Quantcast

മില്ലര്‍ ഷോയില്‍ ഗുജറാത്ത് ഫൈനലില്‍

ആദ്യ ക്വാളിഫൈയറില്‍ തോറ്റതോടെ രാജസ്ഥാന് നാളത്തെ എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി വീണ്ടും ക്വാളിഫൈയര്‍ മത്സരം കളിക്കണം ഇനി ഫൈനലില്‍ എത്തണമെങ്കില്‍

MediaOne Logo

ijas

  • Updated:

    2022-05-24 18:12:39.0

Published:

24 May 2022 6:08 PM GMT

മില്ലര്‍ ഷോയില്‍ ഗുജറാത്ത് ഫൈനലില്‍
X

കൊല്‍ക്കത്ത: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ഗുജറാത്തിന് ഏഴ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം. നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലറുടെയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും 85 റണ്‍സിന്‍റെ പാര്‍ട്ണര്‍ ഷിപ്പിന്‍റെ മികവിലാണ് ഗുജറാത്ത് ഐ.പി.എല്‍ ആദ്യ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചത്. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്സറിന് പറത്തിയാണ് ഡേവിഡ് മില്ലര്‍ ഗുജറാത്തിന് ഉജ്വല വിജയം സമ്മാനിച്ചത്. ആദ്യ ക്വാളിഫൈയറില്‍ തോറ്റതോടെ രാജസ്ഥാന് നാളത്തെ എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി വീണ്ടും ക്വാളിഫൈയര്‍ മത്സരം കളിക്കണം ഇനി ഫൈനലില്‍ എത്താന്‍.

അക്കൗണ്ട് തുറക്കും മുമ്പ് ഓപണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടപ്പെട്ട ഗുജറാത്തിന് രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും മാത്യു വെയ്ടും ചേര്‍ന്ന് മികച്ച കൂട്ടുക്കെട്ട് കൊടുത്തുയര്‍ത്തുകയായിരുന്നു. 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ ഷിപ്പിന് ശേഷം തുടരെ ഗില്ലിന്‍റെയും മാത്യൂ വെയ്ഡിന്‍റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇതോടെ രാജസ്ഥാന്‍ മത്സരം തിരിച്ചുപിടിക്കുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ചേര്‍ന്ന് കളി രാജസ്ഥാന് അനുകൂലമാക്കുകയായിരുന്നു. 27 പന്തില്‍ 40 റണ്‍സോടെ ഹാര്‍ഡിക് പാണ്ഡ്യ പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ അഞ്ച് സിക്സറുകളും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടെ ഗുജറാത്തിന്‍റെ വിജയ ശില്‍പ്പിയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍, നായകന്‍ സഞ്ജു സാംസന്‍റെയും ജോസ് ബട്‍ലറിന്‍റെയു ചുമലിലേറിയാണ് മികച്ച സ്കോറിലെത്തിയത്. അർധശതകത്തിനു തൊട്ടരികെ വീണ നായകന്റെയും(47) സെൻസിബിൾ ഇന്നിങ്‌സിലൂടെ തുടങ്ങി ഒടുക്കം ആളിക്കത്തിയ സൂപ്പർ താരം ജോസ് ബട്‌ലറി(89)ന്റെയും കരുത്തിൽ 188 എന്ന മികച്ച സ്കോറില്‍ രാജസ്ഥാൻ റോയൽസ് പോരാട്ടം അവസാനിപ്പിച്ചു. 13-ാം തവണയും ടോസ് നിർഭാഗ്യം സഞ്ജുവിനെ പിടികൂടിയപ്പോൾ ഹർദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ആദ്യം ബൗൾ ചെയ്യാനുള്ള പാണ്ഡ്യയുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗുജറാത്തിന്റെ തുടക്കം. മികച്ച ഫോമിലുള്ള രാജസ്ഥാന്റെ ഓപണിങ് ബാറ്റർ യശസ്വി ജയ്‌സ്വാളിനെ മത്സരത്തിലെ രണ്ടാം ഓവറിൽ യാഷ് ദയാൽ തിരിച്ചയച്ചു. മൂന്നു റൺസുമായി വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ജയ്‌സ്വാൾ മടങ്ങിയത്.

ഒരറ്റത്ത് താളം കണ്ടെത്താൻ ജോസ് ബട്‌ലർ വിഷമിക്കുന്നത് കണ്ട മൂന്നാമനായെത്തിയ സഞ്ജു ആദ്യ പന്തുതൊട്ടു തന്നെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമണം തുടങ്ങി. ഗുജറാത്തിന്റെ സ്പിൻ മാന്ത്രികൻ റാഷിദ് ഖാനെ ബഹുമാനിച്ച്, മറ്റുള്ളവരെ തിരഞ്ഞുപിടിച്ച് അതിർത്തിയിലേക്ക് പറത്തുകയായിരുന്നു സഞ്ജു. നായകന്‍റെ വെടിക്കെട്ടിനു മുന്‍പില്‍ മറുവശത്ത് കാഴ്ചക്കാരനായി നിൽക്കുകയായിരുന്നു ബട്‌ലർ.

ഒടുവിൽ അർധശതകത്തിന് വെറും മൂന്ന് റൺസകലെ സായ് കിഷോറിനെ ഗാലറിയിലേക്ക് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളി. ഉയർത്തിയടിച്ച പന്ത് അതിർത്തിയിൽ ജോസഫ് അൽസാരിയുടെ കൈയിൽ ഭദ്രം. വെറും 26 പന്തിൽ അഞ്ച് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 47 റൺസ് അടിച്ചെടുത്താണ് താരം മടങ്ങിയത്.

നാലാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കലും രണ്ടുവീതം സിക്‌സും ബൗണ്ടറിയും സഹിതം മികച്ച ഇന്നിങ്‌സിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നായകൻ ഹർദിക് പാണ്ഡ്യയുടെ പന്തിൽ ബൗൾഡായി പുറത്ത്. 20 പന്തിൽ 28 റൺസെടുത്തായിരുന്നു മടക്കം. തുടർന്നാണ് ബട്‌ലർ കളിയുടെ ഗിയർ മാറ്റിയത്. 15 ഓവർ വരെയും തപ്പിത്തടഞ്ഞുകളിച്ച ബട്‌ലർ പിന്നീട് ആളിക്കത്തുകയായിരുന്നു. തുടരെത്തുടരെ ഗുജറാത്ത് ബൗളർമാരെ അതിർത്തിയിലേക്ക് പറത്തി ബട്‌ലർ. മറ്റൊരു ശതകത്തിലേക്ക് കുതിച്ച ബട്‍ലറിന്‍റെ പോരാട്ടം അവസാന ഓവറില്‍ അവസാനിക്കുമ്പോള്‍ 56 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്‌സും പറത്തി 89 റൺസ് വാരിക്കൂട്ടിയിരുന്നു.

ഗുജറാത്ത് ബൗളർമാരിൽ റാഷിദ് ഖാനല്ലാത്തവരെല്ലാം അടി വാങ്ങിക്കൂട്ടി. റാഷിദ് വിക്കറ്റൊന്നും നേടിയില്ലെങ്കിലും നാല് ഓവറിൽ വെറും 15 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. മുഹമ്മദ് ഷമി, യാഷ് ദയാൽ, സായ് കിഷോർ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

TAGS :

Next Story