െഗ്ലൻ ഫിലിപ്സ്: ഒരു കംപ്ലീറ്റ് ക്രിക്കറ്റർ

ഒന്നിനൊന്ന് മികച്ച രണ്ട് അക്രോബാറ്റിക് ക്യാച്ചുകൾ..രണ്ടും ബാക്ക് വാർഡ് പോയന്റിൽ..ഒന്ന് പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനെതിരെ. മറ്റൊന്ന് സാക്ഷാൽ വിരാട് കോഹ്‍ലിക്കെതിരെ. ചാമ്പ്യൻസ് ട്രോഫിയിലെ രണ്ട് മനോഹര ക്യാച്ചുകളോടെ െഗ്ലൻ ഫിലിപ്സ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഡൈവ് ചെയ്തിരിക്കുന്നു.
മൂന്നൂറാം ഏകദിനം മറക്കാനാകാത്ത ഓർമയാക്കാൻ വേണ്ടി ദുബൈ സ്റ്റേഡിയത്തിലേക്കിറങ്ങിയ കോഹ്‍ലിയെ ഫിലിപ്സ് പറന്നുപിടിച്ചത് ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഞെട്ടിച്ചു. ഇതെന്ത് കഥ എന്ന മട്ടിൽ ഗ്യാലറിയിൽ നിന്ന അനുഷ്ക ശർമയുടെ അതേ റിയാക്ഷൻ തന്നെയാണ് ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മുഖത്ത് വിരിഞ്ഞത്.
ഫിലിപ്സിനെ നവജ്യോത് സിദ്ധു ജോണ്ടി റോഡ്സിനോട് താരതമ്യപ്പെടുത്തിയപ്പോൾ ഹർഭജൻ ഈ ക്യാച്ചിനെ റോഡ്സിനും മുകളിലായാണ് പ്രതിഷ്ഠിച്ചത്. ക്രിക്കറ്റിലെ സൂപ്പർമാനെന്ന പട്ടം ഐസിസി ഔദ്യോഗികമായിത്തന്നെ ഫിലിപ്സിന് നൽകണമെന്നാണ് സുരേഷ് റൈനയുടെ കമന്റ്.
ഐസിസി ടൂർണമെന്റിലെ ക്യാച്ചുകളോടെ െഗ്ലൻ ഫിലിപ്സ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ടെന്നത് നേരാണ്. പക്ഷേ ന്യൂസിലാൻഡ് ജഴ്സിയിലും കരീബിയൻ പ്രീമിയർ ലീഗിലും മേജർ ലീഗ് ക്രിക്കറ്റിലുമെല്ലാം ഫിലിപ്സ് പറന്നുപിടിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ട് തന്നെ ഫിലിപ്സിനിത് തന്റെ കളക്ഷനിലെ ചിലത് മാത്രമാണ്.
ജീവിതത്തിലും ക്രിക്കറ്റിലും െഗ്ലൻ ഫിലിപ്സ് ഒരു കംപ്ലീറ്റ് മനുഷ്യനാണ്. എന്തും ചെയ്യാൻ പോന്നവൻ. ബാറ്റ് ചെയ്യും, പന്തെറിയും, പറന്നുപിടിക്കും, വേണ്ടി വന്നാൽ വിക്കറ്റ് കീപ്പറായി ഗ്ലൗസുമെടുക്കും. ക്രിക്കറ്റ് ചരിത്രത്തിൽ അധികമാർക്കുമില്ലാത്ത പൂർണത അയാൾക്കുണ്ട്.
ഇനി ജീവിതത്തിലേക്ക് വന്നാലോ..അവിടെയും അയാൾ ഒരു ഓൾറൗണ്ടറാണ്. ആർച്ചറിയിൽ ന്യൂസിലാൻഡിൽ ദേശീയ ചാമ്പ്യനായിട്ടുണ്ട്. ആർത്തലച്ചുവരുന്ന തിരമാലകളെ ജയിക്കാൻ പോന്ന സർഫിങ് വിദ്യയും അറിയാം. 2518 മീറ്റർ ഹൈറ്റുള്ള ന്യൂസിലാൻഡിലെ മൗണ്ട് ടറനകിയെ അടക്കമുള്ള ഉയരങ്ങളും താണ്ടി.
