സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത് തിരക്കിട്ട്; പരാതി അയച്ച് 10 ദിവസത്തിനകം വിജ്ഞാപനം
സോളാര്‍ കേസുകള്‍ സി.ബി.ഐക്ക് കൈമാറി കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതോടെ സി.ബി.ഐ നിലപാട് നിർണായകമാകും. വിജ്ഞാപനം ലഭിച്ചാല്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സി.ബി.ഐയുടെ നിലപാട് ആരായും

സോളാര്‍ കേസുകള്‍ സി.ബി.ഐക്ക് കൈമാറി കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതോടെ സി.ബി.ഐ നിലപാട് നിർണായകമാകും. വിജ്ഞാപനം ലഭിച്ചാല്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സി.ബി.ഐയുടെ നിലപാട് ആരായും. സി.ബി.ഐക്ക് അന്വേഷണം കൈമാറാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത് നിയമപദേശം കൂടി തേടിയതിന് ശേഷമായിരുന്നു.
ഇനി എല്ലാ കണ്ണുകളും സി.ബി.ഐയിലേക്ക്. ആദ്യ ചോദ്യം കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറാകുമോയെന്നാണ്. അതോ ടൈറ്റാനിയം കേസില്‍ സ്വീകരിച്ച നിലപാട് സോളാറിലും തുടരുമോ. തയ്യാറായാലും ഇല്ലെങ്കിലും അത് കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തിന്‍റെയും പ്രചരണ ആയുധമാവുമെന്നുറപ്പ്. സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി കേന്ദ്ര പേഴ്സണ്‍ മന്ത്രാലയത്തിന് അയച്ചു കൊടുക്കുന്നതാണ് ആദ്യ നടപടി. വിജ്ഞാപനം ലഭിച്ച ശേഷം സി.ബി.ഐ ഡയറക്ടറോട് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് പേഴ്സണല്‍ മന്ത്രാലയം ആരായും. തുടര്‍ന്ന് സി.ബി.ഐ ആസ്ഥാനം ഫയല്‍ പരിശോധിച്ച് തീരുമാനം അറിയിക്കും. ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറാണെങ്കില്‍ പേഴ്സണ്‍ മന്ത്രാലയം ഉത്തരവിറക്കും.
കേസ് സി.ബി.ഐ ഏറ്റെടുക്കുന്നില്ലെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാനുമാവും. പൊലീസ് അന്വേഷണത്തിന്‍റെ പരിമിതികള്‍ പരിഗണിച്ചാണ് നിലവില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറാനുള്ള തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അപ്പോഴും പത്ത് ദിവസം പോലുമെടുക്കാതെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിജ്ഞാപനം ഇറക്കിയതെന്ന കാര്യം കേസിലെ സര്‍ക്കാരിന്‍റെ രാഷ്ട്രീയ താല്‍പര്യം വ്യക്തമാക്കുന്നു. 12നാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി അയക്കുന്നത്. പരാതി ലഭിച്ച ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശം അനുകൂലം. പിന്നാലെ സിബിഐ അന്വേഷണത്തെ നിയമവകുപ്പും പിന്തുണച്ചു. ഇതോടെയാണ് വിജ്ഞാപനം ഇറക്കിയത്. സി.ബി.ഐ അന്വേഷണം ഏറ്റെടുത്താല്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് യു.ഡി.എഫ് തീരുമാനം. അബ്ദുള്ളക്കുട്ടി കൂടി പ്രതിസ്ഥാനത്ത് വന്നതോടെ ബി.ജെ.പിയും വെട്ടിലായി. കേസ് ഏറ്റെടുത്തില്ലെങ്കില്‍ യു.ഡി.എഫുമായി ഒത്തുതീര്‍പ്പുണ്ടാക്കി എന്ന ആരോപണം കൂടി നേരിടേണ്ടി വരും. ഇതോടെ കേസ് സി.ബി.ഐ അന്വേഷിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായിരിക്കുമെന്ന് ഉറപ്പിക്കാം.
Adjust Story Font
16

