Quantcast

ഏഷ്യാകപ്പ്: ഇന്ത്യൻ ടീമിലുള്ളത് അഞ്ച് മുംബൈ ഇന്ത്യൻസ് താരങ്ങൾ

ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന മൂന്നു താരങ്ങളും ടീമിൽ ഇടം നേടി

MediaOne Logo

Sports Desk

  • Updated:

    2023-08-21 15:24:53.0

Published:

21 Aug 2023 3:21 PM GMT

Asia Cup: Five Mumbai Indians players in the Indian team
X

ഇന്ത്യ 2023 ഏഷ്യാകപ്പിനുള്ള തങ്ങളുടെ 18 അംഗ സംഘത്തെ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘത്തിൽ ഏറ്റവും കൂടുതൽ പേരുള്ളത് ദേശീയ ടീമിന്റെ നായകൻ രോഹിത് ശർമയുടെ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിൽ നിന്നാണ്. അഞ്ച് താരങ്ങളാണ് ടീമിലുള്ള മുംബൈ താരങ്ങൾ. ഉപനായകൻ ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന മൂന്നു താരങ്ങളും ടീമിൽ ഇടം നേടി.

രോഹിത് ശർമ, ഇഷൻ കിഷൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ ടീമിൽ കളിക്കുന്ന എംഐ താരങ്ങൾ. ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ശുഭ്മൻ ഗിൽ എന്നിവരാണ് ജി.ടിയുടെ കളിക്കാർ.

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ നിന്ന് രണ്ട്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് രണ്ട്, ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ഒന്ന്, ലഖ്‌നൗ സൂപ്പർ ജയൻറ്‌സിൽ നിന്ന് ഒന്ന്, രാജസ്ഥാൻ റോയൽസിൽനിന്ന് ഒന്ന് (നായകൻ സഞ്ജു സാംസൺ റിസർവ് താരം) എന്നിങ്ങനെയാണ് വിവിധ ഐപിഎൽ ടീമുകളിൽ നിന്ന് ദേശീയ ടീമിലെത്തിയ താരങ്ങളുടെ എണ്ണം. സൺറൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബ് കിംഗ്‌സിനുമായി കളിക്കുന്ന ഒരു ഇന്ത്യൻ താരവും ദേശീയ ടീമിൽ ഇടംനേടിയിട്ടില്ല.

ഇന്ത്യയുടെ ഏഷ്യാകപ്പ് സംഘം

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് ഉച്ചയോടെയാണ് പ്രഖ്യാപിച്ചത്. കെ.എൽ രാഹുലും ശ്രേയസ് അയ്യരും പ്രസിദ്ധ് കൃഷ്ണയും ടീമിൽ തിരിച്ചെത്തിയപ്പോൾ റിസർവിലാണ് മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനം. കഴിഞ്ഞ മാസം വെസ്റ്റിൻഡീസ് പര്യടനത്തിലൂടെ ദേശീയകുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച തിലക് വർമയും ടീമിൽ ഇടംകണ്ടെത്തിയിട്ടുണ്ട്.

18 അംഗ സംഘത്തെയാണ് ബി.സി.സി.ഐ സെലക്ഷൻ സമിതി തലവൻ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഏറെനാളായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബ് ക്യാംപിലായിരുന്നു. ഇതിൽ അയ്യർ പൂർണ ഫിറ്റ്നെസ് തിരിച്ചെടുത്തിട്ടുണ്ടെന്ന് അഗാർക്കർ അറിയിച്ചു.

ഏറെനാളായി ടീമിനു പുറത്തുള്ള മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. ഷർദുൽ താക്കൂർ ഓൾറൗണ്ടറായും ടീമിൽ ഇടംപിടിച്ചു. വിശ്രമം നൽകിയ മുഹമ്മദ് സിറാജും ടീമിലുണ്ട്. കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓൾറൗണ്ടിങ് സ്പിന്നർമാരായി ടീമിലുണ്ട്. ഏറെക്കുറെ ഇതേ ടീമിൽനിന്നു തന്നെയാകും ലോകകപ്പ് സംഘത്തെയും തിരഞ്ഞെടുക്കുകയെന്നും ചീഫ് സെലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ. റിസർവ്: സഞ്ജു സാംസൺ.

Asia Cup: Five Mumbai Indians players in the Indian team

TAGS :

Next Story