Quantcast

'രാഹുലിന് നിരന്തരം അവസരം, ഫോമിലുള്ളവരെ മനപ്പൂർവം പുറത്തിരുത്തുന്നു': വിമർശനവുമായി വെങ്കടേഷ് പ്രസാദ്‌

ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും ലോകേഷ് രാഹുൽ പരാജയമായിരുന്നു. 41 പന്തുകളുടെ ആയുസെ രാഹുലിനുണ്ടായിരുന്നുള്ളൂ

MediaOne Logo

Web Desk

  • Updated:

    2023-02-18 14:30:52.0

Published:

18 Feb 2023 2:28 PM GMT

Venkatesh Prasad, KL Rahul
X

ലോകേഷ് രാഹുല്‍

ന്യൂഡൽഹി: നിരന്തരം പരാജയപ്പെട്ടിട്ടും ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുലിന് വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ താരം വൈങ്കടേഷ് പ്രസാദ്. ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും ലോകേഷ് രാഹുൽ പരാജയമായിരുന്നു. 41 പന്തുകളുടെ ആയുസെ രാഹുലിനുണ്ടായിരുന്നുള്ളൂ. നേടിയത് വെറും 17 റൺസും.

മികച്ച ഫോമിലുണ്ടായിട്ടും ശുഭ്മാൻ ഗിൽ, സർഫ്രറാസ് ഖാൻ എന്നിവരെ തഴഞ്ഞ് രാഹുലിന് തന്നെ നിരന്തരം അവസരം കൊടുക്കുന്നതാണ് വെങ്കടേഷിനെ ചൊടിപ്പിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ അനുബന്ധമായാണ് പുതിയ ട്വീറ്റും. ശിഖർ ധവാൻ, മായങ്ക് അഗർവാൾ, സർഫറാസ് എന്നിവർക്ക് ലോകേഷ് രാഹുലിനെക്കാളും ആവറേജും ഫോമും ഉണ്ടെന്നും മനപ്പൂർവം ആണ് ഇവർക്ക് അവസരം കൊടുക്കാതിരിക്കുന്നതെന്നും വെങ്കടേഷ് പ്രസാദ് പറയുന്നു.

രാഹുലിന് നിരന്തരം അവസരം കൊടുക്കുന്നത് നീതിയിലുള്ള തന്റെ വിശ്വാസത്തെ ഉലക്കുന്നുവെന്നും വെങ്കടേഷ് പ്രസാദ് വ്യക്തമാക്കുന്നു. പ്ലെയിങ് ഇലവനിലേക്ക് രാഹുലിനെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് തികഞ്ഞ ഫേവററ്റിസമാണെന്നും പ്രസാദ് നേരത്തെ തുറന്നടിച്ചിരുന്നു. ഇതില്‍ ഏറ്റവും വഷളായ കാര്യം രാഹുല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായതാണെന്നും മികച്ച ക്രിക്കറ്റ് തലച്ചോറുള്ള ആര്‍. അശ്വിനോ അതുമല്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയോ രവീന്ദ്ര ജഡേജയോ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. മായങ്ക് അഗര്‍വാളിനും ഹനുമ വിഹാരിക്കും പോലും ടെസ്റ്റില്‍ രാഹുലിനേക്കാള്‍ സ്വാധീനം ചെലുത്താനാകുന്നുണ്ടെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.




അതേസമയം ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 262ന് അവസാനിച്ചു. ആസ്‌ട്രേലിയക്ക് ലഭിച്ചത് ഒരു റൺസിന്റെ ലീഡ്. മറുപടി ബാറ്റിങിൽ ആസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലാണ്. ആസ്‌ട്രേലിയക്കിപ്പോൾ 62 റൺസിന്റെ ലീഡായി. പ്രതിരോധം വിട്ട് അടിച്ചുകളിക്കുകയാണ് ആസ്‌ട്രേലിയ. 39 റൺസുമായി ട്രാവിസ് ഹെഡും(39) 16 റൺസുമായി മാർനസ് ലബുഷെയനുമാണ് ക്രീസിൽ. ഒരു റൺസെടുത്ത ഉസ്മാൻ ഖവാജയാണ് പുറത്തായത്. രവീന്ദ്ര ജഡേജക്കാണ് വിക്കറ്റ്.


TAGS :

Next Story