Quantcast

അണ്ടർ 19 ലോകകപ്പ് ; ജയത്തോടെ തുടങ്ങി ഇന്ത്യൻ നിര

MediaOne Logo

Sports Desk

  • Published:

    15 Jan 2026 8:14 PM IST

അണ്ടർ 19 ലോകകപ്പ് ; ജയത്തോടെ തുടങ്ങി ഇന്ത്യൻ നിര
X

ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. മഴമൂലം 96 റൺസിലേക്ക് ചുരുക്കിയ വിജലക്ഷ്യം ഇന്ത്യ 17.2 ഓവറിൽ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഹെനിൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് ബലത്തിൽ ഇന്ത്യ 107 റൺസിൽ എറിഞ്ഞൊതുക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അമേരിക്കക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. ടീം സ്‌കോർ ഒന്നിൽ നിൽക്കെ ഓപണർ അമരീന്ദർ ഗില്ലിനെ ഹെനിൽ പട്ടേൽ പുറത്താക്കി. പിന്നാലെയെത്തിയ വിക്കറ്റ് കീപ്പർ അർജുൻ മഹേഷിനെ കൂട്ടുപിടിച്ച് സാഹിൽ ഗാർഗ് നടത്തിയ ചെറുത്ത് നിൽപ്പാണ് അമേരിക്കൻ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. ആറ് അമേരിക്കൻ താരങ്ങളാണ് ഒറ്റയക്കത്തിൽ പുറത്തായത്. 36 റൺസ് നേടിയ നിധീഷ് റെഡ്ഢിയാണ് അമേരിക്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഹെനിൽ പട്ടേൽ അഞ്ചും വൈഭവ് സൂര്യവൻഷി, അംബരീഷ്, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ ഓരോ വിക്കറ്റും നേടി.

ഇന്ത്യൻ ബാറ്റിങ്ങിന് മുന്നോടിയായി മഴ കുറച്ച് സമയം കളി തടസ്സപ്പെടുത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് തുടക്കത്തിലേ വൈഭവിനെ നഷ്ടമായി. രണ്ട് റൺസിൽ നിൽക്കെ താരത്തെ റിത്വിക്ക് റെഡ്ഢി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ വേദാന്ത് ത്രിവേദിയും രണ്ട് റണ്ണിന് മടങ്ങി. നാലാം ഓവറിന് പിന്നാലെ വീണ്ടും മഴയെത്തി, അതോടെ മത്സരം 37 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 96 ആക്കി പുനർനിശ്ചയിക്കുകയും ചെയ്തു. അഞ്ച് ഫോറും ഒരു സിക്സുമടക്കം 42 റൺസ് അടിച്ചെടുത്ത വിക്കറ്റ് കീപ്പർ അഭിഷേക് കുണ്ടു ഇന്ത്യയെ 17.2 ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

എഴോവറിൽ ഒരു മെയ്ഡൻ അടക്കം 16 റൺസ് മാത്രം വിട്ട് നൽകി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേലാണ് മത്സരത്തിലെ താരം. ജനുവരി 17 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

TAGS :

Next Story