അഞ്ചാം ദിനം തകർത്തടിച്ച് ഇംഗ്ലണ്ട്; വിക്കറ്റ് നഷ്ടമാകാതെ 150, ബുംറയിൽ വിശ്വാസമർപ്പിച്ച് ഇന്ത്യ
ഇംഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡക്കറ്റ് അവസാന ദിനം സെഞ്ച്വറി നേടി

ലീഡ്‌സ്: ഹെഡിങ്‌ലി ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ ആതിഥേയർ 150 റൺസ് പിന്നിട്ടു. സെഞ്ച്വറിയുമായി ബെൻ ഡക്കറ്റും (103), 57 റൺസുമായി സാക് ക്രാവ്‌ലിയുമാണ് ക്രീസിൽ. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന് ഒരു സെഷൻ ബാക്കിനിൽക്കെ ഇനി 200 റൺസ് മാത്രം മതി. വിക്കറ്റ് വീഴ്ത്തിയാൽ മാത്രമാകും ഇന്ത്യക്ക് ഇനി മത്സരത്തിലേക്ക് തിരിച്ചുവരാനാകുക.
അവസാന ദിനം ആദ്യ മണിക്കൂറിൽ ന്യൂ ബോളിന്റെ ആനുകൂല്യത്തിൽ വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യൻ പ്രതീക്ഷകൾ തല്ലികെടുത്തി ഇംഗ്ലീഷ് ഓപ്പണർമാർ ബാസ്‌ബോൾ ശൈലിയിൽ ബാറ്റുവീശി. ബുംറയെ കരുതലോടെ നേരിട്ട ഇരുവരും പ്രസിദ്ധ് കൃഷ്ണയേയും ഷർദുൽ ഠാക്കൂറിനേയും ടാർഗെറ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് സിറാജിനും ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനായില്ല. ഡക്കറ്റാണ് കൂടുതൽ അപകടകാരിയായത്. 126 പന്തിൽ 14 ഫോർ സഹിതമാണ് താരം ശതകം കുറിച്ചത്. മത്സരത്തിന് മഴ പ്രവചനമുണ്ടെങ്കിലും ഇതുവരെ കളി തടസപ്പെടുത്തിയിട്ടില്ല.
Adjust Story Font
16

