Quantcast

ടെസ്റ്റ് ക്രിക്കറ്റിന് ഇനി വേഗം കൂടും, സ്റ്റോപ്പ് ക്ലോക്ക് നിയമമെത്തി; അടിമുടി മാറ്റവുമായി ഐസിസി

ബോളിങിൽ ഓവർ പൂർത്തിയാക്കി ഒരുമിനിറ്റിനകം അടുത്ത ഓവർ എറിയാനായി ബോളർ എത്തണം.

MediaOne Logo

Sports Desk

  • Published:

    27 Jun 2025 4:08 PM IST

Test cricket will now be faster, stop clock rule has arrived; ICC makes drastic changes
X

അടുത്തകാലത്തായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കാലോചിത പരിഷ്‌കരണങ്ങൾക്കാണ് ഐസിസി തയാറായത്. പുതുക്കിയ ബൗണ്ടറി ക്യാച്ച് നിയമം മുതൽ ന്യൂബോൾ റൂൾ, കൺകഷൻ സബ് വരെയായി സുപ്രധാന മാറ്റങ്ങൾ. ഇപ്പോഴിതാ ലിമിറ്റഡ് ഓവർ ക്രിക്കറ്റിനൊപ്പം ടെസ്റ്റിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് ഐസിസി. സ്‌റ്റോപ്പ് ക്ലോക്ക്, ഡിസിഷൻ റിവ്യൂ സിസ്റ്റം, പന്തിൽ ഉമിനീർ നിരോധനം... തുടങ്ങി നിലവിമുള്ള നിയമങ്ങൾ പൊളിച്ചെഴുതിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി മാറ്റംവരുത്തിയ നിമയങ്ങൾ ഏതെല്ലാം... പരിശോധിക്കാം.


സ്‌റ്റോപ്പ് ക്ലോക്ക് നിയമം. വൈറ്റ്‌ബോൾ ക്രിക്കറ്റിൽ ഈ നിയമം നേരത്തെയുണ്ടെങ്കിലും ടെസ്റ്റ് ഫോർമാറ്റിലേക്ക് എത്തിയിരുന്നില്ല. ഇതോടെ റെഡ്‌ബോൾ ക്രിക്കറ്റിൽ സമയം വലിയ ഘടകമായിരുന്നില്ല. എന്നാൽ പുതുക്കിയ നിയമപ്രകാരം ഇനി കളി മാറും. ബോളർ പന്തെറിഞ്ഞ ശേഷം കൃത്യം ഒരുമിനിറ്റിനകം അടുത്ത ബോളർ പന്തെറിയാനെത്തണമെന്നതാണ് പുതിയ നിയമത്തിൽ പറയുന്നത്. 60 സെക്കന്റിനുള്ളിൽ പുതിയ ബൗളർ പന്തെറിയാനെത്തിയില്ലെങ്കിൽ രണ്ടു തവണയായി അമ്പയർ വാണിങ് നൽകും. വീണ്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് പെനാൽറ്റിയായി ലഭിക്കുമെന്നതാണ് ടെസ്റ്റിൽ ആവിഷ്‌കരിച്ച പുതിയ നിയമത്തിന്റെ പ്രത്യേകത. 80 ഓവർ പൂർത്തിയാകുന്നതോടെ പുതിയ മുന്നറിയിപ്പും പിഴയും വീണ്ടുമെത്തും. കഴിഞ്ഞ വർഷം വൈറ്റ്‌ബോൾ ക്രിക്കറ്റിൽ ഇൻഡ്രൊഡ്യൂസ് ചെയ്ത നിയമമാണ് ഇപ്പോൾ ടെസ്റ്റിലേക്കും ഐസിസി വ്യാപിപ്പിച്ചത്. നിലവിൽ നടന്നുവരുന്ന 2025-27 ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ നിയമം ഇതിനകം നടപ്പിലാക്കി കഴിഞ്ഞു.



