Quantcast

രാജസ്ഥാനോട് തോറ്റ ധോണിപ്പട ഇന്ന് പഞ്ചാബിനെതിരെ സ്വന്തം തട്ടകത്തിൽ

പോയിൻറ് പട്ടികയിൽ സി.എസ്.കെ നാലാമതും പഞ്ചാബ് ആറാമതുമാണുള്ളത്

MediaOne Logo

Sports Desk

  • Published:

    30 April 2023 3:28 AM GMT

Chennai Super Kings vs Punjab Kings in IPL today
X

ചെന്നൈ: കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ ചെന്നൈ സൂപ്പർകിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെയിറങ്ങുന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ (ചെപ്പോക്) വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. പഞ്ചാബും കഴിഞ്ഞ മത്സരത്തിൽ തോറ്റിരുന്നു. ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നടന്ന മത്സരത്തിൽ 56 റൺസിന്റെ കൂറ്റൻ തോൽവിയാണ് സംഘം നേരിട്ടത്. സഞ്ജുവിനും സംഘത്തിനുമെതിരെ സി.എസ്.കെ 32 റൺസിനാണ് തോറ്റത്. ഇന്ന് വിജയിച്ച് തിരിച്ചുവരാനാകും ഇരുടീമുകളുടെയും ശ്രമം. നിലവിൽ പോയിൻറ് പട്ടികയിൽ സി.എസ്.കെ നാലാമതും പഞ്ചാബ് ആറാമതുമാണുള്ളത്. ധോണിയുടെ സംഘത്തിന് പത്തും ധവാനും കൂട്ടർക്കും എട്ടും പോയിൻറാണുള്ളത്. ഇരുടീമുകളും എട്ടു മത്സരങ്ങൾ വീതം കളിച്ചപ്പോൾ സി.എസ്.കെ അഞ്ചും പഞ്ചാബ് നാലും വിജയങ്ങളാണ് നേടിയിട്ടുള്ളത്.

സി.എസ്.കെ സാധ്യത സംഘം: ഋതുരാജ് ഗെയ്ക്ക്‌വാദ്, ഡിവോൺ കോൺവേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായിഡു, മുഈൻ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡ്യ, മതീഷ പരിരനെ.

പഞ്ചാബ് കിംഗസ് സാധ്യത സംഘം: അഥർവ ടായ്‌ദെ, ശിഖർ ധവാൻ (ക്യാപ്റ്റൻ), പ്രഭ്‌സിമ്രാൻ സിംഗ്, ലിയാം ലിവിങ്‌സ്റ്റൺ, ജിതേഷ് ശർമ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, കഗിസോ റബാദ, അർഷദീപ് സിംഗ്, ഗുർനൂർ ബ്രാർ.

രാജസ്ഥാനെതിരെ സി.എസ്.കെയ്ക്ക് സംഭവിച്ചത്...

ചെപ്പോക്കിലെ തോൽവിക്ക് പകരം വീട്ടാനിറങ്ങിയ ചെന്നൈ ജയ്പൂരിലും പരാജയത്തിന്റെ കയ്പ്പുനീർ രുചിക്കുകയായിരുന്നു. 203 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനും( 29 പന്തിൽ 47) ശിവം ദുബെക്കും( 33 പന്തിൽ 52 ) ഒഴിച്ച് ബാക്കിയാർക്കും ബാറ്റുകൊണ്ട് കാര്യമായ സംഭാവന നൽകാൻ കഴിയാതെ വന്നതാണ് ചെന്നൈയുടെ തോൽവിക്ക് കാരണം. സീസണിലിതുവരെ മികച്ച ഫോമിലായിരുന്ന കോൺവേയും (8) രഹാനെയും (15) കവാത്ത് മറന്നതോടെ ചെന്നൈയുടെ ജയപ്രതീക്ഷകൾക്ക് മേലെ കരിനിഴൽ വീണു.

