Quantcast

49ആം വയസിലും എന്നാ ഒരിതാ! വൈറലായി സച്ചിന്‍റെ ബാറ്റിങ് വീഡിയോ

49-ാം വയസ്സിലും സച്ചിന്‍റെ ഷോട്ടുകളുടെ സൗന്ദര്യം അത്ഭുതപ്പെടുത്തുന്നുവെന്നാണ് ആരാധകരുടെ കമന്‍റ്.

MediaOne Logo

Web Desk

  • Published:

    31 Aug 2022 11:44 AM GMT

49ആം വയസിലും എന്നാ ഒരിതാ! വൈറലായി സച്ചിന്‍റെ ബാറ്റിങ് വീഡിയോ
X

ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന് എത്ര വയസായാലെന്താ... വിരമിച്ചാലെന്താ... ആ ഷോട്ടുകള്‍ക്കും ബാറ്റിങ് സൌന്ദര്യത്തിനും യാതൊരു മാറ്റവുമുണ്ടാകില്ല. ഇന്ത്യയില്‍ ക്രിക്കറ്റിനെ മതമാക്കി മാറ്റിയ, ക്രിക്കറ്റിന് മാത്രമായി ഒരു ദൈവമുണ്ടെന്ന് ആരാധകരെ വിശ്വസിപ്പിച്ച സച്ചിന്‍ എന്ന ക്രിക്കറ്റ് ഇതിഹാസം വീണ്ടും ബാറ്റ് കൈയിലെടുത്തപ്പോള്‍ കണ്ടുനിന്ന ആരാധകരുടെയെല്ലാം ഓര്‍മകര്‍ ഒരുപാട് വര്‍ഷങ്ങള്‍ പിറകിലേക്ക് പോയിട്ടുണ്ടാകും.

സച്ചിന്‍... സച്ചിന്‍ എന്ന ആര്‍പ്പുവിളികള്‍ കൊണ്ടുനിറഞ്ഞ മൈതാനങ്ങളില്‍ ആരാധകരുടെ നടുവില്‍ ബാറ്റുവീശിയ സച്ചിന്‍ ഇന്ന് 49 ആം വയസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും ആ ഷോട്ടുകളുടെ മനോഹാരിതയില്‍ ഒരു തരിമ്പ് പോലും നഷ്ടപ്പെട്ടിട്ടില്ല. ഗ്ലൌ അണിഞ്ഞാല്‍ പിന്നെ സച്ചിന്‍റെ ബാറ്റിങിന് 21കാരന്‍റെ ചെറുപ്പമാണ്.

ക്രിക്കറ്റ് ദൈവം ടെന്നീസ് ബോളില്‍ ബാറ്റ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദേശീയ കായികദിനത്തോടനുബന്ധിച്ച് സച്ചിന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ആരാധകരെ വീണ്ടും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഓഗസ്റ്റ് 29 നായിരുന്നു ദേശീയ കായികദിനം. ''ഇന്ന് ദേശീയ കായിക ദിനമാണ്... എന്‍റെ ജീവിതം തന്നെ സമർപ്പിച്ച ഞാനേറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനമായ ക്രിക്കറ്റ് ഇന്നെനിക്കെങ്ങനെ കളിക്കാതിരിക്കാനാകും''. എന്ന കുറിപ്പോടെയായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ഒപ്പം ഇഷ്ടപ്പെട്ട കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും പങ്കിടാനും സച്ചിന്‍ അഭ്യര്‍ഥിച്ചു.

കവർ ഡ്രൈവുകളും സ്‌ട്രെയിറ്റ് ഡ്രൈവുകളുമുൾപ്പെടെ തന്‍റെ പ്രിയപ്പെട്ട ഷോട്ടുകളിൽ പലതും സച്ചിന്‍ പങ്കുവെച്ച വീഡിയോയില്‍ കളിക്കുന്നുണ്ട്. 49-ാം വയസ്സിലും സച്ചിന്‍റെ ഷോട്ടുകളുടെ സൌന്ദര്യം അത്ഭുതപ്പെടുത്തുന്നുവെന്നാണ് ആരാധകരുടെ കമന്‍റുകള്‍. തിങ്കളാഴ്ച ട്വിറ്ററിൽ ഷെയർ ചെയ്ത പോസ്റ്റ് 5,75,000 ത്തില്‍പ്പരം വ്യൂവ്സും 21000 ത്തില്‍പ്പരം ലൈക്കുകളും നേടി വളരെ വേഗമാണ് വൈറലായത്.

TAGS :

Next Story