പ്ലേഓഫ് ഇല്ലാത്ത ചെന്നൈയുടെ മൂന്ന് തുടർ സീസണുകൾ ; കണക്കിൽ മുന്നിൽ ഇവർ

മുംബൈ : ഈ സീസണിലെ പോരാട്ടം 12 പോയിന്റിൽ അവസാനിച്ചതോടെ തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താവുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തെയും വലിയ പ്ലേഓഫ് വരൾച്ചയും ഇത് തന്നെയാണ്. ഐപിഎൽ ചരിത്രത്തിൽ ആർസിബി, കെകെആർ, സൺറൈസേഴ്സ് ഹൈദരബാദ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളും തുടർച്ചയായ മൂന്ന് സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായിട്ടുണ്ട്.
2015 മുതൽ 2024 വരെ തുടർച്ചയായ 10 സീസണുകളിൽ അവസാന നാലിൽ ഇടം പിടിക്കാത്ത പഞ്ചാബ് കിങ്‌സാണ് ഈ ലിസ്റ്റിലെ ഒന്നാമൻ. കഴിഞ്ഞ വർഷം ശ്രേയസ് അയ്യർക്ക് കീഴിൽ ഫൈനൽ വരെയെത്തിയതോടെയാണ് ഒരു ദശാബ്ദ കാലത്തെ പ്ലേഓഫ് വരൾച്ചക്ക് പഞ്ചാബ് വിരാമമിട്ടത്. 2013 മുതൽ 2018 വരെ പ്ലേഓഫ് കളിക്കാത്ത ഡൽഹി ക്യാപിറ്റൽസിനെ ശ്രേയസ് അയ്യർ തന്നെയാണ് തൊട്ടടുത്ത സീസണിൽ അവസാന നാലിൽ എത്തിച്ചത്.
2009, 2010, 2011, 2012 സീസണിൽ രാജസ്ഥാൻ റോയൽസ് അവസാന നാലിൽ ഇടം പിടിച്ചിരുന്നില്ല. രണ്ട് തവണ മൂന്ന് സീസൺ വീതം (2012 മുതൽ 2014 വരെയും, 2017 മുതൽ 2019 വരെയും) പ്ലേഓഫിന് പുറത്തിരുന്ന ബെംഗളൂരു ലിസ്റ്റിൽ നാലാമതാണ്. 2021 - 2023 വരെ സീസണുകളിൽ ഹൈദരാബാദും, 2008 മുതൽ 2010 വരെ കൊൽക്കത്തയും, 2024 മുതൽ 2026 വരെ ലക്നൗവും പ്ലേഓഫിൽ കളിച്ചിരുന്നില്ല. രണ്ട് തവണ രണ്ട് വർഷം വീതം മുംബൈ അവസാന നാലിൽ ഉണ്ടായിരുന്നില്ല. 2008, 2009 സീസണുകളിലും 2021, 2022 സീസണുകളിലുമാണ് മുംബൈ പുറത്തായത്. ഒരൊറ്റ സീസണിൽ (2024) മാത്രം പ്ലേഓഫ് കളിക്കാത്ത ഗുജറാത്ത് ടൈറ്റൻസാണ് ലിസ്റ്റിലെ അവസാന സ്ഥാനക്കാർ.
Adjust Story Font
16

