Quantcast

ഐപിഎല്‍ ഒന്‍പതാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം

MediaOne Logo

admin

  • Published:

    3 Jan 2018 8:35 PM GMT

ഐപിഎല്‍ ഒന്‍പതാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം
X

ഐപിഎല്‍ ഒന്‍പതാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും, സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രാത്രി എട്ട് മണിക്കാണ് മത്സരം

ഐപിഎല്‍ ഒന്‍പതാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും, സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രാത്രി എട്ട് മണിക്കാണ് മത്സരം.

രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരത്തേക്കാളുപരി രണ്ട് നായകന്‍മാര്‍ തമ്മിലുള്ള മത്സരം കൂടിയാണ് ഇന്നത്തേത്. നായകന്‍ വിരാട് കൊഹ്ലിയുടെ അവിസ്മരണീയ പ്രകടനമായിരുന്നു തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ബാംഗ്ലൂരിനെ ഫൈനലിലെത്തിച്ചത്. ഇന്ന് സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍പട്ടത്തിനായി ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും കൊഹ്ലിയുടെ ബാറ്റില്‍ തന്നെ.

ചലഞ്ചേഴ്സ് ഈ സീസണില്‍ നേടിയ സ്കോറിന്‍റെ 35 ശതമാനവും പിറന്നത് കൊഹ്ലിയുടെ ബാറ്റില്‍ നിന്നാണെന്നതും അറിയണം. ഐപിഎല്‍ ഒരു സീസണില്‍ ആയിരം റണ്‍സ് തികക്കുന്ന ആദ്യ താരം, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് തുടങ്ങിയ വ്യക്തിഗത നേട്ടങ്ങള്‍ കൂടി മനസ്സില്‍ക്കണ്ടാകും കൊഹ്ലി ഇറങ്ങുക. മറുവശത്ത് വാര്‍ണറെന്ന ഒറ്റയാന്‍റെ പ്രക‍ടന മികവാണ് ഹൈദരാബാദിനെ പലപ്പോഴും രക്ഷിച്ചത്. രണ്ടാം ക്വാളിഫയറിന്‍റെ വാര്‍ണറിന്‍റെ 93 റണ്‍സ് പ്രകടനമാണ് ഇതില്‍ അവസാനത്തേത്.

വാര്‍ണറെ മാറ്റി നിര്‍ത്തിയാല്‍ ഇത് ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് നിരയും ഹൈദരാബാദിന്‍റെ ബൌളിംഗ് നിരയും തമ്മിലുള്ള മത്സരമാണ്. ഭുവനേശ്വറും മുസ്താഫിസുര്‍ റഹ്മാനുമാണ് ഹൈദരാബാദിന്‍റെ വജ്രായുധങ്ങള്‍. ക്രിസ് ഗെയ്ല്‍, എബി ഡിവില്യേഴ്സ്, കൊഹ്ലി, വാട്സണ്‍.... ഏത് ബൌളര്‍മാരുടെയും പേടിസ്വപ്നങ്ങളായ ഒരു കൂട്ടം ബാറ്റ്സ്മാന്‍മാരുടെ സമന്വയമാണ് ബാംഗ്ലൂര്‍. ഏതായാലും

കന്നിക്കിരീടമെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ബാംഗ്ലൂരും ഹൈദരാബാദും ബാറ്റ്‌വീശുമ്പോള്‍ കലാശക്കളിയുടെ വീറും വാശിയും ചിന്നസ്വാമി സ്റ്റേഡിയത്തെ ആവേശത്തിലാക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

TAGS :

Next Story