Quantcast

ചെപ്പോക്കിൽ സൂപ്പർ ചെന്നൈ ; ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപിച്ചു

ശിവം ദുബെ 28 പന്തിൽ 34 റൺസും രവീന്ദ്ര ജഡേജ 17 പന്തിൽ 25 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

MediaOne Logo

Sports Desk

  • Published:

    22 March 2024 6:51 PM GMT

ചെപ്പോക്കിൽ സൂപ്പർ ചെന്നൈ ; ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപിച്ചു
X

ചെന്നൈ: കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപിച്ചു. സ്‌കോർ: ആർസിബി 20 ഓവറിൽ 173-6 ചെന്നൈ 18.4 ഓവറിൽ 176. സ്വന്തം തട്ടകമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ബാറ്റിങിലും ബൗളിങിലും ആധിപത്യം പുലർത്തിയാണ് സിഎസ്‌കെ 17ാം സീസണിൽ വരവറിയിച്ചത്. ശിവം ദുബെ 28 പന്തിൽ 34 റൺസും രവീന്ദ്ര ജഡേജ 17 പന്തിൽ 25 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര 15 പന്തിൽ 37 റൺസെടുത്ത് ടോപ് സ്‌കോററായി. അജിൻക്യ രഹാനെ (27), ഡാരൻ മിച്ചൽ(22), ക്യാപ്റ്റ ഋതുരാജ് ഗെയിക് വാദ്(15) എന്നിവരും മികച്ച പിന്തുണ നൽകി. ബെഗളൂരുവിനായി ഓസീസ് താരം കാമറൂൺ ഗ്രീൻ രണ്ടുവിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നടിഞ്ഞതാണ് ആർസിബിക്ക് തിരിച്ചടിയായത്. ഓപ്പണിങിൽ വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നൽകിയത്. അഞ്ചാം ഓവറിൽ മുസ്തഫിസുർ റഹ്മാനെ ബൗളിങിൽ ഏൽപ്പിച്ച സിഎസ്‌കെ ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദിന്റെ തീരുമാനം ആതിഥേയരെ മത്സരത്തിലേക്ക് മടക്കികൊണ്ടുവരുന്നതായി. 23 പന്തിൽ 35 റൺസിൽ നിൽക്കെ മുസ്തഫിസുറിനെ വലിയ ഷോട്ടിന് കളിച്ച ഡൂപ്ലെസിസിന് അടിതെറ്റി. ബൗണ്ടറിലൈനിനരികെ രചിൻ രവീന്ദ്രയുടെ കൈയിൽ വിശ്രമിച്ചു. തുടർന്ന് ക്രീസിലെത്തിയ രജത് പടിദാറിനെ ബംഗ്ലാ ബൗളർ പൂജ്യത്തിന് മടക്കി. തൊട്ടടുത്ത ഓവറിൽ ഗ്ലെൻ മാക്‌സ് വെലിനെ ദീപക് ചഹർ വിക്കറ്റ്കീപ്പർ എംസ് ധോണിയുടെ കൈയിലെത്തിച്ചതോടെ സന്ദർശകർ അപകടം മണത്തു.

തുടർന്ന് ചെറിയ പാർടൺഷിപ്പുമായി മുന്നേറവെ 22 പന്തിൽ 18 റൺസെടുത്ത കാമറൂൺ ഗ്രീനും 20 പന്തിൽ 21 റൺസെടുത്ത വിരാട് കോഹ്ലിയും പുറത്തായതോടെ മധ്യ ഓവറുകളിൽ റൺറേറ്റ് കുത്തനെ ഇടിഞ്ഞു. വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ അനുജ് റാവത്തും വെറ്ററൻ താരം ദിനേശ് കാർത്തികും ചേർന്ന് ആറാംവിക്കറ്റിൽ രക്ഷാപ്രവർത്തനം നടത്തിയത് ആർസിബിക്ക് ആശ്വാസമായി. റാവത്ത് മൂന്ന് സിക്‌സറും നാല്ബൗണ്ടറിയും സഹിതം 25 പന്തിൽ 48 റൺസും ദിനേശ് കാർത്തിക് 26 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 38 റൺസുമെടുത്തു.മുസ്തഫിസുർ നാല് വിക്കറ്റുമായി ചെന്നൈ നിരയിൽ തിളങ്ങി.

ക്യാപ്റ്റൻസ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ വലിയവിജയം നേടാനായത് ഋതുരാജ് ഗെയിക്‌വാദിനും പ്രതീക്ഷ നൽകുന്നതായി. ബാറ്റിങിനിറങ്ങിയില്ലെങ്കിലും വിക്കറ്റിന് പിറകിൽ മഹേന്ദ്രസിങ് ധോണി മികച്ച പ്രകടനമാണ് നടത്തിയത്.

TAGS :

Next Story