Quantcast

യൂറോ: സ്‌പെയിനിന് യോഗ്യത, അഞ്ച് ഗോൾ ജയവുമായി ഇറ്റലി, പ്രതീക്ഷ നിലനിർത്തി സ്വിസ്സുകാർ

യോഗ്യതാ റൗണ്ടിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത സ്‌പെയിൻ അവസാന നിമിഷം റോഡ്രിഗോ നേടിയ ഗോളിലാണ് സമനില സ്വന്തമാക്കിയത്.

MediaOne Logo

  • Published:

    16 Oct 2019 10:27 AM IST

യൂറോ: സ്‌പെയിനിന് യോഗ്യത, അഞ്ച് ഗോൾ ജയവുമായി ഇറ്റലി, പ്രതീക്ഷ നിലനിർത്തി സ്വിസ്സുകാർ
X

മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിനിന് യൂറോ കപ്പ് യോഗ്യത. കരുത്തരായ സ്വീഡനുമായി അവരുടെ തട്ടകത്തിൽ സമനില പാലിച്ചാണ്, രണ്ട് കളികൾ കൂടി ബാക്കിയിരിക്കെ സ്പാനിഷ് പട വൻകരയുടെ ടൂർണമെന്റിൽ ഇടമുറപ്പിച്ചത്. നേരത്തെ യോഗ്യത സ്വന്തമാക്കിയ ഇറ്റലി ലിച്ചൻസ്റ്റൈനിനെ അഞ്ചു ഗോളിന് തകർത്ത് വിജയക്കുതിപ്പ് തുടർന്നപ്പോൾ അയർലാന്റിനെ കീഴടക്കി സ്വിറ്റ്‌സർലാന്റ് യോഗ്യതാ പ്രതീക്ഷകൾ നിലനിർത്തി.

യോഗ്യതാ റൗണ്ടിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത സ്‌പെയിൻ അവസാന നിമിഷം റോഡ്രിഗോ നേടിയ ഗോളിലാണ് സമനില സ്വന്തമാക്കിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഹെഡ്ഡറിലൂടെ മാർക്കസ് ബർഗ് സ്വീഡനെ മുന്നിലെത്തിച്ചു. സ്‌പെയിൻ ആദ്യമായി പരാജയം രുചിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ 92-ാം മിനുട്ടിൽ ഫാബിയൻ റൂയിസിന്റെ ഷോട്ട് വലയിലേക്ക് തട്ടിയിട്ട് റോഡ്രി സമനില ഉറപ്പാക്കി.

20 പോയിന്റുമായി സ്‌പെയിൻ മുന്നേറിയെങ്കിലും ഗ്രൂപ്പ് എഫിൽ യോഗ്യത നൽകുന്ന രണ്ടാം സ്ഥാനത്തിനായി പോരാട്ടം മുറുകി. സ്വീഡൻ (15), റൊമാനിയ (14), നോർവേ (11) ടീമുകൾക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നിർണായകമാണ്.

റോബർട്ടോ മാൻചിനിക്കു കീഴിൽ മിന്നും ഫോം തുടരുന്ന ഇറ്റലി രണ്ടാംപകുതിയിൽ നാല് ഗോൾ നേടിയാണ് വൻജയം നേടിയത്. രണ്ടാം മിനുട്ടിൽ ബർണാഡെസ്‌കിയിലൂടെ അസൂറികൾ മുന്നിലെത്തിയെങ്കിലും ഇടവേളക്കു മുമ്പ് പിന്നീട് ഗോൾവഴങ്ങാതെ ലിച്ചൻസ്റ്റീൻ പിടിച്ചുനിന്നു. 70-ാം മിനുട്ടിൽ ബെലോട്ടി, 77-ാം മിനുട്ടിൽ റോമനോലി, 82-ാം മിനുട്ടിൽ സ്റ്റീഫൻ എൽ ഷെറാവി, 92-ാം മിനുട്ടിൽ വീണ്ടും ബെലോട്ടി എന്നിവരാണ് പട്ടിക പൂർത്തിയാക്കിയത്.

ഇറ്റലി ഉൾപ്പെടുന്ന ഗ്രൂപ്പ് ജെയിൽ അർമീനിയയെ തോൽപ്പിച്ച് ഫിൻലാന്റ് യോഗ്യതാ സാധ്യത ശക്തമാക്കി. തീമു പുക്കിയുടെ ഇരട്ടഗോൾ സഹിതം മൂന്നു ഗോളിനാണ് ഫിൻലാന്റ് ജയിച്ചുകയറിയത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റെങ്കിലും നേടാനായാൽ അവർക്ക് യൂറോ കളിക്കാൻ കഴിയും.

കടുത്ത പോരാട്ടം നടക്കുന്ന ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായ റിപ്പബ്ലിക് ഓഫ് അയർലാന്റിനെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്വിറ്റ്‌സർലാന്റ് പ്രതീക്ഷകൾക്ക് ജീവൻ പകർന്നത്. 16-ാം മിനുട്ടിൽ അദ്മിർ മെഹ്മദിയുടെ പാസിൽ നിന്നുള്ള ഹാരിസ് സഫറോവിച്ചിന്റെ ഗോളിൽ സ്വിസ് പട മുന്നിലെത്തി. 93-ാം മിനുട്ടിൽ ഷെയ്ൻ ഡഫിയുടെ സെൽഫ് ഗോൾ ഐറിഷുകാരുടെ പരാജയം പൂർത്തിയാക്കി. ഏഴ് മത്സരങ്ങൾ കളിച്ച അയർലാന്റ് ആണ് 12 പോയിന്റുമായി ഗ്രൂപ്പിൽ മുന്നിലുള്ളത്. എന്നാൽ ഒരു മത്സരം കുറവ് കളിച്ച ഡെന്മാർക്കിനും അത്രതന്നെ പോയിന്റുണ്ട്. ആറ് കളിയിൽ നിന്ന് 11 പോയിന്റുമായി സ്വിറ്റ്‌സർലാന്റും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Next Story