Quantcast

ആദ്യ ഐ.പി.എൽ സീസണിൽ തന്നെ ഒന്നാം നിരയിൽ; ഗുജറാത്ത് ടൈറ്റൻസിന്റെ വിജയരഹസ്യം പറഞ്ഞ് ഗവാസ്‌കർ

11 മത്സരങ്ങളിൽ നിന്ന്‌ 16 പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്

MediaOne Logo

Sports Desk

  • Updated:

    2022-05-10 13:04:46.0

Published:

10 May 2022 12:47 PM GMT

ആദ്യ ഐ.പി.എൽ സീസണിൽ തന്നെ ഒന്നാം നിരയിൽ; ഗുജറാത്ത് ടൈറ്റൻസിന്റെ വിജയരഹസ്യം പറഞ്ഞ് ഗവാസ്‌കർ
X

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായെത്തി എട്ടു വിജയവുമായി മുന്നേറുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ വിജയരഹസ്യം ചൂണ്ടിക്കാട്ടി ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റർ സുനിൽ ഗവാസ്‌കർ. ഭയരഹിതമായി ക്രിക്കറ്റ് കളിക്കുന്നതാണ് 15ാം ഐ.പി.എൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഹാർദിക് പാണ്ഡ്യക്കും സംഘത്തിനും വഴിയൊരുക്കുന്നുവെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ വിലയിരുത്തൽ. സ്റ്റാർ സ്‌പോർട്‌സിന്റെ ക്രിക്കറ്റ് ലൈവിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.

''നിങ്ങളുടെ വീട്ടുമുറ്റത്ത് കളിക്കുമ്പോൾ പോലും ജയിക്കണമെന്ന് തീർച്ചയായും ആഗ്രഹിക്കും. പക്ഷേ പരാജയം ലോകാവസാനമല്ല. ഈ മനോഭാവത്തോടെയാണ് അവർ (ഗുജറാത്ത് ടൈറ്റൻസ്) പിച്ചിലിറങ്ങുന്നത്. അവർ പോസിറ്റീവ് ക്രിക്കറ്റ് കളിക്കുകയും മത്സരം ആസ്വദിക്കുകയും ചെയ്യുകയാണ്'' ക്രിക്കറ്റ് ലൈവിൽ ഗവാസ്‌കർ ചൂണ്ടിക്കാട്ടി.


മത്സരഫലത്തെ കുറിച്ച് ചിന്തിച്ചിരിക്കാതെ ധൈര്യപൂർവം കളിക്കുന്ന ടീം 11 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. ഇന്ന് രാത്രി ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാനാകും.

ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഗുജറാത്ത് മാറുമെന്നാണ് ഹർഭജൻ സിങ് അഭിപ്രായപ്പെടുന്നത്. ഹാർദികും സംഘവും ഏറെ ശക്തമാണെന്നും റാഷിദ് ഖാൻ മികച്ച ഫോമിലാണെന്നും കോച്ച് ആശിഷ് നെഹ്‌റ അവർക്ക് ഏറെ ആത്മവിശ്വാസം പകർന്നു നൽകുന്നുണ്ടെന്നും ഹർഭജൻ പറഞ്ഞു. അവരെ പരാജയപ്പെടുത്തുന്നത് ദുഷ്‌കരമാണെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.


ഗുജറാത്ത് ടീമിൽ നിറയെ മാച്ച് വിന്നർമാരാണെന്നും രാഹുൽ തെവാട്ടിയ ഷോ ഇല്ലെങ്കിൽ റാഷിദ് ഖാൻ ഷോയോ അല്ലെങ്കിൽ കില്ലർ മില്ലർ (ഡേവിഡ് മില്ലർ) ഷോയോ ഉണ്ടാകുമെന്ന് മുൻ ആസ്‌ട്രേലിയൻ ക്രിക്കറ്റർ മാത്യൂ ഹെയ്ഡൻ അഭിപ്രായപ്പെട്ടു. ഇതാണ് ഗുജറാത്ത് ടീമിനെ അപകടകാരികളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രി ഏഴരയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് -ലക്‌നൗ സൂപ്പർ ജയന്റ്‌സ് പോരാട്ടം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. 11 മത്സരങ്ങളിൽ നിന്നും 16 പോയിന്റുള്ള ലക്‌നൗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് ജയിക്കുന്നവർക്ക് പ്ലേഓഫ് ഉറപ്പിക്കാം.

Gavaskar reveals Gujarat Titans' secret to success

TAGS :

Next Story