ഐസിസി പൂർണ സഹകരണം ഉറപ്പ് നൽകി; ടി20 ലോകകപ്പിൽ നിലപാട് മയപ്പെടുത്താൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
ഐസിസി അന്ത്യശാസനം നൽകിയതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ദുബൈ: ടി20 ലോകകപ്പിൽ ടീമിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സഹകരിക്കുമെന്ന് ഉറപ്പ് നൽകിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സുരക്ഷാ സംബന്ധമായ ആശങ്കകൾ പരിഹരിക്കാൻ ബിസിബിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഐസിസി തയാറാണെന്ന് അറിയിച്ചതായും ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ഐസിസി അന്ത്യശാസനം നൽകിയതായുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ബോർഡ് വ്യക്തമാക്കി.
ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ നിന്ന് മാറ്റി നിർത്തിയതിനെ തുടർന്നാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് ബിസിസിഐ താരത്തെ റിലീസ് ചെയ്യാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകുകയായിരുന്നു. പിന്നാലെ ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തി. തുടർന്ന് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐസിസി ബംഗ്ലാദേശിന് കടുത്തനിർദേശം നൽകിയെന്ന തരത്തിൽ വാർത്തവന്നിരുന്നു. ടൂർണമെന്റിൽ പങ്കെടുത്തില്ലെൽ പോയന്റ് നഷ്ടമാകുമെന്നും അറിയിച്ചു. എന്നാൽ ഇങ്ങനെയൊരു നിർദേശം ഐസിസിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഇത്തരം അവകാശവാദങ്ങൾ തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ഐസിസിയിൽ നിന്ന് ലഭിച്ച ആശയവിനിമയത്തിന്റെ സ്വഭാവത്തെയോ ഉള്ളടക്കത്തെയോ പ്രതിഫലിപ്പിക്കുന്നില്ലെന്നും ബിസിബി പ്രസ്താവനയിൽ പറഞ്ഞു.
ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ആദ്യ മത്സരം ഫെബ്രുവരി 7-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസുമായാണ്. ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന ബംഗ്ലാദേശിന്റെ എല്ലാമത്സരങ്ങളും ഷെഡ്യൂൾ ചെയ്തത് ഇന്ത്യയിലാണ്.
Adjust Story Font
16

