ചെന്നൈയ്ക്ക് വീണ്ടും തോൽവി; ഐപിഎൽ ത്രില്ലറിൽ പഞ്ചാബിന് 18 റൺസ് ജയം
39 പന്തിൽ സെഞ്ച്വറി നേടിയ യുവതാരം പ്രിയാൻഷ് ആര്യയാണ് പഞ്ചാബിന്റെ വിജയശിൽപി

മുള്ളൻപൂർ: ഇന്ത്യൻ പ്രീമിയർലീഗ് ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 18 റൺസിന് തോൽപിച്ച് വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്‌സ്. പഞ്ചാബ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈ പോരാട്ടം 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 201ൽ അവസാനിച്ചു. 12 പന്തിൽ 27 റൺസുമായി എംഎസ് ധോണി തകർത്തടിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്തായത് മത്സരത്തിൽ നിർണായകമായി.
I.C.Y.M.I
— IndianPremierLeague (@IPL) April 8, 2025
𝗣𝗼𝘄𝗲𝗿💪. 𝗣𝗿𝗲𝗰𝗶𝘀𝗶𝗼𝗻👌. 𝗣𝗮𝗻𝗮𝗰𝗵𝗲💥.
Priyansh Arya graced the home crowd with his effortless fireworks 🎆
Updates ▶ https://t.co/HzhV1Vtl1S #TATAIPL | #PBKSvCSK pic.twitter.com/7JBcdhok58
പഞ്ചാബ് തട്ടകമായ മുള്ളൻപൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുൻ ചാമ്പ്യൻമാർക്ക് സീസണിൽ ആദ്യമായി ഓപ്പണിങിൽ മികച്ച തുടക്കമാണ് ലഭിച്ചത്. രചിൻ രവീന്ദ്ര-ഡെവൻ കോൺവെ കൂട്ടുകെട്ട് പവർപ്ലെ ഓവറുകളിൽ ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ പവർപ്ലെയ്ക്ക് ശേഷമുള്ള ആദ്യഓവറിൽ തന്നെ രചിൻ രവീന്ദ്രയെ(36) പുറത്താക്കി ഗ്ലെൻ മാക്‌സ്‌വെൽ ആതിഥേയർക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയിക് വാദിനെ(1) ശശാങ്ക് സിങിന്റെ കൈകളിലെത്തിച്ച് ലോക്കി ഫെർഗൂസൻ ചെന്നൈക്ക് ഇരട്ടപ്രഹരം നൽകി. ഒരുവേള 62-2 എന്ന നിലയിലായി മഞ്ഞപ്പട. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോൺവെ-ശിവം ദുബെ സഖ്യം സ്‌കോറിംഗ് ഉയർത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾക്ക് ചിറക്മുളച്ചു. ദുബെയെ ക്ലീൻബൗൾഡാക്കി ലോക്കി ഫെർഗൂസൻ വീണ്ടും പഞ്ചാബിന്റെ രക്ഷക്കെത്തി. തുടർന്ന് ക്രീസിലെത്തിയ എംഎസ് ധോണി പതിയെ തുടങ്ങിയെങ്കിലും ഡെത്ത് ഓവറിൽ കത്തികയറി. ഇതിനിടെ സ്‌കോറിംഗ് ഉയർത്താൻ പാടുപെട്ട ഡെവൻ കോൺവെയെ റിട്ടയേർഡ് ഔട്ടാക്കി പകരം രവീന്ദ്ര ജഡേജ ക്രീസിലെത്തി. എന്നാൽ ഈ മാറ്റം സന്ദർശർക്ക് ഗുണകരമായില്ല. യാഷ് ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 28 റൺസാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. എന്നാൽ നേരിട്ട ആദ്യ പന്തിൽതന്നെ ധോണി മടങ്ങിയതോടെ(12 പന്തിൽ 27) അവസാന പ്രതീക്ഷയും അവസാനിച്ചു.
നേരത്തെ യുവതാരം പ്രിയാൻഷ് ആര്യയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 219 റൺസ് പടുത്തുയർത്തിയത്. 39 പന്തിലാണ് പ്രിയാൻഷ് സെഞ്ച്വറി സ്വന്തമാക്കിയത്. ഐപിഎല്ലിലെ വേഗമേറിയ നാലാമത്തെ സെഞ്ച്വറിയും ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുമാണിത്. 37 പന്തിൽ ശതകംതികച്ച യൂസുഫ് പത്താനാണ് ഒന്നാമത്. തുടരെ വിക്കറ്റുകൾ വീണെങ്കിലും അവസാന ഓവറുകളിൽ ശശാങ്ക് സിങും(36 പന്തിൽ 52), മാർക്കോ ജാൻസനും(19 പന്തിൽ 34) തകർത്തടിച്ചതോ സ്‌കോർ 200 കടക്കുകയായിരുന്നു. പഞ്ചാബ് ഇന്നിങ്‌സിന്റെ 13-ാം ഓവറിൽ തന്നെ പ്രിയാൻഷ് സെഞ്ച്വറിയിലെത്തിയിരുന്നു. 42 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്‌സറും സഹിതം 103 റൺസെടുത്താണ് താരം മടങ്ങിയത്.
Adjust Story Font
16

