Quantcast

വിരമിക്കൽ വാർത്ത നിഷേധിച്ച് ബോക്‌സിങ് താരം മേരി കോം; വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു

തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം വിശദീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-01-25 06:12:48.0

Published:

25 Jan 2024 6:10 AM GMT

വിരമിക്കൽ വാർത്ത നിഷേധിച്ച് ബോക്‌സിങ് താരം മേരി കോം; വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു
X

ഇംഫാൽ: ഇന്ത്യയുടെ ഇതിഹാസ ബോക്‌സിങ് താരം മേരി കോം വിരമിച്ചെന്ന വാർത്തകളിൽ ട്വിസ്റ്റ്. വിരമിക്കൽ വാർത്ത നിഷേധിച്ച് മേരി കോം രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം വിശദീകരിച്ചു.ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഇതോടെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് ബോക്‌സിങ് റിങിൽ തുടരുമെന്ന് മേരി കോം വ്യക്തമാക്കിയത്. വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും കൂട്ടിചേർത്തു.

'തനിക്ക് ഇപ്പോഴും ബോക്‌സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമില്ല. താൻ ജീവിതത്തിൽ എല്ലാം നേടികഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു അസമിലെ ദിബ്രുഗഢ് സ്‌കൂളിൽ വിദ്യാർത്ഥികളുമായി സംസാരിക്കവെ താരം പ്രതികരിച്ചത്. ഇതേ തുടർന്നാണ് വിരമിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

2012 ലണ്ടൻ ഒളിംപിക്‌സിൽ ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവായ 41 വയസുകാരി ആറുതവണ ലോക ബോക്‌സിങ് ചാമ്പ്യനായിട്ടുണ്ട്. രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2016-2022 കാലയളവിൽ രാജ്യസഭാംഗമായിരുന്നു. ആറ് തവണ ലോക അമേച്വർ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് നേടിയ ഏക വനിത, ആദ്യത്തെ ഏഴ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഓരോന്നിലും മെഡൽ നേടിയ ഏക വനിത ബോക്‌സർ എന്നിങ്ങനെ നിരവധി റെക്കോർഡുകൾ മേരിക്ക് സ്വന്തമാണ്.

TAGS :

Next Story