Quantcast

പുതിയ കുപ്പായത്തിൽ റൊണോയുടെ ആദ്യ പോരാട്ടം മെസ്സിക്കെതിരെ; അൽ നസ്ർ- പി.എസ്.ജി പോര് ഈ മാസം തന്നെ

പി‌.എസ്‌.ജിയുടെ ഖത്തർ സന്ദർശനത്തിന്റെ ഇടവേളയിലാണ് സൗദി സന്ദർശനവും റിയാദിൽ അൽ നസ്റും അൽ ഹിലാലുമായുള്ള പോരാട്ടവും.

MediaOne Logo

Web Desk

  • Updated:

    2023-01-10 15:24:40.0

Published:

10 Jan 2023 3:18 PM GMT

പുതിയ കുപ്പായത്തിൽ റൊണോയുടെ ആദ്യ പോരാട്ടം മെസ്സിക്കെതിരെ; അൽ നസ്ർ- പി.എസ്.ജി പോര് ഈ മാസം തന്നെ
X

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബായ അൽ നസ്‌റിലേക്ക് ചേക്കേറിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം മറ്റൊരു സൂപ്പർ താരമായ മെസ്സിയുടെ പി.എസ്.ജിക്കെതിരെ. മത്സരത്തിൽ മെസ്സി ഇറങ്ങിയാൽ ആരാധകർ കാത്തിരുന്ന രണ്ട് സൂപ്പർ താരങ്ങളുടെ പുതിയ പോരാട്ടത്തിന് കേവലം എട്ടു ദിവസം കൂടി കാത്തിരുന്നാൽ മതിയെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 19നാണ് അൽ നസറും മെസ്സിയുടെ പി.എസ്.ജിയുമായുള്ള മത്സരം അരങ്ങേറുന്നത്.

പാരീസ് സെന്റ് ജെർമെയ്‌ൻ (പി.എസ്.ജി) തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ നസ്റിന്റേയും നിലവിലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളായ അൽ ഹിലാലിന്റെയും കളിക്കാരുടെ സംയുക്ത ടീമിനെതിരെ ജനുവരി 19ന് റിയാദിൽ സൗഹൃദ മത്സരം കളിക്കുമെന്ന് പി.എസ്.ജി തിങ്കളാഴ്ച അറിയിച്ചതായി റിപ്പോർട്ട് പറയുന്നു.

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പി‌.എസ്‌.ജിയുടെ ഖത്തർ സന്ദർശനത്തിന്റെ ഇടവേളയിലാണ് സൗദി അറേബ്യ സന്ദർശനവും റിയാദിൽ അൽ നസ്റും അൽ ഹിലാലുമായുള്ള പോരാട്ടവും. ജനുവരി 17നാണ് മെസ്സിയും നെയ്മറും എംബാപ്പെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളുമായി പി.എസ്.ജി ഖത്തറിലേക്ക് തിരിക്കുന്നത്. 18നും 19നും ടീം ഖത്തറിലുണ്ടാകും. ഇതിനിടയിലാണ് 19ന് റിയാദില്‍ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ഓള്‍ സ്റ്റാര്‍ ഇലവനുമായി പി.എസ്.ജി കളിക്കുക. എന്നാൽ മെസ്സി, എംബാപ്പെയും 19ലെ മത്സരത്തിൽ പി.എസ്.ജിക്കായി കളിക്കുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കെതിരെ ആയേക്കുമെന്ന് അൽ നസ്റിന്റെ പരിശീലകൻ റൂഡി ഗാർഷ്യയും പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്– എവർട്ടൻ മത്സരത്തിനു ശേഷം ആരാധകന്റെ ഫോൺ തട്ടിമാറ്റിയ സംഭവത്തിൽ ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ ക്രിസ്റ്റ്യാനോയെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ, 19ന് പി.എസ്.ജിക്കെതിരായ സൗഹൃദ മത്സരത്തിൽ അൽ നസ്ർ–അൽ ഹിലാൽ സംയുക്ത ടീമിൽ കളിക്കുന്നതിനു വിലക്ക് ബാധകമല്ല.

