ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ വിരമിച്ചു; ജോസ് ബട്‌ലർ നായകനാകുമോ?

ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മോർഗൻ

MediaOne Logo

Sports Desk

  • Updated:

    2022-06-28 14:12:33.0

Published:

28 Jun 2022 2:10 PM GMT

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ വിരമിച്ചു; ജോസ് ബട്‌ലർ നായകനാകുമോ?
X

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഏകദിന, ടി20 ടീമുകളുടെ നായകൻ ഓയിൻ മോർഗൻ കളി മതിയാക്കി. മോശം ഫോമും ആരോഗ്യ പ്രശ്നങ്ങളുമാണ് മോർഗനെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മോർഗൻ. അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും മോർഗന് താളം കണ്ടെത്താനായിരുന്നില്ല. ഏകദിനത്തിലും ട്വന്റി 20-യിലും ഇംഗ്ലണ്ടിനായി ഏറ്റവുമധികം റൺസ് നേടിയ ബാറ്റർമാരിലൊരാളാണ് മോർഗൻ. 2012-ൽ ട്വന്റി 20 ടീമിന്റെയും 2014-ൽ ഏകദിന ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തിരുന്നു. ഏകദിനത്തിലും ട്വന്റി 20-യിലും ടീമിനെ ലോക ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്തു.ഈ വർഷം അവസാനം ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം 35കാരനായ മോർഗൻ പരസ്യമാക്കിയിരുന്നെങ്കിലും മോശം ഫോമും പരിക്കും അതിന് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയത്. 2009ൽ അയർലൻഡ് ടീമിൽ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോർഗൻ ഏകദിനത്തിൽ 248 മത്സരങ്ങളിൽ 7701 റൺസും 115 ടി20 മത്സരങ്ങളിൽ 2548 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിട്ടുള്ള മോർഗൻ 83 മത്സരങ്ങളിൽ 1405 റൺസടിച്ചു.


ടി20യിലും ഏകദിനത്തിലുമായി അവസാനം കളിച്ച 48 മത്സരങ്ങളിൽ നിന്ന് മോർൻ നേടിയത് ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ്. 2021നുശേഷം അഞ്ച് ഏകദിനങ്ങളിൽ 103 റൺസും 43 ടി20 മത്സരങ്ങളിൽ 643 റൺസും മാത്രമാണ് മോർഗന് നേടാനായത്. മോർഗൻ വിരമിച്ചതോടെ ജോസ് ബട്‌ലർ ഇംഗ്ലണ്ടിന്റെ ഏകദിന, ടി20 ടീമുകളുടെ നായകനായേക്കുമെന്നാണ് സൂചന. ഏറെ നാളായി ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ബട്‌ലർ. ഇതിനിടെ 13 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ താൽക്കാലിക നായകനുമായിരുന്നു.2019-ൽ ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. 2016-ൽ മോർഗന് കീഴിൽ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും കാർലോസ് ബ്രാത്ത്വെയ്റ്റിന്റെ അവിശ്വസനീയ ഇന്നിങ്സിന്റെ ബലത്തിൽ വെസ്റ്റിൻഡീസ് കിരീടം സ്വന്തമാക്കുകയായിരുന്നു.

England's ODI and T20 captain Eoin Morgan retired

TAGS :

Next Story