്കാണ് ഗുണം ലഭിച്ചത്.

ഇത്തരത്തിൽ ബി.ജെ.പിക്കു വേണ്ടി അജ്ഞാത പ്രചരണം നടത്തിയത് റിലയൻസ് ജിയോയുടെ കീഴ്സ്ഥാപനമായ 'ന്യൂജ്' ആണ്. കോടിക്കണക്കിന് രൂപയാണ് ന്യൂജ് ബി.ജെ.പിയെ പ്രമോട്ട് ചെയ്യാനായി ഫേസ്ബുക്കിൽ ഒഴുക്കിയത്. സ്വതന്ത്ര വാർത്താ കമ്പനിയാണെന്നും രാഷ്ട്രീയ പരസ്യങ്ങൾ നൽകാറില്ലെന്നുമാണ് ന്യൂജ് അവകാശപ്പെടുന്നത്. പക്ഷേ, വാർത്ത എന്ന വ്യാജേന ന്യൂജ് പ്രമോട്ട് ചെയ്ത 718 പോസ്റ്റുകൾ രാഷ്ട്രീയ പരസ്യങ്ങളായിരുന്നു.

ന്യൂജ് പ്രമോട്ട് ചെയ്ത ഇത്തരത്തിലുള്ള പല പരസ്യങ്ങളും നുണകളോ വ്യാജപ്രചരണങ്ങളോ മത - സാമുദായിക പ്രകോപനം ഉണ്ടാക്കുന്നതോ ആയിരുന്നു. ഇവയുടെ എല്ലാം പൊതുസ്വഭാവമാകട്ടെ, ബി.ജെ.പിയെയും അതിന്റെ സ്ഥാനാർത്ഥികളെയും പിന്തുണക്കുക എന്നതും. രാഷ്ട്രീയ ബന്ധമില്ലാത്ത, ജീവിതവുമായി ബന്ധപ്പെട്ട വിവര വീഡിയോകൾക്കിടയിലാണ് ഈ വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നത്.

ന്യൂജിന് പുറമെ 22 അജ്ഞാത പരസ്യക്കാർ ബി.ജെ.പിയെ പ്രമോട്ട് ചെയ്യുന്നതിനായി ഫേസ്ബുക്കിന് 53.8 ദശലക്ഷം നൽകി. ഇവർക്ക് 130 കോടിയിലേറെ വ്യൂസും ലഭിച്ചു. ഇത് ബി.ജെ.പിയുടെ ഔദ്യോഗിക പരസ്യങ്ങൾക്ക് തുല്യമായിരുന്നു. പലതും മേൽവിലാസം മറച്ചുവച്ചെങ്കിലും ഫേസ്ബുക്ക് ആസ്ഥാനങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. പലതിന്റെയും ഫോൺ നമ്പർ ഒന്നായിരുന്നു.

അതേസമയം, അജ്ഞാത പരസ്യക്കാരിൽ നിന്ന് കോൺഗ്രസിന് ലഭിച്ചത് വെറും 23 ലക്ഷവും 73.8 ദശലക്ഷം വ്യൂസും മാത്രം. മാത്രമല്ല, ബി.ജെ.പിയുടെ പരസ്യത്തിന് ഫേസ്ബുക്കിന്റെ ആഡ് അൽഗൊരിതം ഈടാക്കിയത് കുറഞ്ഞ നിരക്കായിരുന്നു. ഇക്കാരണത്താൽ മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ കൂടുതൽ വോട്ടർമാരിലേക്കെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. കൂടുതൽ എൻഗേജ്‌മെന്റ് ഉള്ള പരസ്യങ്ങൾക്ക് കുറഞ്ഞ നിരക്ക് എന്ന പോളിസി ഉപയോഗിച്ചാണ് ഈ ഇളവ് ബി.ജെ.പിക്ക് നൽകിയത്.

ഇത്തരത്തിലുള്ള ഇളവുകൾ ജനാധിപത്യത്തെ തകർക്കാൻ കാരണമാകുമെന്നതിനാൽ, പരമ്പരാഗത മാധ്യമങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് പല ജനാധിപത്യ രാജ്യങ്ങളും മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്ന് കുമാർ സംഭവ് പറയുന്നു.

TAGS :

Next Story