മുമ്പ് ഒമ്പതു വർഷം ഇരുവരും സ്പാനിഷ് ക്ലബ്ബുകളിൽ ഏറ്റുമുട്ടിയിരുന്നു. മെസ്സി ബാഴ്സലോണ കുപ്പായത്തിലും റൊണാൾഡോ റയൽ മാഡ്രിഡ് കുപ്പായത്തിലുമായിരുന്നു കൊമ്പുകോർത്തത്. കാൽപ്പന്തു കളിയുടെ ചരിത്രത്തിൽ ഇതുവരെ മെസ്സി ഏഴ് തവണ ബാലൻഡിയോർ നേടിയപ്പോൾ റൊണാൾ‍ഡോ അഞ്ച് തവണയാണ് ഈ പുരസ്കാരം കരസ്ഥമാക്കിയത്.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. റയലിനായി 438 മത്സരങ്ങളിൽ നിന്ന് 451 ഗോളുകൾ നേടിയിട്ടുണ്ട്. 2009 മുതൽ 2018 വരെയുള്ള കാലയളവിലാണ് താരം സ്പാനിഷ് വമ്പന്മാർക്കായി ബൂട്ടുകെട്ടിയത്. ക്ലബ്ബിനു വേണ്ടി നാല് യൂറോപ്യൻ കപ്പ്, മൂന്ന് ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, രണ്ട് ലാ ലീഗ കിരീടം, രണ്ട് കോപ്പ ഡെൽ റേ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

അൽ നസ്‌റിൽ ചേരുന്നതിന് മുമ്പ് റൊണാൾഡോ റയൽ മാഡ്രിഡിൽനിന്ന് വിളി പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. 40 ദിവസം കാത്തിരുന്നിട്ടും വിളി വരാത്തതിനെ തുടർന്നാണ് താരം സൗദി ക്ലബ്ബിന്റെ മോഹിപ്പിക്കുന്ന ഓഫർ സ്വീകരിച്ചതെന്ന് സ്പാനിഷ് കായിക മാധ്യമമായ മാഴ്‌സ റിപ്പോർട്ട് ചെയ്തിരുന്നു.

ജനുവരി 22നാണ് അൽ നസ്‌റിനായി 37കാരൻ ആദ്യമായി ബൂട്ടണിയുക എന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ പി.എസ്.ജി തങ്ങളുടെ സൗഹൃദ മത്സര വിവരം പുറത്തുവിട്ടതോടെയാണ് 19ന് തന്നെ ആരാധകർ കാത്തിരുന്ന അരങ്ങേറ്റത്തിന് റിയാദ് വേദിയാവുന്ന കാര്യം വ്യക്തമായത്.

ജനുവരി മൂന്നിന് രാത്രിയാണ് ക്രിസ്റ്റ്യാനോയെ അൽ നസ്ർ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ റിയാദ് മർസൂൽ പാർക്കിൽ കാൽ ലക്ഷത്തോളം ആരാധകരാണ് പ്രിയതാരത്തെ വരവേൽക്കാനായി എത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റിയാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്റിലെത്തിയത്. പ്രതിവർഷം 200 മില്യൺ (ഏകദേശം 1950 കോടി) യു.എസ് ഡോളറാണ് താരത്തിന്റെ പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ.

പുതിയ ക്ലബിനായി പരിശീലനം നടത്തുന്ന ചിത്രങ്ങൾ താരം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ പ്രോ ലീഗിൽ 'അൽ തായ്' ക്ലബിനെതിരെ അല്‍ നസ്‍ര്‍ വിജയിച്ചിരുന്നു. ടീം വിജയം നേടിയതിന് പിന്നാലെ താരങ്ങള്‍ക്ക് പരിശീലകന്‍ ഒരു ദിവസത്തെ വിശ്രമം അനുവദിച്ചിരുന്നു.

എന്നാല്‍ ബാക്കി താരങ്ങളെല്ലാം വിശ്രമത്തിലായിരിക്കുമ്പോഴും റൊണാൾഡോ തന്‍റെ പരിശീലനം മുടക്കാന്‍ തയ്യാറായില്ല. 'ഒരോ വര്‍ക്കൌട്ടും അടയാളപ്പെടുത്തേണ്ടതാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു താരം പരിശീലന സെഷനിലെ ചിത്രങ്ങള്‍ പങ്കുവച്ചത്.

ക്രിസ്റ്റ്യാനോയുടെ വരവിന് പിന്നാലെ സോഷ്യൽമീഡിയയിൽ അൽ നസ്റിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നിരുന്നു. 2022 ഡിസംബർ 22ന് 8.22 ലക്ഷം ഫോളോവേഴ്‌സാണ് അൽ നസ്‌റിന് ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നത്. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം ടീമിലെത്തിയ വിവരം പുറത്തുവന്നു തുടങ്ങിയ 30ാം തിയതി ഇത് 2.4 മില്യണായി മാറി.

31ന് 5.3 മില്യണും 2023 ജനുവരി ഒന്നിന് 5.3 മില്യണുമായി. രണ്ടാം തിയ്യതി 7.0 മില്യണും മൂന്നാം തിയ്യതി 8.5 മില്യണിലെത്തി. നാലാം തിയതിയോടെ ഒമ്പത് മില്യണായി ഫോളോവേഴ്‌സ്. ജനുവരി 10ന് അത് 11.2 മില്യണിലേക്ക് കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story