Quantcast

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ...

2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

MediaOne Logo

  • Published:

    16 Aug 2020 12:22 PM GMT

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ...
X

അതെ, അതങ്ങ് അവസാനിച്ചു.. 16 വർഷത്തെ കരിയർ ഒരൊറ്റ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മഹേന്ദ്രസിങ് ധോണി അവസാനിപ്പിച്ചിരിക്കുന്നു. ആർഭാടങ്ങളില്ല, ആഘോഷങ്ങളില്ല... ... 2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

മൂന്ന് ഐസിസി ട്രോഫികളും നേടിയ ലോകത്തെ ഏക ക്യാപ്റ്റന്‍. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകനായി കളത്തിലിറങ്ങളിയ വ്യക്തി. ഏറ്റവും കൂടുതല്‍ ഫൈനലുകള്‍ വിജയിച്ച നായകന്‍. 2007 ടി20 ലോകകപ്പ് മുതല്‍ 2017 ല്‍ ടീമിന്‍റെ നായകസ്ഥാനം ഒഴിയുന്നത് വരെ അദ്ദേഹം ടീമിന് വലിയ സംഭാവനകള്‍ നല്‍കി. ധീരമായ പല തീരുമാനങ്ങളും കൈക്കൊണ്ടു. അതെ, പരിശോധിക്കാം, നീലക്കുപ്പായത്തില്‍ ധോണി എന്ന നായകന്‍ നടത്തിയിട്ടുള്ള ഏറ്റവും ധീരമായ, പിന്നീട് വിപ്ലവാത്മകമായി മാറിയ അഞ്ച് തീരുമാനങ്ങള്‍.

1. 2007 ടി20 ലോകകപ്പ് ഫൈനലില്‍ ജൊഗീന്ദര്‍ ശര്‍മ്മയെ അവസാന ഓവര്‍ ഏല്‍പ്പിച്ചത്.

പ്രഥമ ടി20 ലോകകപ്പ് ഫൈനല്‍. ഫൈനലില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും. പാകിസ്താന് ജയിക്കാന്‍ വേണ്ടത് ഒരു ഓവറില്‍ 13 റണ്‍സ്. ക്രീസില്‍ പാകിസ്താന്‍റെ ഇന്‍ഫോം ബാറ്റ്സ്മാന്‍ മിസ്ബാ ഉല്‍ ഹഖ്. നമുക്കറിയാം, വളരെ ചെറിയ എക്സ്പീരിയൻസ് മാത്രമുള്ള ഒരു ചെറിയ ഇന്ത്യന്‍ ടീമാണ് അന്ന് സൌത്ത് ആഫ്രിക്കയിലേക്ക് വണ്ടി കയറിയത്. കൂട്ടത്തില്‍ ഏറ്റവും പരിജയസമ്പന്നനായുള്ള ഹര്‍ബജന് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ധോണി മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മ്മക്ക് പന്ത് കൊടുത്തു. 17ആം ഓവറില്‍ മിസ്ബ ഹര്‍ബജനെ രണ്ട് തവണ സിക്സര്‍ പറത്തിയതിനാലാണ് ധോണി അങ്ങനെയൊരു തീരുമാനമെടുത്തത്. പൊതുവെ മീഡിയം പേസ് ബൌളിങ്ങിനെ തുണക്കുന്ന ജൊഹന്നസ്ബര്‍ഗിലെ പിച്ച് ധോണിയെ ചതിച്ചില്ല. ബാക്ക് ലെഗിലേക്ക് ബൌണ്ടറിക്ക് ശ്രമിച്ച മിസ്ബയുടെ ഷോട്ട് ശ്രീശാന്തിന്‍റെ കൈകളില്‍ ഭദ്രം. ഇന്ത്യ ആദ്യ ടി20 ലോക ചാമ്പ്യന്മാരായി. ധോണി എന്ന നായകന്‍റെ പടയോട്ടം അവിടെ ആരംഭിച്ചു.

