Quantcast

ചരിത്രം ആവർത്തിക്കാനാവാതെ ദക്ഷിണാഫ്രിക്ക; ഓസീസിന് 276 റൺസ് ജയം, മൂന്ന് താരങ്ങൾക്ക് സെഞ്ച്വറി

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 431 റൺസാണ് ഓസീസ് പടുത്തുയർത്തിയത്.

MediaOne Logo

Sports Desk

  • Updated:

    2025-08-24 14:17:20.0

Published:

24 Aug 2025 7:19 PM IST

South Africa unable to repeat history; Australia win by 276 runs, three players score centuries
X

സിഡ്‌നി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആസ്‌ത്രേലിയക്ക് 276 റൺസിന്റെ കൂറ്റൻ ജയം. ആദ്യംബാറ്റ് ചെയ്ത് ഓസീസ് ഉയർത്തിയ 432 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പ്രോട്ടീസ് പോരാട്ടം 155ൽ അവസാനിച്ചു. നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങൾ വിജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു (2-1).

മുൻനിര ബാറ്റർമാരായ ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവരുടെ വെടിക്കെട്ട് ശതകങ്ങളുടെ കരുത്തിലാണ് 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസിലേക്ക് കങ്കാരുപ്പട മുന്നേറിയത്. 2006ൽ ജൊഹാനസ്ബർഗിൽ ഓസീസ് ഉയർത്തിയ 434 റൺസിന്റെ റെക്കോർഡ് സ്‌കോർ പിന്തുടർന്ന് ജയിച്ച് ചരിത്രം സൃഷ്ടിച്ച പ്രോട്ടീസുകാർക്ക് വീണ്ടുമൊരിക്കൽ ബിഗ് ടോട്ടൽ ചേസ് ചെയ്യാനായില്ല. 49 റൺസെടുത്ത ഡെവാൾഡ് ബ്രേവിസാണ് ടോപ് സ്‌കോറർ. ടോണി ഡെസോർസി(33)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഏയ്ഡൻ മാർക്രം(2), റിയാൻ റിക്കിൾടൺ(11), ക്യാപ്റ്റൻ ടെംബാ ബാവുമ(19), ട്രിസ്റ്റൻ സ്റ്റബസ്(1), വിയാൻ മുൾഡർ(5) എന്നിവർ നിരാശപ്പെടുത്തി. ഓസീസിനായി കൂപ്പർ കൊണോലി 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. മൈക്കൽ ക്ലാർക്കിനുശേഷം മഞ്ഞപ്പടക്കായി ഏകദിനങ്ങളിൽ ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇടം കൈയൻ സ്പിന്നറായി കൊണോലി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ട്രാവിസ് ഹെഡ് 103 പന്തിൽ 142 റൺസടിച്ചപ്പോൾ മിച്ചൽ മാർഷ് 106 പന്തിൽ 100 റൺസെടുത്ത് പുറത്തായി. 55 പന്തിൽ 118 റൺസുമായി കന്നി ഏകദിന സെഞ്ച്വറി നേടിയ ഗ്രീൻ ഓസീസ് താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഏകദിന സെഞ്ചുറിയുടെ റെക്കോർഡും കുറിച്ചു. 118 റൺസെടുത്ത ഗ്രീനിനൊപ്പം 50 റൺസുമായി അലക്‌സ് കാരിയും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റിൽ ട്രാവിസ് ഹെഡ്-മിച്ചൽ മാർഷ് സഖ്യം 34.1 ഓവറിൽ 250 റൺസടിച്ചശേഷമാണ് വേർപിരിഞ്ഞത്. ഏകദിനങ്ങളിൽ ഓസീസിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്.

TAGS :

Next Story