Quantcast

'കിളി വേണ്ട,നായ മതി'; 'ദസറ' 100 കോടിയിലേക്ക്,പൃഥ്വി ഷായും മിച്ചൽ മാർഷും പുറത്ത്- ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ

സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ആറുപേർ മരിച്ച വാർത്തയും ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും കോഹ്ലിക്ക് സ്വന്തമെന്ന വാർത്തയും ട്വിറ്ററിനെ സജീവമാക്കി

MediaOne Logo

Web Desk

  • Updated:

    2023-04-04 15:18:13.0

Published:

4 April 2023 3:10 PM GMT

twitter trending, twitter logo, dasara,
X

ട്വിറ്റർ ലോഗോയിൽ മാറ്റം

ഒക്ടോബറിലെ ഏറ്റെടുക്കലിന് പിന്നാലെ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിന്റെ ലോഗോ മാറ്റി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. പ്രശസ്തമായ ബ്ലൂ ബേഡ് ലോഗോ മാറ്റി നായയുടെ (ഡോഗ് മീം) ചിത്രമാണ് നൽകിയിട്ടുള്ളത്. ട്വിറ്റർ മൊബൈൽ ആപ്പിൽ മാറ്റങ്ങളുണ്ടായിട്ടില്ല. ഡോഗ്കോയിൻ എന്ന പേരിലുള്ള ക്രിപ്റ്റോ കറൻസിയുടെ ഡോഗി മീമിന് സമാനമാണ് നിലവിലെ ലോഗോ. ഷബു ഇനു എന്ന നായ ഇന്റർനെറ്റിലെ ജനപ്രിയമീമാണ്. മസ്‌കിന്റെ ഇഷ്ട ക്രിപ്റ്റോ കറൻസി ഡോഗ് കോയിന്റെ ലോഗോയും ഇതാണ്. ട്വിറ്റർ വഴി ഡോഗ് കോയിനെ പ്രൊമോട്ട് ചെയ്യുമെന്ന് കഴിഞ്ഞ വർഷം മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്റർ ലോഗോ മാറ്റിയതോടെ ക്രിപ്റ്റോയുടെ മൂല്യത്തിൽ 20 ശതമാനം വർധനയുണ്ടായി.

സിക്കിമിൽ മഞ്ഞിടിച്ചിൽ; ആറുപേർ മരിച്ചു

സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ആറുപേർ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. നിരവധി വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഹിമപാതമുണ്ടായപ്പോൾ 150ലധികം വിനോദസഞ്ചാരികൾ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതുവരെ 22 പേരെ രക്ഷപെടുത്തി. ഉച്ചക്ക് 12.20ഓടെയാണ് അപകടമുണ്ടായത്. സിക്കിം പോലീസ്, ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വാഹന ഡ്രൈവർമാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

തീയായി നാനിയുടെ 'ദസറ'; 100 കോടിയിലേക്ക്

ബോക്‌സോഫീസിൽ തീയായി നാനിയുടെ 'ദസറ'. ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് 100 കോടി ക്ലബിലേക്ക് കടക്കാനൊരുങ്ങുകയാണ്. 87 കോടി കലക്ഷനാണ് ചിത്രം ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ നിന്നായി കളക്ട് ചെയ്തിരിക്കുന്നത്.

വെറും നാലു ദിവസം കൊണ്ടാണ് ചിത്രം 87 കോടി നേടിയത്. ഞായറാഴ്ച നേടിയതിൻറെ പകുതിയിൽ താഴെയാണ് തിങ്കളാഴ്ച (ഏപ്രിൽ 3) ദസറയ്ക്ക് ലഭിച്ചത്. ആദ്യകാല കണക്കുകൾ പ്രകാരം ഏപ്രിൽ 3 ന് ദസറ കളക്ഷനിൽ വൻ ഇടിവ് രേഖപ്പെടുത്തി. ചിത്രം ഇന്ത്യയിൽ നിന്ന് ഏകദേശം 4 കോടി രൂപ നേടി.ആഴ്ചാവസാനം ഈ ഇടിവ് പ്രതീക്ഷിച്ചിരുന്നതായി ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം കണ്ട എസ്.എസ് രൗജമൗലി ദസറ ടീമിനെ അഭിനന്ദിച്ചിരുന്നു. ട്വീറ്റിനെ തൻറെ 'ഓസ്‌കാർ' എന്ന് നാനി വിശേഷിപ്പിച്ചത്.

