ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഒാസീസിന് ഷോക്ക്; നാണം കെടുത്തി ശ്രീലങ്ക

കൊളംബൊ: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നൊരുക്കമായുള്ള ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ആസ്ട്രേലിയക്ക് തോൽവി. രണ്ടാം ഏകദിനത്തിൽ 174 റൺസിനാണ് ലങ്കക്ക് മുന്നിൽ ഓസീസ് മുട്ടുമടക്കിയത്. ആദ്യ ഏകദിനത്തിൽ 49 റൺസിനും ലങ്ക ഓസീസിനെ തോൽപ്പിച്ചിരുന്നു.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 101 റൺസെടുത്ത കുശാൽ മെൻഡിസ്, 51 റൺസെടുത്ത നിഷാൻ മധുഷ്ക, 78 റൺസെടുത്ത അസലങ്ക എന്നിവരുടെ മികവിൽ 281 റൺസാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഒരു ഘട്ടത്തിൽ പോലും ലങ്കക്ക് വെല്ലുവിളിയുയർത്താനായില്ല.
29 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്കോറർ. മൂന്നുവിക്കറ്റെടുത്ത അസിത ഫെർണാണ്ടോ ഓസീസ് മുൻനിരയെ തകർത്തപ്പോൾ ശേഷിക്കുന്ന ജോലികൾ സ്പിന്നർമാരായ ദുനിത് വെല്ലൽഗെയും വനിന്ദു ഹസരങ്കയും തീർത്തു.
പരിക്ക് മൂലം പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് പേസ് ത്രയമില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങിയത്. ചാമ്പ്യൻസ് ട്രോഫിയിലും ഇവർ കളിക്കില്ല. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ക്യാപ്റ്റൻ.
Adjust Story Font
16

