Quantcast

കൊഹ്‍ലിയുടെ സ്വപ്ന തേരോട്ടത്തിന് അപ്രതീക്ഷിത അവസാനം

MediaOne Logo

admin

  • Published:

    4 Dec 2017 10:24 PM GMT

കൊഹ്‍ലിയുടെ സ്വപ്ന തേരോട്ടത്തിന് അപ്രതീക്ഷിത അവസാനം
X

കൊഹ്‍ലിയുടെ സ്വപ്ന തേരോട്ടത്തിന് അപ്രതീക്ഷിത അവസാനം

ഒരു റണ്ണിന്‍റെ സ്ഥാനത്ത് രണ്ട് റണ്‍, രണ്ട് റണ്‍ ഉറപ്പുള്ളിടത്ത് എതിരാളിയെ സമ്മര്‍ദത്തിലാക്കി മൂന്നാം റണ്‍. താന്‍ വാരിക്കൂട്ടിയ റണ്‍സില്‍ 44 ശതമാനവും

ട്വന്‍റി 20 ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയുടെ തേരോട്ടം വിരാട് കൊഹ്‍ലി എന്ന വിശ്വസ്തനായ ബാറ്റ്സ്മാന്‍റെ തോളിലേറിയായിരുന്നു. കൂട്ടത്തിലുള്ളവരെല്ലാം പരാജയപ്പെട്ട നിമിഷങ്ങളില്‍ ഏകനായി പോരാടി ടീമിനെ കരയ്ക്ക് അടുപ്പിക്കുന്ന കൊഹ്‍ലിയെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ക്രിക്കറ്റ് ലോകം കണ്ടു. ഇന്ത്യ എന്ന ടീം കൊഹ്‍ലി എന്ന മൂന്നക്ഷരങ്ങളായി മാറിയ ദിവസങ്ങള്‍.

കൊഹ്‍ലിയുടെ മാന്ത്രികതയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ പ്രതീക്ഷ അര്‍പ്പിച്ച നിമിഷങ്ങളിലൊന്നായിരുന്നു ഇന്നലത്തെ മത്സരത്തിലെ അവസാന ഓവര്‍. ബാറ്റ് കൊണ്ട് രക്ഷകനാകുന്ന കൊഹ്‍ലിയുടെ ഉപമകള്‍ പലപ്പോഴും സച്ചിന്‍ എന്ന വലിയ മനുഷ്യനിലേക്ക് എത്തി നില്‍ക്കാറുണ്ടെങ്കിലും ബൌളറായ കൊഹ്‍ലിയില്‍ നിന്നും പണ്ട് ഹീറോ കപ്പില്‍ സച്ചിന്‍ കാണിച്ച അത്ഭുതം ഇന്ത്യന്‍ ടീം പ്രതീക്ഷിച്ച നിമിഷങ്ങള്‍. ഒടുവില്‍ ഒരു ഫുള്‍ടോസ് പന്തിനെ കാണികളുടെ ഇടയിലേക്ക് ആന്‍ഡ്രു റസല്‍ പായിച്ചപ്പോള്‍ മുംബൈയും ഇന്ത്യയും മൌനത്തിലേക്ക് കൂടുകയറി. തീര്‍ത്തും നിരാശനായി കൊഹ്‍ലി നിന്ന കൊഹ്‍ലിക്ക് മറ്റൊന്നും പക്ഷേ ചെയ്യാനാകുമായിരുന്നില്ല.

പതിവു പോലെ കൊഹ്‍ലിയുടെ വീരോചിതമായ ഒരു ഇന്നിങ്സാണ് ഇന്ത്യയെ 192 എന്ന വലിയ സ്കോറിലേക്ക് എത്തിച്ചത്. 89 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യന്‍ ഉപനായകന്‍ ഒരിക്കല്‍ കൂടി ടീം സ്കോറിന്‍റെ പകുതിയിലേറെ സ്വന്തം ബാറ്റ് കൊണ്ട് കുറിച്ചു.