42ന് ഒന്നെന്ന നിലയിൽ നിന്ന് നാല് വിക്കറ്റിന് 73 റൺസ് എന്ന നിലയിലേക്ക് ഇതിനിടയിൽ ചെന്നൈ വീണു. പിന്നീടൊത്തുചേർന്ന ശിവം ദുബെയും മൊഈൻ അലിയും ചേർന്ന് ടീമിൻറെ പ്രതീക്ഷകൾ അൽപമെങ്കിലും സജീവമാക്കിയെങ്കിലും ലക്ഷ്യത്തിലെത്താൻ അത് പര്യാപ്തമായിരുന്നില്ല. ടീം സ്‌കോർ 124 റൺസിലെത്തിയപ്പോൾ മൊഈൻ അലിയും ( 12 പന്തിൽ 23 ) വീണു.

പിന്നീട് ജഡേജ ദുബെക്കൊപ്പം ചേർന്ന് സ്‌കോറിങ് നിരക്ക് കൂട്ടാൻ ശ്രമിച്ചെങ്കിലും ജയം അകലെയായിരുന്നു. 33 പന്തിൽ രണ്ട് ബൌണ്ടറിയും നാല് സിക്‌സറുമുൾപ്പെടെ 52 റൺസ് നേടിയ ദുബെ കുൽദീപ് യാദവെറിഞ്ഞ അവസാന ഓവറിലാണ് പുറത്തായത്. 15 പന്തിൽ 23 റൺസെടുത്ത് ജഡേജ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആദം സാംപ മൂന്ന് വിക്കറ്റും അശ്വിൻ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റിൽ ബട്‌ലർ-ജൈസ്വാൾ കൂട്ടുകെട്ട് മികച്ച തുടക്കം നൽകി. അവസാന ഓവർ വരെ അതേ താളം നിലനിർത്തിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ മിന്നും തുടക്കമാണ് ജൈസ്വാളും ബട്‌ലറും ചേർന്ന് രാജസ്ഥാന് സമ്മാനിച്ചത്. എട്ടാം ഓവറിൽ ജഡേജയുടെ പന്തിൽ ബട്‌ലർ പുറത്താകുമ്പോഴേക്കാം രാജസ്ഥാൻ സ്‌കോർ 86 റൺസിലെത്തിയിരുന്നു. ബട്‌ലർ 21 പന്തിൽ നാല് ബൌണ്ടറിയുൾപ്പെടെ 27 റൺസെടുത്താണ് പുറത്തായത്. പടിക്കലിന് പകരം സഞ്ജു സാംസൺ വൺഡൌണായി തിരിച്ചെത്തിയെങ്കിലും ടച്ചിലെത്തുമ്പോഴേക്കും ക്യാപ്റ്റൻ പുറത്തായി. 17 പന്തിൽ 17 റൺസെടുത്ത് നിൽക്കെ തുഷാർ ദേശ്പാണ്ഡെയെ സിക്‌സറിന് പറത്താൻ ശ്രമിക്കുമ്പോഴാണ് സഞ്ജു പുറത്തായത്.

അതേ ഓവറിൽത്തന്നെ തകർപ്പൻ ഫോമിൽ കളിക്കുന്ന ജൈസ്വാളിനെയും ദേശ്പാണ്ഡേ പുറത്താക്കി. 43 പന്തിൽ എട്ട് ഫോറും നാല് സിക്‌സറുമുൾപ്പെടെ 77 റൺസെടുത്ത ജൈസ്വാൾ സെഞ്ച്വറിയിലേക്കെത്തുമെന്ന് തോന്നിച്ചപ്പോഴായിരുന്നു അപ്രതീക്ഷിതമായി മടങ്ങിയത്. പിന്നീടെത്തിയ ഹെറ്റ്‌മെയർ(8) നിരാശപ്പെടുത്തിയെങ്കിലും സ്ഥാനക്കയറ്റം ലഭിച്ച ധ്രുവ് ജുറേലും പിന്നിലേക്കിറങ്ങേണ്ടി വന്ന ദേവ്ദത്ത് പടിക്കലും അവസാന ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ട് തന്നെ നടത്തി. 15 പന്തിൽ മൂന്ന് ബൌണ്ടറിയും രണ്ട് സിക്‌സറുമുൾപ്പെടെ ധ്രുവ് ജുറേൽ 34 റൺസെടുത്തപ്പോൾ പടിക്കൽ 13 പന്തിൽ അഞ്ച് ബൌണ്ടറിയുൾപ്പെടെ 27 റൺസ് നേടി. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡേ രണ്ട് വിക്കറ്റെടുത്തു.

Chennai Super Kings vs Punjab Kings in IPL today

TAGS :

Next Story