'മത്സരങ്ങളെല്ലാം ഒരേവേദിയിൽ'; ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുമെന്ന് കമ്മിൻസ്
ഞായറാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം

ദുബൈ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് അനാവശ്യ പരിഗണന ലഭിക്കുന്നതായി മുൻ താരങ്ങൾ. ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ ഒറ്റ വേദിയിലായി ക്രമീകരിച്ചതിനെയാണ് മുൻ താരങ്ങളായ നാസർ ഹുൂസൈനും മൈക്കിൾ ആതർട്ടനും ചോദ്യം ചെയ്തത്. ഒരേ വേദിയിൽ മത്സരങ്ങൾ കളിക്കുന്നത് ഇന്ത്യക്ക് മുൻതൂക്കം നൽകുന്നതായി ആസ്‌ത്രേലിയൻ താരം പാറ്റ് കമ്മിൻസും വ്യക്തമാക്കി. പാകിസ്താനെയും ബംഗ്ലാദേശിനെയും തോൽപിച്ച് ഇന്ത്യ ഇതിനകം സെമി ഉറപ്പിച്ചിരുന്നു.
ഇന്ത്യക്ക് പുറമെ മറ്റു ടീമുകളെല്ലാം ഒരുവേദിയിലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റായിട്ട് പോലും ഇന്ത്യയോട് മത്സരിക്കാൻ പാകിസ്താൻ കിലോമീറ്ററോളം സഞ്ചരിച്ച് ദുബൈയിലെത്തിയതും മുൻ താരങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയുടെ സെമി ഫൈനലിലും ഫൈനലിലെത്തിയാലും വേദിയാകുക ദുബൈ തന്നെയാണ്. രോഹിത് ശർമയോടും സംഘത്തോടും അടുത്ത മത്സരത്തിൽ ഏറ്റുമുട്ടേണ്ട ന്യൂസിലൻഡ് നിലവിൽ പാകിസ്താനിലാണുള്ളത്. മാർച്ച് രണ്ടിനായി നടക്കുന്ന മത്സരത്തിനായി അവർക്ക് ദുബൈയിലെത്തണം. തുടർന്ന് സെമി കളിക്കാനായി വീണ്ടും പാകിസ്താനിലേക്ക് തന്നെ മടങ്ങുകയും വേണം. യാത്രാക്ഷീണം ടീമുകളുടെ പ്രകടനത്തെ ബാധിക്കുന്നു. മറ്റു ടീമുകൾക്കില്ലാത്ത ആനുകൂല്യം ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നും മൈക്കിൾ ആതർട്ടൻ ചൂണ്ടിക്കാട്ടി.
ഓസീസ് ഏകദിന-ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസും ഇതേ നിലപാട് പങ്കുവെച്ചു. ദുബൈയിലാണ് മത്സരമെന്ന് നേരത്തെ അറിയാവുന്നതിനാൽ അതനുസരിച്ചാണ് ഇന്ത്യ ടീം സെലക്ഷനടക്കം നടത്തിയതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ പറഞ്ഞു. അധിക സീമറെ ഉൾപ്പെടുത്താതെ മൂന്ന് സ്പിന്നർമാരെ കളിപ്പിച്ചതിന്റെ കാരണവും ദുബൈയിലെ പിച്ചിനെ കുറിച്ച് ധാരണയുള്ളതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ടീമുകൾക്ക് കറാച്ചി,ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ സാഹചര്യമനുസരിച്ച് വ്യത്യസ്ത ടീമിനെ പരീക്ഷിക്കുമ്പോൾ ഇന്ത്യക്ക് ഒരേടീമിനെ വെച്ച് കളിക്കാനാകുമെന്നും നാസർ ഹുസൈൻ പറഞ്ഞു.
Adjust Story Font
16

