Quantcast

കളിക്കിടെ കോച്ചിന്‍റെ വക സിഗ്നല്‍! പുലിവാല്‍ പിടിച്ച് ശ്രീലങ്ക

നേരത്തെ ക്രിസ് സില്‍വര്‍വുഡ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായ സമയത്തും ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    2 Sep 2022 11:17 AM GMT

കളിക്കിടെ കോച്ചിന്‍റെ വക സിഗ്നല്‍! പുലിവാല്‍ പിടിച്ച് ശ്രീലങ്ക
X

ഏഷ്യാ കപ്പിലെ ത്രില്ലര്‍ മാച്ചില്‍ ബംഗ്ലാദേശിനെ കീഴടക്കി സൂപ്പര്‍ ഫോറിലെത്തിയ ശ്രീലങ്ക ജയം ആഘോഷിക്കുന്നതിനിടയിലും പുലിവാല്‍ പിടിച്ച സ്ഥിതിയിലാണ്. മത്സരത്തിനിടെ ഡഗ്ഔട്ടില്‍ നിന്ന് ശ്രീലങ്കന്‍ കോച്ചും ടീം അനലിസ്റ്റും ചേര്‍ന്ന് ടീമിന് കോഡ് ഭാഷയില്‍ ആശയം കൈമാറിയെന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റും രണ്ട് പന്തും ബാക്കിനില്‍ക്കെയാണ് ശ്രീലങ്ക കളി ജയിക്കുന്നത്.

ബംഗ്ലാദേശിന്‍റെ ബാറ്റിങിനിടെയാണ് വിവാദ സംഭവമുണ്ടാകുന്നത്. ബംഗ്ലാദേശ് സ്കോര്‍ 5.4 ഓവറില്‍ 53 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് ഡ്രസ്സിങ് റൂമില്‍ നിന്ന് കോഡ് ഭാഷയില്‍ ഗ്രൗണ്ടിലെ താരങ്ങളുമായി സംസാരിച്ചത്.

മെഹ്ദി ഹസന്‍ 36 റണ്‍സുമായും ഷാക്കിബ് അല്‍ ഹസന്‍ നാല് റണ്‍സുമായും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു കോച്ച് ഫീല്‍ഡ് ചെയ്യുന്ന ലങ്കന്‍ ടീമിന് ആശയം കൈമാറിയത്. D5 എന്ന കോഡാണ് ഡഗൌട്ടില്‍ നിന്ന് എഴുതിക്കാണിച്ചത്. രണ്ട് തവണ ഇതുപോലെ ശ്രീലങ്കന്‍ കോച്ച് ആശയം കൈമാറി. 2D എന്നായിരുന്നു അടുത്ത കോഡ്.





കോച്ചിന്‍റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെ വിശദീകരണവുമായി പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് തന്നെ രംഗത്തെത്തി. ''ഇത് വലിയ റോക്കറ്റ് സയന്‍സൊന്നുമല്ല. എതിര്‍ടീമിലെ മികച്ച ബാറ്റര്‍ സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ കളി അനുകൂലമാക്കാം എന്നതിന് ക്യാപ്റ്റന് നിര്‍ദേശം നല്‍കുകയാണ് ചെയ്തത്. ഒരുപാട് ടീമുകള്‍ ഇപ്പോള്‍ ഈ രീതി അവലംബിക്കുന്നുണ്ട്. ക്യാപ്റ്റന് ഉപയോഗിക്കാന്‍ സാധിക്കുന്ന നിര്‍ദേശങ്ങളാണ് നല്‍കുന്നത്''. കോച്ച് പറയുന്നു.

ഫീല്‍ഡിനിടെ തന്ത്രം പരിശീലകന് പറഞ്ഞുകൊടുക്കാനാണെങ്കില്‍ പിന്നെന്തിനാണ് ടീം ക്യാപ്റ്റനെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന് നിര്‍ദേശം മാത്രമാണ് നല്‍കുന്നതെന്നും വേണമെങ്കില്‍ അത് സ്വീകരിക്കാനും അത് നിരാകരിക്കാനും ക്യാപ്റ്റന് തീരുമാനമെടുക്കാമെന്നും ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.

നേരത്തെ ക്രിസ് സില്‍വര്‍വുഡ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായ സമയത്തും ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലായിരുന്നു ആ സംഭവം. അന്ന് വിവാദമുണ്ടായ സമയത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ അടക്കമുള്ളവര്‍ തങ്ങളുടെ പരിശീലകനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു.


TAGS :

Next Story