ഡബിളടിച്ച് കരുൺ; ഇംഗ്ലണ്ട് ലയൺസിനെതിരായ ടെസ്റ്റിൽ റൺമല കയറി ഇന്ത്യ
ധ്രുവ് ജുറേൽ സെഞ്ച്വറിക്ക് ആറു റൺസ് അകലെ പുറത്തായി.

ലണ്ടൻ: ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 518-7 എന്ന നിലയിലാണ് സന്ദർശകർ. ഹർഷ്ദുബെയും(21), അൻഷുൽ കംബോജുമാണ്(12) ക്രീസിൽ. ഇന്ത്യ എ ടീമിലേക്ക് മടങ്ങിയെത്തിയ കരുൺ നായർ ഡബിൾ സെഞ്ച്വറിയുമായി വരവറിയിച്ചു. 281 പന്തിൽ 26 ഫോറും ഒരു സിക്‌സറും സഹിതമാണ് മലയാളി താരം ഇരട്ട ശതകത്തിൽ തൊട്ടത്. ധ്രുവ് ജുറേൽ(94) റൺസിൽ പുറത്തായി. നിതീഷ് കുമാർ റെഡ്ഡി(7)യുടേയും ഷർദുൽ ഠാക്കൂറിന്റേയും(27) വിക്കറ്റാണ് രണ്ടാംദിനം ഇന്ത്യക്ക് നഷ്ടമായത്.
DOUBLE CENTURY for India A 🙌
— ESPNcricinfo (@ESPNcricinfo) May 31, 2025
A statement from Karun Nair. pic.twitter.com/ctCWpBPzng
ആദ്യ ദിനം 84 റൺസുമായി ക്രീസിലുണ്ടായിരുന്ന ജുറെൽ 10 റൺസ് കൂടി കൂട്ടിച്ചേർത്ത് സെഞ്ചുറിക്ക് ആറ് റൺസകലെ പുറത്തായി. അജീത് ഡെയ്ലിയുടെ ഓവറിൽ മക് കിനെയ്ക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം. നാലാം വിക്കറ്റിൽ കരുണും ജുറെലും ചേർന്ന് 195 റൺസാണ് കൂട്ടിചേര്ർത്തത്.
കാന്റ്ബറിയിലെ സെൻറ് ലോറൻസ് ഗ്രൗണ്ടിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ എയുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 12 റൺസ് ചേർക്കുന്നതിനിടെ ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരനെ(8) നഷ്ടമായി. 24 റൺസെടുത്ത് യശസ്വി ജയ്സ്വാളും മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സർഫറാസ് ഖാൻ-കരുൺ നായർ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായി. 92 റൺസെടുത്ത് സർഫറാസ് മടങ്ങിയെങ്കിലും ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ച് കരുൺ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു.
Adjust Story Font
16

