ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അടിക്ക് തിരിച്ചടി; ഓസീസിനെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു
ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ 43-4 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ ആസ്‌ത്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 212 പിന്തുടർന്ന് ഇറങ്ങിയ പ്രോട്ടീസ് സംഘം 22 ഓവറിൽ 43-4 എന്ന നിലയിലാണ്. ക്യാപ്റ്റൻ ടെംബ ബാവുമയും(3) ഡേവിഡ് ബെഡിങ്ഹാമുമാണ്(8) ക്രീസിൽ. നേരത്തെ ഓസീസ് ഒന്നാം ഇന്നിങ്‌സിൽ 212ന് ഓൾഔട്ടായിരുന്നു. കഗിസോ റബാഡെ അഞ്ചുവിക്കറ്റുമായി ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് 212 റൺസിന് ഓസീസിനെ തളച്ച ശേഷം അവസാന സെഷൻ ബാറ്റിങിനിറങ്ങിയ പ്രോട്ടീസിന് ആദ്യഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. എയ്ഡൻ മാർക്രത്തെ ക്ലീൻബൗൾഡാക്കി(0) മിച്ചൽ സ്റ്റാർക്ക് നിലവിലെ ചാമ്പ്യൻമാർക്ക് സ്വപ്‌നതുടക്കം നൽകി. സ്‌കോർബോർഡിൽ 19 റൺസ് ചേർക്കുന്നതിനിടെ റയാൻ റിക്കിൽട്ടനെ(16)യും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. മിച്ചൽ മാർഷിന്റെ ഓവറിൽ ഓഫ്‌സൈഡ് ഡ്രൈവിന് ശ്രമിച്ച റിക്കിൽട്ടനെ സ്ലിപ്പിൽ ഉസ്മാൻ ഖ്വാജ പിടികൂടുകയായിരുന്നു. പിന്നാലെ മൾഡറിനെ(6) പാറ്റ് കമ്മിൻസ് ബൗൾഡാക്കി. ജോഷ് ഹേസൽവുഡിന്റെ ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്‌സ് ക്ലീൻ ബൗൾഡായതോടെ(2) ആദ്യദിനം ദക്ഷിണാഫ്രിക്കക്ക് നാല് വിക്കറ്റ് നഷ്ടമായി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയയുടെ തുടക്കം മികച്ചതായില്ല. ഉസ്മാൻ ഖ്വാജ പൂജ്യത്തിനും കാമറൂൺ ഗ്രീൻ(4) റൺസിനും പുറത്തായി. പേസർ കഗിസോ റബാഡയാണ് ഇരുവരെയും പുറത്താക്കിയത്. മാർനസ് ലബുഷെയിനെ(17) മാർക്കോ ജാൻസൻ കീപ്പർ വെരെയെനെയുടെ കൈകളിലെത്തിച്ചതോടെ ചാമ്പ്യൻമാർ അപകടം മണത്തു. എന്നാൽ ഒരുവശത്ത് ഉറച്ചുനിന്ന സ്റ്റീവൻ സ്മിത്ത് അർധ സെഞ്ച്വറിയുമായി(66) ടീമിന് കരുത്തായി. വെബ്സ്റ്ററുമായി കൂട്ടചേർന്നുള്ള(72) അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ 200 റൺസിലെത്തിച്ചത്. ട്രാവിസ് ഹെഡ്(11), അലക്‌സ് കാരി(23), പാറ്റ് കമ്മിൻസ്(1) വേഗത്തിൽ പറഞ്ഞയക്കാൻ പ്രോട്ടീസ് പേസ് നിരക്കായി. ഇതോടെ പോരാട്ടം 212ൽ അവസാനിച്ചു
Adjust Story Font
16