2. ദ്രാവിഡ് ഗാംഗുലി എന്ന രണ്ട് ബാറ്റിങ് ഇതിഹാസങ്ങളെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

ഒരുപക്ഷെ ധോണിക്ക് ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സിനെ സമ്മാനിച്ച ഒരു തീരുമാനമായിരിക്കും 2008ല്‍ ആസ്ട്രേലിയില്‍ വെച്ച് നടന്ന ഇന്ത്യ ആസ്ട്രേലിയ ശ്രീലങ്ക ട്രൈ സീരീസില്‍ നിന്നും ദ്രാവിഡിനെയും ഗാംഗുലിയെയും പുറത്ത് നിര്‍ത്തിയത്. സെലക്ടര്‍മാര്‍ അന്ന പുതിയ നായകനായിരുന്ന ധോണിയോട് ആവശ്യപ്പെട്ടതും അവര്‍ക്ക് വേണ്ടിയിരുന്നതും ബാറ്റിങ്ങിനും ബൌളിങ്ങിനുമൊപ്പം ഫീല്‍ഡിങ്ങിലും നമ്പര്‍ വണ്‍ ആയ ഒരു ഇന്ത്യന്‍ സ്ക്വാര്‍ഡിനെയായിരുന്നു. പ്രത്യേകിച്ച് 2007 ലോകകപ്പില്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരിക്കുന്ന സാഹചര്യത്തില്‍. ഇതായിരുന്നു തങ്ങളുടെ ആവശ്യമെന്ന് സെലക്ടര്‍മാരും പിന്നീട് അറിയിച്ചിരുന്നു. ആ തീരുമാനത്തിന്‍റെ ഫലമായിരുന്നു ആസ്ട്രേലിയന്‍ മണ്ണിലെ ആ സീരീസ് വിജയം. പിന്നീട് ലോകത്തെത്തന്നെ ഏറ്റവും മികച്ച ഫീല്‍ഡിങ് സൈഡായി ഇന്ത്യ മാറാനും അത് കാരണമായി.

3. 2011 ലോകകപ്പ് ഫൈനലില്‍ സ്വയം അഞ്ചാം നമ്പറില്‍ ഇറങ്ങണമെന്ന് തീരുമാനമെടുത്തത്.

ധോണിയുടെ കരിയറിലെ സമയോചിതമായ തീരുമാനങ്ങളിലൊന്നായിരുന്നു 2011 ലോകകപ്പില്‍ വിരാട് കോഹ്ലി പുറത്തായപ്പോള്‍ ബാറ്റിങ് ഓഡറില്‍ യുവരാജിന് മുന്നേ അഞ്ചാം നമ്പറില്‍ ഇറങ്ങിയത്. മുംബൈ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ സച്ചിന്‍ സെവാഗ് കോഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ശ്രീലങ്കയുടെ 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മറികടക്കാനാകുമോ എന്നത് ഏവരുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു.

അവിടെ, ധോണി എന്ന നായകന്‍റെ ഏറ്റവും മികച്ച ഇടപെടലുണ്ടായി. പന്തെറിയുന്നത് അപകടകാരിയായ മുത്തയ്യ മുരളീധരനാണ്. ക്രീസില്‍ ലെഫ്റ്റ് ഹാന്‍ററായ ഗംഭീറാണുള്ളത്. അതുകൊണ്ട്, മറ്റൊരു ഇടം കയ്യനായ യുവി ക്രീസിലെത്തിയാല്‍ ലെഗ് സ്പിന്നറായ മുരളിക്ക് കാര്യങ്ങള്‍ എളുപ്പമാകും എന്ന തിരിച്ചറിഞ്ഞ ധോണി യുവരാജിന് മുന്നേ ക്രീസിലെത്തി. ഗംഭീറുമൊത്ത് മികച്ചൊരു കൂട്ടുകെട്ട് പണിത് ഇന്ത്യയെ വിജയത്തിലേക്കടുപ്പിച്ചു. ഒടുക്കം വാങ്കടെ സ്റ്റേഡിയത്തിലെ ആരാധകരുടെ ഇടയിലേക്ക് ഒരു ഹെലിക്കോപ്റ്റര്‍ ഷോട്ട് പറത്തി ക്യാപ്റ്റന്‍ കൂള്‍ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചു. ചരിത്രം അടയാളപ്പെടുത്തിയ കാവ്യാത്മകത.

