Quantcast

പരിക്കിൽ പണി കിട്ടിയ ചെന്നൈ ; ഇതുവരെ പുറത്തായത് അഞ്ച് പ്രധാന താരങ്ങൾ

MediaOne Logo
പരിക്കിൽ പണി കിട്ടിയ ചെന്നൈ ; ഇതുവരെ പുറത്തായത് അഞ്ച് പ്രധാന താരങ്ങൾ
X

ചെന്നൈ : ഐപിഎൽ പത്തൊമ്പതാം സീസണിൽ പരിക്കിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ്. സീസണിന്റെ തുടക്കം മുതൽ ടീമിലെ പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലായിരുന്നു. ഇതുവരെ അഞ്ച് താരങ്ങളാണ് പരിക്ക് മൂലം സീസണിൽ നിന്നും പുറത്തായത്. ഇവർക്ക് പുറമെ ധോണി, സ്‌പെൻസർ ജോൺസൺ തുടങ്ങിയ താരങ്ങൾ പരിക്ക് മൂലം സീസണിൽ ഇതുവരെ കളത്തിലിറങ്ങിയില്ല.

സീസണിൽ ടീമിന്റെ പേസ് യൂണിറ്റിനെ നയിക്കുമെന്ന് തോന്നിച്ച നഥാൻ എല്ലിസിനെയാണ് ചെന്നൈക്ക് പരിക്ക് മൂലം ആദ്യം നഷ്ടപ്പെട്ടത്. ഐപിഎല്ലിൽ 17 മത്സരങ്ങളിൽ 19 വിക്കറ്റ് ഉണ്ടായിരുന്ന എല്ലിസിന് പകരം മറ്റൊരു ആസ്ട്രേലിയൻ താരമായ സ്‌പെൻസർ ജോൺസനെ ടീമിലെത്തിച്ചു. എന്നാൽ പരിശീലന സെഷനിലേറ്റ പരിക്കിനെ തുടർന്ന് സ്‌പെൻസർ ജോൺസൺ ഇതുവരെ ചെന്നൈക്കായി കളത്തിലിറങ്ങിയിട്ടില്ല.

ഇന്ത്യൻ പേസർ ഖലീൽ അഹമ്മദ്, ഓപ്പണർ ആയുഷ് മാത്രേ എന്നിവരെ സീസൺ മദ്ധ്യേ ചെന്നൈക്ക് നഷ്ടമായി. ടീമിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന താരങ്ങളായിരുന്നു ഇരുവരും. ആയുഷ് 6 ഇന്നിങ്സിൽ നിന്ന് 201 റൺസും ഖലീൽ 5 മത്സരത്തിൽ നിന്ന് 2 വിക്കറ്റും നേടിയിരുന്നു. ആയുഷിന് പകരം മുൻ മുംബൈ ഇന്ത്യൻസ് പേസർ ആകാശ് മധ്വാളിനെയും ഖലീൽ അഹമ്മദിന് പകരം മുൻ രാജസ്ഥാൻ പേസർ കുൽദിപ് യാദവിനെയും ടീമിലെത്തിച്ചു. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ പരിക്കേറ്റ് മടങ്ങാനായിരുന്നു ഇന്ത്യൻ ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷിന്റെ വിധി. മുംബൈക്കെതിരായ ചെന്നൈയുടെ ഹോം മത്സരത്തിൽ അരങ്ങേറിയ താരം മത്സരത്തിൽ മൂന്നോവറിൽ 24 റൺസിന് ഒരു വിക്കറ്റ് നേടിയിരുന്നു. താരത്തിന് പകരം 24കാരൻ മക്നീൽ ഹാഡ്ലിയെ ചെന്നൈ സ്‌ക്വാഡിൽ എത്തിച്ചിട്ടുണ്ട്. യുഎഇയിൽ വളർന്ന കർണാടകക്കാരനായ മക്നീൽ, 2024-25 സികെ നായിഡു ട്രോഫിയിൽ രണ്ട് ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ട്.

ചെന്നൈക്ക് പരിക്ക് മൂലം ലഭിച്ച ഏറ്റവും വലിയ തിരിച്ചടി ജാമി ഓവർട്ടണിന്റെ കാര്യത്തിലായിരുന്നു. സീസണിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ ചെന്നൈക്ക് സംഭാവന ചെയ്ത താരമായിരുന്നു ജാമി. പല നിർണായക മത്സരങ്ങളിലും മത്സരം ഫിനിഷ് ചെയ്‌തതും എതിർ ബാറ്റർമാരുടെ പാർട്നർ ബ്രേക്ക് ചെയ്തതുമെല്ലാം ഓവർട്ടനായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റും 136 റൺസുമാണ് ഓവർട്ടണിന്റെ സീസണിലെ സമ്പാദ്യം. താരത്തിന് പകരം ചെന്നൈ ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കൻ താരം ഡയൻ ഫോറസ്റ്റർ നിലവിൽ ടീമിനൊപ്പം പരിശീനം ആരംഭിച്ചിട്ടുണ്ട്. സീസണിന്റെ തുടക്കത്തിൽ പരിക്ക് മൂലം ഡെവാൾഡ് ബ്രെവിസിന് മൂന്ന് മത്സരങ്ങൾ നഷ്ടമായിരുന്നു.

കാഫ് മസിലിനേറ്റ പരിക്കിനെ തുടർന്ന് രണ്ടാഴ്ച കാലം പുറത്തിറക്കേണ്ടി വരുമെന്നായിരുന്നു ധോണിയെ പറ്റി ചെന്നൈ നൽകിയ ആദ്യ അപ്‌ഡേറ്റ്. എന്നാൽ റിക്കവറിക്കിടെ താരത്തിന് വീണ്ടും പരിക്കേൽക്കുകയായിരുന്നു. മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിയുള്ള സീസണിൽ ധോണി ഒരു മത്സരമെങ്കിലും കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

TAGS :

Next Story