Quantcast

ഏകദിനം മതിയാക്കി ആരോൺ ഫിഞ്ച്; വിരമിക്കൽ പ്രഖ്യാപിച്ചു

ഓപ്പണിങ്ങിൽ ഡേവിഡ് വാർണറുമൊത്തുള്ള കൂട്ടുകെട്ട് ക്ലിക്കായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-09-10 03:15:50.0

Published:

10 Sep 2022 3:13 AM GMT

ഏകദിനം മതിയാക്കി ആരോൺ ഫിഞ്ച്; വിരമിക്കൽ പ്രഖ്യാപിച്ചു
X

മെൽബൺ: ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആസ്‌ട്രേലിയയുടെ ടി20 നായകൻ ആരോൺ ഫിഞ്ച്. ന്യൂസിലാൻഡിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അവസാന മത്സരത്തോടെ ഏകദിനത്തിൽ നിന്ന് വിടപറയുമെന്ന് ഫിഞ്ച് വ്യക്തമാക്കി. അതേസമയം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിൽ ടീമിനെ നയിക്കും. ലോകകപ്പിന് ശേഷം ഫിഞ്ച് ടി20യും മതിയാക്കും.

നല്ല ഓർമകളുള്ള അതിശയകരമായ യാത്രയാണ് അവസാനിപ്പിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞു. കഴിവുള്ള ഒരുപറ്റം പ്രതിഭകളോടൊപ്പം കളിക്കാനായത് ഭാഗ്യമാണെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു. ഈ വർഷം മോശം ഫോമിലൂടെയാണ് ഫിഞ്ച് കടന്നുപോകുന്നത്. നേടിയത് വെറും169 റൺസ് മാത്രം. അതിൽ 12 ഇന്നിങ്‌സുകളിൽ അക്കൗണ്ട് പോലും തുറക്കാനായില്ല. അവസാന ഏഴ് ഇന്നിങ്‌സുകളിൽ താരം നേടിയത് 26 റൺസും. 2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് താരം കണ്ണ്പായിച്ചിരുന്നു. അതോടെ ഏകദിനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി.

എന്നാൽ മോശം ഫോമാണ് താരത്തെ നേരത്തെ നിർബന്ധിക്കാൻ പ്രേരിപ്പിച്ചത്. ആസ്‌ട്രേലിയക്കായി ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയാണ് താരം പടിയിറങ്ങുന്നത്. 145 ഏകദിനങ്ങളിൽ നിന്നായി 5400 റൺസാണ് താരം നേടിയത്. 17 സെഞ്ച്വറികളും ബാറ്റിൽ നിന്ന് പിറന്നു. ആസ്‌ട്രേലിയക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ നാലാം സ്ഥാനം ഫിഞ്ചിനാണ്. റിക്കി പോണ്ടിങ്, ഡേവിഡ് വാർണർ, മാർക്ക് വോ എന്നിവരാണ് സെഞ്ച്വറി എണ്ണത്തിൽ ഫിഞ്ചിന് മുന്നിലുള്ളലവർ. 2013ൽ ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അരങ്ങേറുന്നത്. പാകിസ്താനെതിരെ നേടിയ 153 റൺസാണ് താരത്തിന്റെ ഉയർന്ന സ്‌കോർ. 2019ൽ നാല് സെഞ്ച്വറികൾ ഉൾപ്പെടെ 1141 റൺസ് നേടിയിരുന്നു. ആ വർഷമായിരുന്നു ഫിഞ്ചിന്റെ കരിയറിലെ മികച്ച സമയം.

ഓപ്പണിങ്ങിൽ ഡേവിഡ് വാർണറുമൊത്തുള്ള കൂട്ടുകെട്ട് ക്ലിക്കായിരുന്നു. ഏത് ബൗളർമാരുടെയും പേടി സ്വപ്‌നമായിരുന്ന ആദംഗിൽക്രിസ്റ്റ്- മാത്യു ഹെയ്ഡൻ സഖ്യത്തിന് ശേഷം ആസ്‌ട്രേലിയക്ക് ലഭിച്ചൊരു കൂട്ടുകെട്ടിന് കൂടിയാണ് അന്ത്യമാകുന്നത്. ഏകദിന ഫോർമാറ്റിന്റെ മികച്ച വക്താവ് എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി നിക്ക് ഹോക്ക്‌ലി ഫിഞ്ചിനെ വിശേഷിപ്പിച്ചത്.

TAGS :

Next Story