4. 2012 സിബി സീരീസില്‍ സെവാഗ് - സച്ചിന്‍ - ഗംഭീര്‍ എന്നിവരെ ഓപ്പണര്‍മാരായി മാറ്റി മാറ്റി ഉപയോഗിച്ചത്.

ലോകകപ്പ് വിജയത്തിന് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം തന്‍റെ കരിയറിലെ അവസാന നിമിഷങ്ങളില്‍ നില്‍ക്കുന്ന സമയം. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ പൊതുവെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ അന്ന് 3 ഓപ്പണിങ് ബാറ്റ്സ്മാന്മാരാണ് ഉണ്ടായിരുന്നത്. സെവാഗ് - സച്ചിന്‍ - ഗംഭീര്‍. ആസ്ട്രേലിയക്കെതിരായ സീരീസില്‍ ഇവര്‍ മൂന്നുുപേരെയും ധോണി മാറ്റി മാറ്റി ഓപ്പണിങ്ങില്‍ പരീക്ഷിച്ചു. സീരീസില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ മടങ്ങി. പക്ഷെ അവിടെയാണ് സച്ചിന്‍റെ മടക്കത്തോടെ മികച്ച ഒരു ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ അഭാവം ഇന്ത്യ തിരിച്ചറിയുന്നതും ശിഖര്‍ ധവാന്‍ ടീമിലേക്ക് വീണ്ടുമെത്തുന്നതും.

5. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിതിനെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്.

2013 ചാമ്പ്യന്‍സ് ട്രോഫി ഇന്നത്തെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചെടുത്തോളം വളരെ നിര്‍ണായകമായ ഒരു വര്‍ഷമാണ്. 2007 മുതല്‍ ടീമില്‍ ഉണ്ടായിരുന്നിട്ടും തന്‍റേതായ ഒരു സ്പേസ് ടീമില്‍ സൃഷ്ടിക്കാന്‍ കഴിയാതെ പാടുപെട്ടിരുന്ന ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. നേരത്തെ പറഞ്ഞതുപോലെ സച്ചിന്‍റെ പടിയിറക്കവും സെവാഗിന്‍റെ ഫോം നഷ്ടപ്പെടലും എല്ലാമായപ്പോള്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ച നേരിടുന്ന സമയം. അപ്പോഴാണ് രോഹിത്തിനെ ധോണി ഓപ്പണിങ്ങിലേക്ക് പ്രമോട്ട് ചെയ്യുകയും രോഹിത് ധവാന്‍ ഓപ്പണിങ് പെയര്‍ മായാജാലങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതും. ബാക്കിയെല്ലാം ചരിത്രം മാത്രം.

ധോണി എന്ന നായകന്‍റെ ധീരമായ, വിപ്ലവാത്മകമായ ഇതുപോലുള്ള തീരുമാനങ്ങള്‍ ഒരുപാടുണ്ട്. അതെ, എംഎസ് ധോണി ലോകം കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാള്‍ തന്നെയായിരുന്നു. ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ നായകന് ഒരു വിരമിക്കല്‍ മത്സരമെങ്കിലും കൊടുക്കണമായിരുന്നെന്നും കൊടുക്കാത്തത് നന്നായെന്നും പറയുന്നവര്‍ക്കും ഒരു ഉത്തരം തന്നെയാണ് ഇപ്പൊ കയ്യിലുള്ളത്. അയാള്‍ അങ്ങനെയായിരുന്നു. മഹേന്ദ്ര സിങ് ധോണി, നിങ്ങള്‍ക്ക് പകരക്കാരില്ല. ലോകം ഇതിഹാസങ്ങളുടെ പട്ടികയില്‍ നിങ്ങളെ ഓര്‍ക്കും...

TAGS :

Next Story