Quantcast

'ലോകകപ്പ് യോഗ്യതയില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, പക്ഷെ പേര് മാറും! എഐഎഫ്എഫിന്റെ പുതിയ നീക്കത്തിനെതിരെ വ്യാപക വിമർശനം

ഫുട്ബോളിന്റെ പുരോഗതിക്കായി കൃത്യമായ ഒരു റോഡ് മാപ്പോ അടിസ്ഥാന സൗകര്യ വികസന പദ്ധതികളോ ഇല്ലാത്തതിനെച്ചൊല്ലി വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പേരുമാറ്റം

MediaOne Logo
ലോകകപ്പ് യോഗ്യതയില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, പക്ഷെ പേര് മാറും! എഐഎഫ്എഫിന്റെ പുതിയ നീക്കത്തിനെതിരെ വ്യാപക വിമർശനം
X

എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗബേ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ സമീപകാലത്തെ ഏറ്റവും വലിയ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്നതിനിടെ കൗതുകകരമായ ഒരു തീരുമാനവുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഫെഡറേഷന്റെ പേര് 'ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്' (എഫ്എഫ്ബി) എന്നാക്കി മാറ്റുന്നുവെന്നാണ് ആ തീരുമാനം. ശനിയാഴ്ച ന്യൂഡൽഹിയിൽ ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്

ഫിഫ ലോകകപ്പ് യോഗ്യതയുടെ അരികിൽ പോലും എത്താനാകാതെ ഇന്ത്യൻ ഫുട്ബോൾ ഉലയുന്ന സാഹചര്യത്തിലാണ് അധികൃതർ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. കായികരംഗത്തിന്റെ പുരോഗതിക്കായി കൃത്യമായ ഒരു റോഡ് മാപ്പോ അടിസ്ഥാന സൗകര്യ വികസന പദ്ധതികളോ ഇല്ലാത്തതിനെച്ചൊല്ലി വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ പേരുമാറ്റം. കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നതും, വരാനിരിക്കുന്ന പുതിയ സീസണിന്റെ ഘടനയെയും സമയക്രമത്തെയും ചൊല്ലിയുള്ള തർക്കങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.

ഇത്തരം ഗുരുതരമായ പ്രതിസന്ധികൾക്കിടയിലും പേരുമാറ്റാനുള്ള പ്രമേയവുമായി എഐഎഫ്എഫ് മുന്നോട്ട് പോവുകയായിരുന്നു. അതേസമയം ഈ തീരുമാനം ഉടനടി നടപ്പിലാകില്ലെന്നാണ് റിപ്പോര്‍ട്ട്. കായിക മന്ത്രാലയത്തിന്റെ അനുമതിയാണ് ഇതിനായി ആദ്യം വേണ്ടത്. കായിക മന്ത്രാലയം പച്ചക്കൊടി കാണിച്ചാൽ ഫെഡറേഷൻ ഇത് വീണ്ടും ജനറൽ ബോഡിയുടെ മുന്നിൽ വെക്കുകയും, അതിനുശേഷം ലോക ഫുട്ബോൾ സംഘടനയായ 'ഫിഫ'യുടെ അന്തിമ അംഗീകാരത്തിനായി അയക്കുകയും ചെയ്യും.

ഇതൊരു നീണ്ട പ്രക്രിയയാണെന്നും ഔദ്യോഗികമായി പേര് മാറുന്നതിന് മുൻപ് നിരവധി അനുമതികൾ ആവശ്യമാണെന്നും എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കായിക മന്ത്രാലയം ഈ വിഷയത്തിൽ എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ ഫുട്ബോൾ സമിതിയുടെ പുതിയ പേര്. അതിനിടയിലും പേര് മാറിയത് കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിന് എന്ത് നേട്ടമാണെന്നാണ് കായിക പ്രേമികള്‍ ചോദിക്കുന്നത്. പേര് മാറ്റമാണോ ഇപ്പോഴത്തെ അടിയന്തര പ്രശ്നമെന്നും ചിലര്‍ സമൂഹമാധ്യമങ്ങള്‍ ഉന്നയിക്കുന്നു.

TAGS :

Next Story