Quantcast

ഇതെന്തൊരു മത്സരം, ടി20യിൽ പിറന്നത് 427 റൺസ്, 64 നോബോളുകൾ, റെക്കോർഡ് വിജയവുമായി അർജന്റീന

ചിലിക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 എന്ന പടുകൂറ്റന്‍ സ്കോറാണ് അര്‍ജന്റീന പടുത്തുയര്‍ത്തിയത്.

MediaOne Logo

Web Desk

  • Published:

    16 Oct 2023 8:47 AM GMT

ഇതെന്തൊരു മത്സരം,  ടി20യിൽ പിറന്നത് 427 റൺസ്, 64 നോബോളുകൾ, റെക്കോർഡ് വിജയവുമായി അർജന്റീന
X

ബ്യൂണസ്ഐറിസ്: വനിതാ ടി20 ക്രിക്കറ്റില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി അര്‍ജന്റീയുടെ വനിതാ ടീം. ചിലിക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 എന്ന പടുകൂറ്റന്‍ സ്കോറാണ് അര്‍ജന്റീന പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങിലാകട്ടെ ചിലിക്ക് നേടാനായത് 63 റണ്‍സും. അര്‍ജന്റീനയുടെ വിജയം 364 റണ്‍സിന്റേതും. ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് ഇതോടെ അര്‍ജന്റീനയുടെ പേരിലായി. 2022ല്‍ സൗദി അറേബ്യക്കെതിരെ ബഹ്‌റൈന്റെ വനിതാ ടീം നേടിയ 318 റണ്‍സിന്റെ റെക്കോഡാണ് അര്‍ജന്റീന മറികടന്നത്.

64 നോ ബോളുകളാണ് ചിലിയുടെ ബൗളര്‍മാര്‍ എറിഞ്ഞത്. ഇതടക്കം 73 എക്‌സ്ട്രാ റണ്‍സുകളാണ് അര്‍ജന്റീനക്ക് ലഭിച്ചത്. ഫ്‌ളോറെന്‍സിയ മാര്‍ട്ടിനെസ് എന്ന ബൗളര്‍ ഒരു ഓവറില്‍ വിട്ടുകൊടുത്തത് 52 റണ്‍സ്! ഇതും റെക്കോര്‍ഡ്. ഇതില്‍ 17 നോ ബോളുകളും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റന്‍സ ഒയാര്‍സെ നാല് ഓവറില്‍ 92 റണ്‍സ് വഴങ്ങിയപ്പോള്‍ മൂന്ന് ഓവറില്‍ 83 റണ്‍സാണ് എമിലിയ ടോറോ വിട്ടുകൊടുത്തത്.

അര്‍ജന്റീനയ്ക്കായി ബാറ്റിങ്ങിനിറങ്ങിയ ഓപ്പണര്‍മാര്‍ 16.5 ഓവറില്‍ 350 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ലൂസിയ ടെയ്‌ലര്‍ 84 പന്തില്‍ 27 ഫോറോടെ 169 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 84 പന്തില്‍ 23 ഫോര്‍ സഹിതം 145 റണ്‍സുമായി ആല്‍ബര്‍ട്ടിന ഗലന്‍ പുറത്താകാതെ നിന്നു. മരിയ കാസ്റ്റിനെറിയാസ് 16 പന്തില്‍ 40 റണ്‍സ് നേടി.

Summary-Women’s Cricket: Argentina smashes multiple records, hammering Chile for 427/1 in 20 overs

TAGS :

Next Story