11 ബൌണ്ടറികള്‍.. ഒരു മനോഹര സിക്സര്‍, ഇതു മാത്രമായിരുന്നില്ല കൊഹ്‍ലിയുടെ ഇന്നിങ്സ്. മുയലിന്‍റെ വേഗത്തില്‍ വിക്കറ്റുകളിലൂടെ പായുകയായിരുന്നു കൊഹ്‍ലി. ഒരു റണ്ണിന്‍റെ സ്ഥാനത്ത് രണ്ട് റണ്‍, രണ്ട് റണ്‍ ഉറപ്പുള്ളിടത്ത് എതിരാളിയെ സമ്മര്‍ദത്തിലാക്കി മൂന്നാം റണ്‍. താന്‍ വാരിക്കൂട്ടിയ റണ്‍സില്‍ 44 ശതമാനവും ഓടിയെടുക്കുകയായിരുന്നു കൊഹ്‍ലി.

അപൂര്‍വ്വമായ ഒരു റോളില്‍ കൊഹ്‍ലിയെ വീണ്ടും ഇന്ത്യ കണ്ടു. ഏതാണ്ട് എല്ലാ ബൌളര്‍മാരും കരീബിയന്‍ പ്രഹരത്തിന്‍റെ കരുത്ത് അറിഞ്ഞപ്പോള്‍ തന്‍റെ രക്ഷകനിലേക്ക് ധോണി എത്തി. ആദ്യ പന്തില്‍ തന്നെ ചാള്‍സിനെ മടക്കി 97 റണ്‍ കൂട്ടുകെട്ട് തകര്‍ത്ത് കൊഹ്‍ലി പുഞ്ചിരിച്ചു.

വീണ്ടുമൊരിക്കല്‍ കൂടി കൊഹ്‍ലി പ്രതീക്ഷകളുടെ തുരുത്തായി. പതിനെട്ടാം ഓവറില്‍ ലെന്‍ഡല്‍ സിമണ്‍സിനെ ജഡേജ ഏകദേശം കൈപ്പിടിയിലൊതുക്കിയ നിമിഷം. ബൌണ്ടറി കടക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ പന്ത് കൊഹ്‍ലിക്ക് പിടിക്കാനായി എറിയുകയായിരുന്നു ജ‍ഡേജ. ഉദ്ദേശിച്ച പോലെ കൊഹ്‍ലി ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും ജഡേജയുടെ ബൂട്ട് അതിര്‍ത്തിയില്‍ തട്ടിയിരുന്നതിനാല്‍ സിമണ്‍സ് ക്രീസില്‍ തുടര്‍ന്നു.

വിന്‍ഡീസിന്‍റെ അവസാന ഓവര്‍. കൊഹ്‍ലിയുടെ വിരലുകളില്‍ വിശ്വാസം അര്‍പ്പിച്ച് ധോണി ഒരിക്കല്‍ കൂടി പന്ത് കൈമാറി. ആദ്യ പന്തില്‍ സിംഗിള്‍ വഴങ്ങിയ കൊഹ്‍ലി അടുത്ത പന്തില്‍ റസലിന് റണ്‍ വഴങ്ങാതിരുന്നതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകേറി. അടുത്ത പന്തില്‍ റസലിന്‍റെ ബാറ്റിലുരസിയ പന്ത് ബൌണ്ടറിയിലേക്ക് കുതിച്ചു. മൂന്ന് പന്തില്‍ ജയിക്കാന്‍ വിന്‍സീസിന് മൂന്ന് റണ്‍. ഓവറിലെ നാലം പന്ത് ഒരു ലോ ഫുള്‍ടോസായിരുന്നു. ഇന്ത്യയുടെ ഹൃദയം തകര്‍ത്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലേക്ക്.

വിജയശില്‍പ്പികളായ റസലിനെയും സിമണ്‍സിനെയും കരീബിയന്‍ പട പൊതിയുമ്പോള്‍ നിരാശനായി നില്‍ക്കുകയായിരുന്നു വിരാട് കൊഹ്‍ലി എന്ന പടക്കുതിര. അഞ്ച് ഇന്നിങ്സുകളിലായി 273 റണ്‍ വാരിക്കൂട്ടി മിക്ക മത്സരങ്ങളിലും ടീമിന്‍റെ രക്ഷകനായി മാറിയ ഒരാള്‍ക്ക് ഇതില്‍ക്കൂടുതലെന്ത് ചെയ്യാനാകും?

TAGS :

Next Story