ഫിലിപ്സിന്റെ മറ്റൊരു പ്രധാന ആഗ്രഹം കോക്ക് പിറ്റിലിരുന്ന് വിമാനം പറത്തുക എന്നതായിരുന്നു. കുഞ്ഞുനാൾ മുതൽക്ക് തന്നെ അങ്ങനൊരു ആഗ്രഹം തന്നിലുണ്ടെന്ന് ഫിലിപ്സ് പലകുറി തുറന്നുപറഞ്ഞിരുന്നു. നൂറുകണക്കിന് പേരുടെ ജീവനുമായി ഭൂമിയിൽ നിന്നും ഉയർന്ന് വായുവിൽ പറക്കുന്ന ഒരു ഉപകരണത്തെ പറത്തുക എന്നത് ഇന്ററസ്റ്റിങ്ങാനെന്നാണ് ഫിലിപ്സ് പറയുന്നത്. കുട്ടിക്കാലം മുതലേ കമ്പ്യട്ടറിൽ വിർച്ച്വൽ കോക്പിറ്റ് വെച്ച് പരിശീലിച്ചിരുന്നതായും ഫിലിപ്സ് പറയുന്നു.ഈ ആഗ്രഹം നടക്കാതെ പോയതുകൊണ്ടാണോ എന്നറിയില്ല. ഗ്രൗണ്ടിൽ അയാൾ ചിറകുനിവർത്തി പറന്നുകൊണ്ടേയിരിക്കുകയാണ്.
1996 ഡിസംബർ ആറിന് ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലാണ് ഫിലിപ്സിന്റെ ജനനം. അഞ്ചാം വയസ്സിൽ കുടുംബ സമേതം ന്യൂസിലാൻഡിലേക്ക് കുടിയേറി. സഹോദരൻ ഡെയ്ൽ ഫിലിപ്സും ന്യൂസിലാൻഡിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. 2017ൽ ജന്മനാടായ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാൻഡിനായി അരങ്ങേറ്റം കുറിച്ചെങ്കിലും 2020 മുതലാണ് ടീമിൽ സ്ഥിരമാകുന്നത്. ബാറ്റിങ്ങിൽ പതറിയാലും ഫീൽഡിങ്ങിലും ബൗളിങ്ങിലുമായി ആകെത്തുകയിൽ ടീമിന് ഒരു മുതൽക്കൂട്ടായതുകൊണ്ടുതന്നെ ഫിലിപ്സ് കിവി സംഘത്തിലെ പ്രധാനിയാണ്. ന്യൂസിലാൻഡിനായി 15 ടെസ്റ്റുകളിലും 41 ഏകദിനങ്ങളിലും 83 ട്വന്റി 20 കളിലും കളത്തിലിറങ്ങി.
രാജസ്ഥാൻ റോയൽസും സൺ റൈസേഴ്സ് ഹൈദരാബാദും ഫിലിപ്സിനെ ചൂണ്ടിയിരുന്നെങ്കിലും ഇരു ടീമുകളിലും കാര്യമായ അവസരം ലഭിച്ചിരുന്നില്ല. കിട്ടിയ അവസരങ്ങളിൽ പ്രതിഭക്കൊത്ത് കളിക്കാനുമായില്ല. ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഐപിഎല്ലിൽ കളിച്ചത്.
ന്യൂസിലാൻഡിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഐപിഎൽ ലേലത്തിന്റെ ആദ്യ ദിനം െഗ്ലൻ ഫിലിപ്സ് അൺസോൾഡ് താരങ്ങളുടെ ലിസ്റ്റിലേക്കാണ് പോയത്. ഒടുവിൽ അവസാന അവസരത്തിൽ രണ്ട് കോടിയെന്ന അടിസ്ഥാന വില മാത്രം നൽകി ഫിലിപ്സിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ചെയ്യുന്ന ജോലിയോട് 100% സമർപ്പണം പുലർത്തുന്ന താരമാണ് ഫിലിപ്സ്. പക്ഷേ എല്ലാവിദ്യകളും കൈയ്യിലുണ്ടായിട്ടും അയാൾ അണ്ടറേറ്റഡെന്ന ടാഗിനുള്ളിൽ കിടക്കുന്നു. അതുകൊണ്ടുതന്നെ ഫിലിപ്സിന് മൈതാനത്ത് ഇനിയും പലതും തെളിയിക്കാനുണ്ട്.
Adjust Story Font
16

