Quantcast

ചാപ്പലിനെതിരെ തുറന്നടിച്ച് സേവാഗ്

MediaOne Logo

admin

  • Published:

    29 May 2017 9:38 AM GMT

ചാപ്പലിനെതിരെ തുറന്നടിച്ച് സേവാഗ്
X

ചാപ്പലിനെതിരെ തുറന്നടിച്ച് സേവാഗ്

നാളിതുവരെയുള്ള കരിയറില്‍ ഇത്തരത്തില്‍ കളിച്ചിട്ടില്ലെന്നും മത്സരങ്ങളില്‍ ഇത് പ്രയോഗിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കേവലം പരിശീലനത്തിനായി...

ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗ്രെഗ് ചാപ്പല്‍ സംപൂജ്യ പരാജയമായിരുന്നുവെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. ക്രിക്കറ്റിനെ സംബന്ധിച്ച അറിവിന്‍റെ കാര്യത്തില്‍ ചാപ്പല്‍ അഗ്രഗണ്യനാണ് , എന്നാല്‍ ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഗ്രാഫ് വളരെ താഴെയാണ്. പ്രത്യേകിച്ച് കളിക്കാരെ ശ്രദ്ധയോടെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ സംപൂജ്യനാണ് ചാപ്പല്‍.

തന്‍റെ കീഴിലുള്ള ഏതെല്ലാം കളിക്കാരാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്ന് മനസിലാക്കാനുള്ള ശേഷി ഒരു പരിശീലകനുണ്ടാകാണം. കളിക്കാരെ ഏതു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയണം. ഓരോ കളിക്കാരനു വേണ്ടിയും എത്ര സമയം ചെലവിടണമെന്നും കളിക്കാര്‍ക്ക് അവരുടേതായ ഒരു സ്വാതന്ത്ര്യം നല്‍രുന്നുണ്ടെന്ന് ഉറപ്പു വരുത്താനും സാധിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് വേണ്ടത് ഒരു പരിശീലകനെയല്ല, മറിച്ച് നിങ്ങളെ നല്ല രീതിയില്‍ നയിക്കാന്‍ കഴിയുന്ന ഒരു സ്നേഹിതനെയാണ്. ദൌര്‍ഭാഗ്യവശാല്‍ ചാപ്പലിന്‍റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. എന്‍റെ ഫൂട്ട്‍വര്‍ക്ക് മാറ്റണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വല്ലാത്ത വാശിയായിരുന്നു - വീരു പറഞ്ഞു.

ചാപ്പലിന്‍റെ കടന്നു കയറ്റത്തിന് ഒരു ഉദാഹരണവും സേവാഗ് പങ്കുവച്ചു. 2006ലെ വിന്‍ഡീസ് പര്യടനത്തില്‍ ഒരു ടെസ്റ്റ് മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ ചാപ്പല്‍ എന്‍റെയടുത്ത് വന്നു. മുന്‍ വശത്തെ പാദം പരമാവധി നീട്ടിയാല്‍ എന്‍റെ കളി കൂടുതല്‍ മികച്ചതാകുമെന്ന് പറഞ്ഞു. അതനുസരിച്ച് ഏതാനും ഷോട്ടുകള്‍ ആ രീതിയില്‍ കളിച്ചു നോക്കിയെങ്കിലും അസുഖകരമായി തോന്നി. നാളിതുവരെയുള്ള കരിയറില്‍ ഇത്തരത്തില്‍ കളിച്ചിട്ടില്ലെന്നും മത്സരങ്ങളില്‍ ഇത് പ്രയോഗിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കേവലം പരിശീലനത്തിനായി മാത്രം ഇത് ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും വ്യക്തമാക്കി.

ഇതു കേട്ടതോടെ ചാപ്പല്‍ ക്ഷുഭിതനായി. താങ്കള്‍ അത് ചെയ്യണം. ഞാനാണ് പറയുന്നത് എന്ന് ആക്രോശിച്ചു. ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂത്തതോടെ ദ്രാവിഡ് ഇടപെട്ടു. പരിശീലകന്‍ പറയുന്നതല്ലേ അത് ചെയ്യൂ എന്ന് ദ്രാവിഡ് പറഞ്ഞു. ഇതുകേട്ട് ഞാന്‍ ചില ഷോട്ടുകള്‍ അപ്രകാരം കളിച്ചു. അതോടെ എന്‍റെയടുത്ത് വന്ന ചാപ്പല്‍ ഇപ്പോഴത്തെ ശൈലിയാണ് നിങ്ങള്‍ക്ക് അധികം സ്കോര്‍ ചെയ്യാതിരിക്കാന്‍ കാരണമാകുന്നതെന്ന് പറഞ്ഞു. ശരി ഞാന്‍ വേണ്ടത്ര റണ്‍ എടുത്തില്ലേല്‍ നിങ്ങള്‍ എന്നെ ഒഴിവാക്കുമല്ലോ എന്നു പറഞ്ഞ് ഞാനും നടന്നകന്നു.

അടുത്ത ദിവസം ഉച്ച ഭക്ഷണ സമയത്ത് 75 പന്തുകളില്‍ നിന്നും 99 റണ്‍സുമായി അജയ്യനായി ബാറ്റിങ് തുടരുകയായിരുന്ന താന്‍ ചാപ്പലിനെ കണ്ട് തന്‍റെ പാദ ചലനം ഏതുവിധത്തിലായാലും താന്‍ റണ്‍ എടുക്കുമെന്നും അതാണ് പതിവെന്നും പറഞ്ഞതായി സേവാഗ് ഓര്‍ത്തെടുത്തു. ആ ടെസ്റ്റില്‍ 190 പന്തുകളില്‍ നിന്നും 180 റണ്‍ നേടിയ സേവാഗ് മത്സരത്തിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

TAGS :

Next Story