Quantcast

ബ്രൂക്ക്, വോക്സ്, ബാസ്ബോള്‍!! ആഷസില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; മൂന്നു വിക്കറ്റ് ജയം

ക്രിസ് വോക്‌സിന്‍റെ ബൌണ്ടറിയിലൂടെ വിജയം പിടിച്ചുവാങ്ങിയ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയെ വിമര്‍ശിച്ചവര്‍ക്കുള്ള മനോഹരമായ മറുപടി കൂടിയാണ് കൊടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-07-09 16:29:07.0

Published:

9 July 2023 4:26 PM GMT

Ashes 2023,3rd Test,Harry Brook,England win, thriller, win,australia
X

ഇംഗ്ലണ്ടിന്‍റെ വിജയം ആഘോഷിക്കുന്ന ക്രിസ് വോക്സും മാര്‍ക് വുഡും

ആഷസിന്‍റെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടിന്‍റെ തിരിച്ചടി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആഷസ് കിരീടത്തിന് തൊട്ടടുത്തെത്തിയ കംഗാരുക്കളെ മൂന്ന് വിക്കറ്റിന് തകര്‍ത്തായിരുന്നു ഇംഗ്ലണ്ടിന്‍റെ ഉശിരന്‍ തിരിച്ചുവരവ്. നാല് ദിവസം കൊണ്ടവസാനിച്ചെങ്കിലും അത്യന്തം ആവേശകരമായിരുന്നു ആഷസിലെ മൂന്നാം ടെസ്റ്റ്.

രണ്ടാം ഇന്നിങ്‌സിൽ 251 റൺസ് എന്ന വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റുകൾ ബാക്കിയിരിക്കെ വെറും 98 റൺസ് മാത്രം ആകലെയായിരുന്നു ലക്ഷ്യത്തില്‍ നിന്ന്. എന്നാല്‍ ലഞ്ച് ബ്രേക്ക് കഴിഞ്ഞയുടൻ തന്നെ സ്റ്റോക്സിനെ (13) പുറത്താക്കി മിച്ചൽ സ്റ്റാർക് ഓസ്‌ട്രേലിയയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അഞ്ച് റൺസെടുത്ത ബെയര്‍സ്റ്റോയെ ക്ലീൻ ബോൾഡ് ചെയ്ത സ്റ്റാർക് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സ്കോര്‍ 171ന് ആറ്.

കളി കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ നിന്ന് ഇംഗ്ലണ്ടിനായിഹാരി ബ്രൂക്-ക്രിസ് വോക്‌സ് സഖ്യം ഒത്തുചേര്‍ന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ഇംഗ്ലണ്ടിന്‍റെ രക്ഷകരായി, 59 റൺസിന്‍റെ ആ പാര്‍ട്ണര്‍ഷിപ്പ് മതിയായിരുന്നു ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍. ഇതിനിടയിൽ ടെസ്റ്റിൽ ഏറ്റവും കുറവ് പന്തുകളില്‍ നിന്ന് 1000 റൺസ് നേടുന്ന താരമായി ഹാരി ബ്രൂക് മാറി. പത്ത് ടെസ്റ്റുകളില്‍ നിന്ന് 90+ സ്ട്രൈക് റേറ്റിലാണ് ഹാരി ബ്രൂക്കിന്‍റെ നേട്ടം.

എന്നാല്‍ സ്റ്റാർകിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച ബ്രൂക്ക് ജയത്തിന് തൊട്ടരികെ വിക്കറ്റ് തുലച്ചു. 93 പന്തിൽ 75 റൺസ് നേടിയാണ് ബ്രൂക് പുറത്തായത്. ബ്രൂക്കിന്‍റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇംഗ്ലണ്ടിന് വിജയം വെറും 21 റൺസ് മാത്രം അകലെയായിരുന്നു. ഇന്നിങ്സിലെ മിച്ചൽ സ്റ്റാർക്കിന്റെ അഞ്ചാം വിക്കറ്റ് കൂടിയായിരുന്നു അത്. പിന്നീട് ക്രീസിലെത്തിയ മാർക് വുഡ് ആദ്യ ഇന്നിങ്‌സിൽ നിര്‍ത്തിയിടത്തുനിന്ന് തന്നെ തുടങ്ങി. ബാസ്ബോള്‍ ശൈലിയുടെ പാഠുസ്തകം തന്നെയായിരുന്നു മാര്‍ക് വുഡ്. ആദ്യ ഇന്നിങ്സില്‍ എട്ട് പന്തില്‍ 4 റണ്‍സെടുത്ത മാര്‍ക് വുഡ് രണ്ടാം ഇന്നിങ്സിലും വെടിക്കെട്ടിന് തിരികൊളുത്തി. എട്ട് പന്തില്‍ 16 റണ്‍സോടെ മാര്‍ക് വുഡും 47 പന്തില്‍ 32 റണ്‍സുമായി ക്രിസ് വോക്സും ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. ക്രിസ് വോക്‌സിന്‍റെ ബൌണ്ടറിയിലൂടെ വിജയം പിടിച്ചുവാങ്ങിയ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയെ വിമര്‍ശിച്ചവര്‍ക്കുള്ള മനോഹരമായ മറുപടി കൂടിയാണ് കൊടുത്തത്. 50 ഓവറില്‍ 5.08 റണ്‍റേറ്റിലാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്. ജയത്തോടെ പരമ്പര 2-1 എന്ന നിലയിലായി.

TAGS :

Next Story