വാർണർ മുതൽ അശ്വിൻ വരെ; 2024ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് വമ്പൻ താരനിര
രോഹിത് ശർമയും വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞതും ഈ വർഷമാണ്

ന്യൂഡൽഹി: ഇതെന്താ വിരമിക്കൽ വർഷമോ... ഇംഗ്ലീഷ് ഇതിഹാസം ജയിംസ് ആൻഡേഴ്സൺ മുതൽ ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ അശ്വിൻ വരെ. 2024ൽ കളിക്കളത്തോട് വിടപറഞ്ഞത് ഒട്ടേറെ താരങ്ങൾ. 704 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ജിമ്മി ആൻഡേഴ്‌സ് ജൂലൈയിൽ ലോഡ്സ് ടെസ്റ്റിലൂടെയാണ് റെഡ്‌ബോൾ ക്രിക്കറ്റിനോട് വിടപറഞ്ഞത്. അനിൽ കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ
ആർ അശ്വിൻ ബോർഡർ-ഗവാസ്‌കർ ട്രോഫിയാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. നേരത്തെ ഏകദിന-ടി20യിൽ നിന്ന് കളമൊഴിഞ്ഞ ഇന്ത്യൻ ഓഫ് സ്പിന്നറെ ഐപിഎല്ലിലാകും ഇനി കാണുക. ഓസീസ് ഇതിഹാസം ഡേവിഡ് വാർണറാണ് ഈ വർഷം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ മറ്റൊരു പ്രമുഖ താരം. മൂന്ന് ഫോർമാറ്റിലും കങ്കാരുപടയുടെ വിശ്വസ്തനായിരുന്ന വാർണർ ജനുവരി ആറിനായിരുന്നു അവസാന മത്സരം കളിച്ചത്.
ഇന്ത്യൻ നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞതിനും ഈ വർഷം സാക്ഷ്യം വഹിച്ചു. 2007 ന് ശേഷം ഇന്ത്യ വീണ്ടും ടി20 ലോകകിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെയായിരുന്നു ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമുണ്ടായത്. ന്യൂസിലാൻഡ് ഇതിഹാസ പേസർ ടിം സൗത്തിയുടെ കരിയർ എൻഡും 2024ലെ താളുകളിൽ അടയാളപ്പെടുത്തി. കിവീസിന്റെ എക്കാലത്തേയും മികച്ച ബൗളറായ സൗത്തി 17 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനാണ് ഫുൾസ്റ്റോപ്പിട്ടത്.
ഇന്ത്യൻ താരങ്ങളായ ദിനേശ് കാർത്തിക്, ശിഖർ ധവാൻ, കേദാർ ജാദവ്, സൗരഭ് തിവാരി, വൃദ്ധിമാൻ സാഹ, ഓസീസ് താരം മാത്യു വേഡ്, ഇംഗ്ലീഷ് താരം മൊയീൻ അലി, ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസൻ, ന്യൂസിലാൻഡ് താരം നെയിൽ വാഗ്‌നർ, ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗർ, പാകിസ്താന്റെ മുഹമ്മദ് അമീർ, ഇമാദ് വസിം,ദക്ഷിണാഫ്രിക്കൻ-നമീബിയൻ ക്രിക്കറ്റർ ഡേവിഡ് വീസ് തുടങ്ങി രണ്ട് ഡസണോളം താരങ്ങളാണ് എല്ലാ ഫോർമാറ്റിൽ നിന്നും ഈ വർഷം പടിയിറങ്ങിയത്.
Adjust Story Font
16

