38ാം വയസ്സിൽ അരങ്ങേറ്റം; പിന്നാലെ ആറ് വിക്കറ്റ്; അപൂർവ റെക്കോർഡുമായി പാക് ബൗളർ

റാവൽ പിണ്ടി: ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ റെക്കോർഡുമായി പാക് സ്പിന്നർ ആസിഫ് അഫ്രീദി. 148 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 38 വയസ്സിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുകയും അതിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്യുന്നത് ഇതാദ്യമായാണ്.
ദക്ഷിണാഫ്രിക്കക്കെതിരെ റാവൽപിണ്ടിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് ആസിഫ് അരങ്ങേറിയത്. ട്രിസ്റ്റൺ സ്റ്റബ്സ്, ടോണി ഡെ സോർസി, ഡെവാൾഡ് ബ്രേവിസ്, കൈൽ വെരെയ്നെ, ഹാർമർ, കഗിസോ റബാദ എന്നിവരുടെ വിക്കറ്റുകളാണ് ആസിഫ് എറിഞ്ഞിട്ടത്.
ഇംഗ്ലണ്ടിന്റെ ചാൾസ് മാരിയറ്റിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് പാക് ബൗളർ തിരുത്തിയെഴുതിയത്.1933ൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റത്തിൽ 5 വിക്കറ്റ് നേടുമ്പോൾ ചാൾസിന് 37 വയസ്സും 334 ദിവസവുമായിരുന്നു പ്രായം.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് ആസിഫ് അഫ്രീദിയെ ടെസ്റ്റ് ടീമിലേക്ക് വിളിച്ചത്. റാവൽ പിണ്ടി ടെസ്റ്റിൽ പാകിസ്താൻ ഒന്നാമിന്നിങ്സിൽ കുറിച്ച 333 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 404 റൺസെടുത്തു. 235ന് എട്ട് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക സെനുരാൻ മുത്തുസ്വാമി (89) കേശവ് മഹാരാജ് (30), കഗിസോ റബാദ (71) എന്നിവരുടെ മിടുക്കിലാണ് ലീഡുയർത്തിയത്.
Adjust Story Font
16

