Quantcast

"താങ്കളൊന്നുമല്ല.. ബുംറയാണ് മികച്ചവന്‍"; ആരാധികക്ക് സ്റ്റെയിനിന്‍റെ കിടിലന്‍ മറുപടി

നിരവധി പേരാണ് സ്റ്റെയിനിന്‍റെ മറുപടി ഷെയർ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-04-14 04:34:10.0

Published:

14 April 2022 4:24 AM GMT

താങ്കളൊന്നുമല്ല.. ബുംറയാണ് മികച്ചവന്‍; ആരാധികക്ക് സ്റ്റെയിനിന്‍റെ കിടിലന്‍  മറുപടി
X

കഴിഞ്ഞ വർഷമാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ ബൗളർ ഡെയിൽ സ്‌റ്റെയിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ട് പതിറ്റാണ്ടു കാലം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ നിറസാന്നിധ്യമായിരുന്ന താരം ദക്ഷിണാഫ്രിക്ക കണ്ട ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളാണ്. 2008 മുതൽ 2014 വരെ ആറ് വർഷക്കാലം ടെസ്റ്റ് ബൗളർമാരുടെ റാങ്കിംങ് പട്ടികയില്‍ സ്റ്റെയിന്‍ ഒന്നാമതായിരുന്നു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ട്വിറ്ററിൽ ഡെയിൽ സ്റ്റെയിനും ഒരു ആരാധികയും തമ്മിലുള്ള രസകരമായ സംഭാഷണം ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്‌റ്റെയിനിന്‍റെ ട്വീറ്റുകളിലൊന്നിന് ഒരു ആരാധിക നൽകിയ റിപ്ലേക്ക് സ്റ്റെയിന്‍ നല്‍കിയ മറുപടിയാണ് ക്രിക്കറ്റ് ആരാധകര്‍ ആഘോഷമാക്കിയത്. ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുംറ താങ്കളേക്കാൾ മികച്ചവനാണെന്നാണ് ആരാധിക സ്റ്റെയിനിന് നല്‍കിയ റിപ്ലേ. സാധാരണ ആരാധകർ നൽകുന്ന റിപ്ലേകൾക്ക് മറുപടി പറയാൻ ക്രിക്കറ്റ് താരങ്ങൾ നിൽക്കാറില്ല. എന്നാൽ സ്റ്റെയിൻ ഈ ആരാധികക്ക് മറുപടി നൽകാന്‍ തീരുമാനിച്ചു. സ്റ്റെയിനിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "തീർച്ചയായും ബുംറ തന്നെയാണ് ഒന്നാമൻ. കാരണം ഞാൻ വിരമിച്ചു കഴിഞ്ഞല്ലോ". ഇതിനോടകം തന്നെ നിരവധി പേരാണ് സ്റ്റെയിനിന്‍റെ മറുപടി ഷെയർ ചെയ്തത്. ഇതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചകളുമാരംഭിച്ചു. ബുംറക്ക് സ്‌റ്റെയിനിനെ പോലെയൊരു കളിക്കാരന്‍റെ അടുത്ത് പോലുമെത്താനാവില്ലെന്ന് ചിലർ വാദിക്കുമ്പോൾ ബുംറയാണ് മികച്ചവനെന്നാണ് ചിലരുടെ അഭിപ്രായം.

16 വർഷത്തെ രാജ്യാന്തര കരിയറിൽ 93 ടെസ്റ്റുകളും, 125 ഏകദിനങ്ങളും 47 ട്വന്‍റി മത്സരങ്ങളും കളിച്ച സ്റ്റെയിന്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുുകളിൽ നിന്നുമായി 699 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 93 ടെസ്റ്റുകളിലായി സ്റ്റെയിൻ സ്വന്തമാക്കിയത് 439 വിക്കറ്റുകളാണ്. ഏകദിനങ്ങളിലാകട്ടെ 125 മത്സരങ്ങളിൽ നിന്ന് 196 വിക്കറ്റുകളും നേടി. ടി20യിൽ 64 വിക്കറ്റുകളുമാണ് സ്റ്റെയിന്‍റെ നേട്ടം.

summary - Dale Steyn's out of this world reply to fan's 'Bumrah better than you' tweet

TAGS :

Next Story