ഉമിനീർ ഉപയോഗിച്ചാലും ഇനി മുതൽ പന്ത് മാറ്റേണ്ടതില്ല എന്നതാണ് മറ്റൊരു പ്രധാന മാറ്റം. പന്തിൽ ഉമിനീർ പുരട്ടുന്നതിന് നിലവിൽ ഐസിസിയുടെ വിലക്കുണ്ട്. എന്നാൽ ബൗളിങ് ടീം ഉമിനീർ തേച്ചെന്ന കാരണത്താൽ പന്ത് മാറ്റേണ്ട സാഹചര്യമില്ലെന്ന ഭേദഗതിയാണ് ഐസിസി പുതുതായി കൊണ്ടുവന്നത്. പന്ത് മാറ്റുന്നതിനായി ഫീൽഡ് ടീം മനപൂർവ്വം പന്തിൽ ഉമിനീർ പുരട്ടുന്നതായി നേരത്തെ മുതൽ ആരോപണമുണ്ടായിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുകയാണ് നിയമം അപ്‌ഡേറ്റ് ചെയ്തതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. അതായത് പന്തിൽ വലിയ പ്രശ്‌നം ശ്രദ്ധിയിൽപ്പെട്ടാൽ മാത്രമാകും ഇനി അമ്പയർമാർ പുതിയ പന്ത് ഉപയോഗിക്കുക. എന്നാൽ പന്തിൽ ഉമിനീര് പുരട്ടുന്നതിനെതിരെ നിലനിൽക്കുന്ന സലൈവാ ബാൻ തുടരുമെന്നും ഐസിസി അറിയിച്ചു. ഇത്തരത്തിൽ പന്തിൽ ഉമിനീരോ വിയർപ്പോ വരുത്തി ബൗളിങ് ടീം പന്തിൽ മിനുസം വരുത്താൻ ശ്രമിച്ചതായി ബോധ്യപ്പെട്ടാൽ പെനാൽറ്റിയായി ബാറ്റിങ് ടീമിന് അഞ്ച് റൺസ് ലഭിക്കും.



ഡിസിഷൻ റിവ്യൂ സിസ്റ്റം അഥവാ ഡിആർഎസിലും കാര്യമായ പൊളിച്ചെഴുത്തിനാണ് ഐസിസി തയാറായിരിക്കുന്നത്. ബാറ്റർക്കെതിരെ വിക്കറ്റ് കീപ്പർ ക്യാച്ച് ഔട്ടിന് അപ്പീൽ നൽകുന്നതായി കരുതുക. എഡ്ജുണ്ടെന്ന് കരുതി അമ്പയർ ഔട്ട് വിധിക്കുന്നു. എന്നാൽ അമ്പയറുടെ തീരുമാനത്തിനെതിരെ ബാറ്റർ റിവ്യൂ ആവശ്യപ്പെടുന്നു. ടിവി അമ്പയറുടെ അൾട്രാ എഡ്ജ് പരിശോധനയിൽ പന്ത് ബാറ്റിൽ ഉരസിയില്ലെന്നും പാഡിലാണ് തട്ടിയതെന്നും വ്യക്തമാകുന്നു. ക്യാച്ച് ഔട്ട് അല്ലെന്ന് തെളിഞ്ഞെങ്കിലും പാഡിൽ തട്ടിയതിനാൽ ടിവി അമ്പയർ എൽഡിഡബ്ലു പരിശോധിക്കുമെന്നാണ് പുതിയ ഡിആർഎസ് നിമയത്തിന്റെ പ്രത്യേകത. എൽബിഡബ്ലു ബോൾ ട്രാക്കിങ് പരിശോധനയിൽ അമ്പയർ കോൾ ആയാണ് കാണുന്നതെങ്കിലും നേരത്തെ അമ്പയർ ഔട്ട് നൽകിയത് പരിഗണിച്ച് ബാറ്റർക്ക് കൂടാരം കയറേണ്ടിവരും.



