Quantcast

പൂനെ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് രൂക്ഷ വിമര്‍ശം

MediaOne Logo
പൂനെ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് രൂക്ഷ വിമര്‍ശം
X

പൂനെ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് രൂക്ഷ വിമര്‍ശം

പൂനെയില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിന് തല്ലും തലോടലും നല്‍കിയാണ് മുന്‍ താരങ്ങളുടെ പ്രതികരണം

പൂനെ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശം. മൂന്നാം ദിനം ചായക്ക് അരമണിക്കൂര്‍ ശേഷം മത്സരം തോല്‍ക്കുക എന്നത് അവിശ്വസനീയമാണെന്നും ഇന്ത്യന്‍ താരങ്ങള്‍ അശ്രദ്ധമായാണ് കളിച്ചതെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. രാഹുല്‍ ദ്രാവിഡും ലക്ഷ്മണും അടക്കമുള്ളവര്‍ ടീമില്‍ തിരികെയെത്തണമെന്ന് രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.

പൂനെയില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിന് തല്ലും തലോടലും നല്‍കിയാണ് മുന്‍ താരങ്ങളുടെ പ്രതികരണം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അശ്രദ്ധമായാണ് ബാറ്റ് ചെയ്തതെന്നും പരമാവധി ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമം നടത്തിയില്ലെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. മോശമായാണ് ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നിനെ നേരിട്ടത്, പോരാടാന്‍ പോലും തയ്യാറാകാതെ 72 ഓവറിനുള്ളില്‍ രണ്ട് ഇന്നിംഗ്‌സ് അവസാനിച്ചത് അവിശ്വസനീയമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

രാഹുല്‍ ദ്രാവിഡും ലക്ഷ്മണും മടങ്ങിവരണമെന്നാണ് രവി ശാസ്ത്രി ട്വീറ്റ് ചെയ്തത്. നല്ല പിച്ച് ക്യുറേറ്ററെ ആവശ്യമുണ്ടെന്ന് പറയുന്നതിനൊപ്പം കരുണ്‍ നായര്‍, അഭിനവ് മുകുന്ദ് അടക്കമുള്ള യുവതാരങ്ങളെ അടുത്ത മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ശാസ്ത്രി ക്രിക്കറ്റ് പ്രേമികളുടെ അഭിപ്രായം തേടുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ അമ്പയര്‍ക്ക് സദാസമയവും വിരല്‍ ഉയര്‍ത്തി നില്‍ക്കേണ്ടിവന്നെന്നാണ് വിരേന്ദര്‍ സെവാഗ് തന്റ പതിവ് ശൈലിയില്‍ പ്രതികരിക്കുന്നത്. കളി ഇനിയും ബാക്കിയുണ്ടെന്നും സെവാഗ് പറയുന്നു. റണ്‍മലകള്‍ പിന്തുടരാന്‍ സെവാഗിനെ ടീമിന് ആവശ്യമുണ്ടെന്നായിരുന്നു ഇതിന് താങ്കള്‍ മടങ്ങിയെത്തണമെന്നുമായിരുന്നു ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ സെവാഗിന് നല്‍കിയ മറുപടി.

അസ്‌ട്രേലിയന്‍ ടീമിനെ അഭിനന്ദിച്ച വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യ അനുഭവത്തില്‍ നിന്ന് പാഠം പഠിക്കണമെന്നും അടുത്ത മത്സരത്തില്‍ ശക്തമായി തിരിച്ചെത്തണമെന്നും പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ ടീമിന് ഇത്തരത്തില്‍ ഒരു പരാജയം ഉണ്ടാകുന്നത് ന്യായമല്ലെന്നും റാങ്കിങില്‍ തൊട്ടടുത്ത ടീമുകളോട് മത്സരിക്കുമ്പോള്‍ ഇന്ത്യയുടെ പ്രകടനം മോശമാകുന്നതിനെ കുറിച്ചും സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. അടുത്ത മത്സരം നടക്കുന്ന ബാംഗ്ലൂരിലെ പിച്ച് ഏത് വിധമായിരിക്കുമെന്നാണ് തന്റെ ചിന്തയെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഏത് വിധമായാലും ടീമില്‍ അജിങ്ക്യ രഹാനെയുണ്ടാകുമെന്നും ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര കടുപ്പമായിരിക്കുമെങ്കിലും ജയസാധ്യത ഇന്ത്യക്ക് തന്നെയെന്ന് ദീപ്ദാസ് ഗുപ്ത പറഞ്ഞു, കരുണ്‍ നായര്‍ക്ക് ഇനിയും സമയമുണ്ടെന്നും ദീപ്ദാസ് ട്വീറ്റ് ചെയ്തു.

Next Story