ക്ലാർക്കിന് വീണ്ടും ശസ്ത്രക്രിയ; ചർമാർബുദത്തിന് ആറാം തവണ ചികിത്സ തേടി മുൻ ഓസീസ് താരം
2015 ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിന്റെ നായകനായിരുന്നു

സിഡ്‌നി: 10 വർഷങ്ങൾക്ക് മുമ്പ് ബ്രണ്ടൻ മക്കല്ലത്തിന്റെ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി ഐസിസി ഏകദിന ലോകകപ്പ് കിരീടം ചൂടി നിൽക്കുന്ന മൈക്കിൾ ക്ലാർക്കിനെ ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. എന്നാൽ താരം ഇപ്പോൾ ഒരു ദുഃഖവാർത്തയോടെയാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ക്ലാർക്ക്, ചർമത്തിലെ ക്യാൻസറിനെ തുടർന്ന് ആറാമത്തെ ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ്.
ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച മുൻ ഓസീസ് താരം, എല്ലാവരോടും പതിവായി ആരോഗ്യ പരിശോധനകൾ നടത്തണമെന്ന് അഭ്യർഥിച്ചു. ക്ലർക്ക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ. ''ചർമത്തിലെ ക്യാൻസർ ഒരു യാഥാർഥ്യമാണ്. ആസ്‌ട്രേലിയയിൽ പ്രത്യേകിച്ചും. ഇന്ന് എന്റെ മൂക്കിൽനിന്ന് നേരിയൊരു ഭാഗം മുറിച്ചുമാറ്റി. നിങ്ങളുടെ ചർമം പതിവായി പരിശോധിക്കുക. പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, പതിവ് പരിശോധനകളും നേരത്തെയുള്ള രോഗനിർണയവുമാണ് പ്രധാനം. ഡോക്ടർ ബിഷ് സോളിമാന് നന്ദിയുണ്ട്. അദ്ദേഹം ഇത് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്''.
മനോഹരമായ ബാറ്റിങ് ശൈലിയും തന്ത്രപരമായ നീക്കങ്ങൾകൊണ്ട് ശ്രദ്ധേയനായ ക്ലർക്ക്, 2004-2015 കാലത്തെ പതിനൊന്ന് വർഷങ്ങൾക്കിടയിൽ 115 ടെസ്റ്റ് മത്സരങ്ങളിലും 25 ഏകദിനങ്ങളിലും 34 ടി20 മത്സരങ്ങളിലും ആസ്‌ട്രേലിയക്കായി കളിച്ചു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. നായകനെന്ന നിലയിൽ 74 ടെസ്റ്റുകളിലും (47 വിജയം, 16 തോൽവി) 139 ഏകദിനങ്ങളിലും ടീമിനെ നയിച്ചു. ക്ലർക്കിന്റെ നേതൃത്വത്തിൽ ഓസീസ് 2013-14ൽ ആഷസ് കിരീടം (5-0) തിരിച്ചുപിടിക്കുകയും 2015-ലെ ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ആക്രമണോത്സുകമായ തന്ത്രങ്ങൾക്കും പ്രതിരോധശേഷിക്കും പേരുകേട്ട ക്ലർക്ക് ഓസീസിന് വേണ്ടി കളിച്ച ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായി ചരിത്രത്തിൽ ഇടംനേടി.
2023-ൽ അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്ന് ഒരുതരം ചർമത്തിലെ ക്യാൻസറായ ബേസൽ സെൽ കാർസിനോമ നീക്കംചെയ്തിരുന്നു. അതിനുശേഷം മുറിവുണ്ടായ 27 സ്ഥലങ്ങളിൽ തുന്നലുകൾ വേണ്ടിവന്നു. ഇതിനുശേഷം, ബോധവത്കരണം ലക്ഷ്യമിട്ട് അദ്ദേഹം ആസ്ട്രേലിയൻ സ്‌കിൻ ക്യാൻസർ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
Adjust Story Font
16