നോബോൾ ക്യാച്ച് പരിശോധന... ഇതുവരെയുള്ള നിയമമനുസരിച്ച് നോബിളിൽ ബാറ്ററുടെ ക്യാച്ച് ഫീൽഡർ എടുക്കുകയാണെങ്കിൽ അമ്പയർ ഇത് കാര്യമായി പരിശോധിക്കാറില്ല. ഫീൽഡർ എടുത്ത ക്യാച്ചിൽ സംശയുമുണ്ടെങ്കിലും നോബോളിന്റെ ആനുകൂല്യത്താൽ അത് അപ്രസക്തമാകുകയാണ് പതിവ്. എന്നാൽ ഇനി മുതൽ നോബോളാണെങ്കിലും ഫീൽഡറുടെ ക്യാച്ച് കൃത്യമായി പരിശോധിക്കാൻ അമ്പയർ നിർബന്ധിതമാകും. അത് ക്യാച്ചാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ ബാറ്റിങ് ടീമിന് നോബോളിന്റെ എക്‌സ്ട്രാ റൺ മാത്രമാകും ലഭിക്കുക. ക്യാച്ചല്ലെങ്കിൽ മാത്രമാകും ഓടിയെടുത്ത റൺസ് അക്കൗണ്ടിൽ ചേർക്കാനാകുക.



ഷോട്ട് റൺ റൂൾ. ക്രീസിൽ കയറാതെ ബാറ്റർമാർ ഓട്ടം പൂർത്തിയാക്കുന്നതിനെതിരായ നിയമത്തിലും സുപ്രധാന മാറ്റമാണ് ഐസിസി കൊണ്ടുവന്നത്. നിലവിൽ റണ്ണിങിനിടെ ബാറ്റർമാർ മന:പൂർവ്വം സ്‌ട്രൈക്കിങ്, നോൺ സ്‌ട്രൈക്കിങ് എൻഡിൽ ബാറ്റു കുത്താത്തതായി കണ്ടെത്തിയാൽ അഞ്ച് റൺസ് പെനാൽറ്റിയാണ് അമ്പയർ ശിക്ഷ വിധിക്കുക. എന്നാൽ ഇനി മുതൽ ഇത്തരം ഷോട്ട് റൺ കണ്ടെത്തിയാ ടുത്തപന്ത് ആര് ബാറ്റ് ചെയ്യണമെന്ന് ഫീൽഡിങ് ടീമിന്റെ ക്യാപ്റ്റന് തീരുമാനിക്കാമെന്നാണ് പുതിയ റൂൾ പറയുന്നത്. നേരത്തെയുള്ള അഞ്ച് റൺസ് പെനാൽറ്റി തുടരുകയും ചെയ്യും. അതേസമയം, ബാറ്റർ മന:പൂർവ്വമല്ല ഇത്തരത്തിൽ ക്രീസിലെത്താതിരുന്നത് എന്ന് ബോധ്യപ്പെട്ടാൽ പെനാൽറ്റിയുണ്ടാകില്ല. പകരം ഓടിയെടുത്ത റൺ മാത്രമാകും കുറയ്ക്കുക. ഇക്കാര്യത്തിൽ അമ്പയറുടെ തീരുമാനമാകും നിർണായകമാകുക

ഒരു പന്തിൽ ഒന്നിലധികം ഔട്ട് അപ്പീലുകൾ ഉയർന്നാൽ തേർഡ് അമ്പയർ അത് നടന്ന പ്രകാരമാകും ഇനി മുതൽ ഔട്ട് പരിശോധിക്കുക. അതായത് എൽബിഡബ്ലുവിനും റൺഔട്ടിനും ഒരേസമയം അപ്പീൽവന്നാൽ ആദ്യം പരിശോധിക്കുക എൽബിയായിരിക്കുമെന്നർത്ഥം. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും പുതിയമാറ്റം വരുത്തിയിട്ടുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഒരു കളിക്കാരന് ഗുരുതരമായി പരിക്കേറ്റാൽ ടീമുകൾക്ക് മുഴുവൻ സമയ പകരക്കാരെ കളിപ്പിക്കാനാകുമെന്നതാണ് നിർണായക മാറ്റം. അതേസമയം, സീരിസ് ഇഞ്ചുറിയാണെന്ന് മാച്ച് ഒഫീഷ്യലുകൾക്ക് ബോധ്യമായാൽ മാത്രമാകും ഇത് അനുവദിക്കുക.

TAGS :

Next Story