ഗുജറാത്തിനെതിരെ ഡൽഹിക്ക് ബാറ്റിംഗ്; പൃഥ്വി ഷായും മിച്ചൽ മാർഷും പുറത്ത് #പ്രിത്വിഷൗ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്ടോസ്. നായകൻ ഹർദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരം തുടങ്ങി മൂന്നാം ഓവറിൽ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണറായ പൃഥ്വി ഷായെ മുഹമ്മദ് ഷമിയുടെ പന്തിൽ അൽസാരി ജോസഫ് പിടികൂടി. അഞ്ച് പന്തിൽ ഏഴ് റൺസാണ് താരം നേടിയത്. ഡേവിഡ് വാർണറും മിച്ചൽ മാർഷുമാണ് ക്രീസിലുള്ളത്. അഞ്ചാം ഓവറിൽ ഷമി അടുത്ത വിക്കറ്റും വീഴ്ത്തി. മിച്ചൽ മാർഷിനെ ബൗൾഡാക്കിയാണ് തിരിച്ചയച്ചത്. നാലു പന്തിൽ ഒരു ഫോറുമായി നാല് റണ്ണായിരുന്നു നേട്ടം.

ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും കോഹ്ലിക്ക് സ്വന്തം #ViratKohli

വിരാട് കോഹ്ലി ബാറ്റ് കൊണ്ടിറങ്ങുമ്പോഴെല്ലാം റെക്കോർഡുകൾ കൂടെപോരാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിലൂടെ അത്യപൂർവ്വ റെക്കോർഡും തന്റെ പേരിലാക്കി കളിയും ജയിപ്പിച്ചാണ് ആ മനുഷ്യൻ കളം വിട്ടത്. ഐപിഎല്ലിൽ അമ്പത് തവണ അർദ്ധ സ്വഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നതാണ് കോഹ്ലി സ്വന്തമാക്കിയ റെക്കോർഡ്.

ഐപിഎല്ലിൽ കൂടുതൽ അർദ്ധ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഒന്നാം സ്ഥാനത്ത്. 60 തവണയാണ് അൻപതോ അതിന് മുകളിലോ വാർണർ സ്‌കോർ ചെയ്തത്. ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ കോഹ്ലിക്ക് തൊട്ടുപിന്നിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശിഖർ ധവാനുമുണ്ട്. 49 തവണയാണ് ധവാൻ അൻപതിന് മുകളിൽ സ്‌കോർ ചെയ്തത്.

'ഞാനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല'; വ്യാജ വാർത്തയിൽ പ്രതികരിച്ച് സാമന്ത

നടി ശോഭിത ധൂലിപാലയുമായി നടൻ നാഗ ചൈതന്യ ഡേറ്റിംങ്ങിലാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ചെന്ന വാർത്ത നിഷേധിച്ച് നടി സാമന്ത റൂത്ത് പ്രഭു. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തിന്റെ വ്യാജ വാർത്ത പങ്കുവെച്ചാണ് സാമന്തയുടെ ട്വീറ്റ്. ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെൺകുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ എന്ന് സാമന്ത പറഞ്ഞു എന്നാണ് ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് താരത്തിന്റെ പ്രതികരണം. നാഗ ചൈതന്യയുമായുള്ള സാമന്തയുടെ നാല് വർഷത്തെ ദാമ്പത്യം അവസാനിച്ചതോടെയാണ് കിംവദന്തികൾ ശക്തിപ്രാപിച്ചത്. 2021ൽ ഇരുവരും വേർപിരിയുകയായിരുന്നു. ആരുമായും ബന്ധം പുലർത്തുന്നതിൽ എനിക്ക് വിഷമമില്ല, സ്‌നേഹത്തിന് വില നൽകാത്തവർ എത്ര പേരുമായി സ്‌നേഹിച്ചാലും അത് കണ്ണീരിലാകും അവസാനിക്കുക. കുറഞ്ഞത് ആ പെൺകുട്ടിയെങ്കിലും സന്തോഷിക്കണം. അയാളുടെ പെരുമാറ്റവും ഭാവവും മാറിയാലും ആ പെൺകുട്ടിയെ ഉപദ്രവിക്കുന്നില്ല എങ്കിൽ നല്ലത്,'എന്ന് സാമന്ത പറഞ്ഞതായാണ് ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട്. എന്നാൽ 'അങ്ങനെ താൻ ഒരിക്കലും പറഞ്ഞിട്ടില്ല' എന്ന് സാമന്തയും ട്വീറ്റ് ചെയ്തു.

TAGS :

Next Story