Quantcast

അത്യുന്നതങ്ങളിൽ കോഹ്ലി; മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍

ഈ ലോകകപ്പില്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 765 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം

MediaOne Logo

Web Desk

  • Published:

    19 Nov 2023 12:44 PM GMT

അത്യുന്നതങ്ങളിൽ കോഹ്ലി; മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍
X

അഹ്മദാബാദ്: ലോകകപ്പ് കലാശപ്പോരില്‍ വന്‍പേരുകാരായ പലര്‍ക്കും അടിപതറിയപ്പോള്‍ വിരാട് കോഹ്‍ലി ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി അവതരിച്ചു. ഒരു ഘട്ടത്തില്‍ വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമായിരുന്ന ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചതില്‍ കോഹ്‍ലിക്ക് വലിയ പങ്കുണ്ട്. 63 പന്തില്‍ 54 റണ്‍സാണ് കോഹ്‍ലി അടിച്ചെടുത്തത്.

ഈ ലോകകപ്പില്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 765 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന കോ‍ഹ്ലിയുടെ വലിയ റെക്കോര്‍ഡ് മറികടക്കാന്‍ ഈ ലോകകപ്പില്‍ ഇനിയാര്‍ക്കുമാവില്ല. 96 .62 ആണ് കോഹ്‍ലിയുടെ ബാറ്റിങ് ശരാശരി.

രണ്ട് ലോകകപ്പുകളില്‍ അഞ്ച് തവണ തുടര്‍ച്ചയായി 50 ലധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‍ലി ഈ മത്സരത്തോടെ സ്വന്തമാക്കി. ഒപ്പം ഒരു ലോകകപ്പില്‍ സെമി ഫൈനലിലും ഫൈനലിലും 50 ലധികം റണ്‍സ് നേടുന്ന ഏഴാമത്തെ താരമാവാനും കോഹ്‍ലിക്കായി.

കലാശപ്പോരിന് മുമ്പ് കോഹ്ലിക്ക് ഒരു സർപ്രൈസ് സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എത്തി. 2012 ൽ തന്റെ അവസാന ഏകദിനത്തിൽ പാകിസ്താനെതിരെ സച്ചിൻ അണിഞ്ഞ ജേഴ്‌സിയാണ് കോഹ്ലിക്ക് സച്ചിന്‍ സമ്മാനിച്ചത്. കഴിഞ്ഞയാഴ്ച ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ കുറിച്ച് കോഹ്ലി സച്ചിന്റെ റെക്കോർഡ് മറികടന്നിരുന്നു. അന്ന് സച്ചിന്‍ കോഹ്ലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

'ആദ്യമായി ഡ്രെസ്സിംഗ് മുറിയിൽ വെച്ച് നീ എന്റെ കാലിൽ തൊട്ടുവന്ദിച്ചു. എന്നാൽ സഹതാരങ്ങൾ നിന്നെ പരിഹസിച്ചു. അന്ന് എനിക്കും ചിരി നിർത്താനായില്ല. പക്ഷേ, പ്രതിഭ കൊണ്ടും പ്രയത്‌നം കൊണ്ടും പിന്നീട് എന്റെ ഹൃദയം തൊട്ടു. അന്നത്തെ ആ കൊച്ചു പയ്യൻ വിരാട് താരമായതിൽ ഏറെ സന്തോഷം. എന്റെ റെക്കോഡ് ഒരു ഇന്ത്യക്കാരൻ തകർത്തതിൽ സന്തോഷിക്കാതിരിക്കാനാകുന്നില്ല. അതും ലോകകപ്പ് സെമിഫൈനലിൽ, ഏന്റെ സ്വന്തം തട്ടകമായ ഗ്രൗണ്ടിലായത് അതിലേറെ സന്തോഷകരം'- കോഹ്ലി തന്‍റെ റെക്കോര്‍ഡ് മറികടന്ന ശേഷം സച്ചിന്‍ എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്.


TAGS :

Next Story