ജോ റൂട്ട് 99 നോട്ടൗട്ട്; ലോഡ്‌സിൽ ബാസ്‌ബോൾ മാറ്റിവെച്ച് ഇംഗ്ലണ്ട്, ആദ്യദിനം 251-4
ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി

ലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ലോഡ്‌സിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ 251-4 എന്ന നിലയിലാണ് ആതിഥേയർ. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡി രണ്ടുവിക്കറ്റും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 44 റൺസ് ചേർക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെ ത്രീലയൺസിന് നഷ്ടമായി. സാക് ക്രാലിയെയും(18),ബെൻ ഡക്കറ്റിനേയും(23) ഒരേ ഓവറിൽ പുറത്താക്കി നിതീഷ് റെഡ്ഡി സന്ദർശകർക്ക് സ്വപ്‌ന തുടക്കമാണ് നൽകിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഒലീ പോപ്പ്- ജോറൂട്ട് കൂട്ടുകെട്ട് ആതിഥേയർക്ക് പ്രതീക്ഷയേകി. പതിവ് ബാസ്‌ബോൾ വിട്ട് ഇന്ത്യൻ പേസ് ആക്രമണത്തെ കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റർമാർ നേരിട്ടത്. മികച്ച പാർട്ടണർഷിപ്പിലേക്ക് ഇരുവരും നീങ്ങവെ ജഡേജ ഇന്ത്യക്കായി ബ്രേക്ക് ത്രൂ വിക്കറ്റെടുത്തു. 44 റൺസെടുത്ത ഒലീ പോപ്പിന്റെ വിക്കറ്റാണ് ഇന്ത്യൻ ഓൾറൗണ്ടർ വീഴ്ത്തിയത്. പിന്നാലെ മികച്ച ഫോമിലുള്ള ഹാരി ബ്രൂക്കിനെ(11) ക്ലീൻബൗൾഡാക്കി ജസ്പ്രീത് ബുംറയും വരവറിയിച്ചു. എന്നാൽ അഞ്ചാം വിക്കറ്റിൽ റൂട്ട്-സ്റ്റോക്‌സ് സഖ്യം ആദ്യദിനം വിക്കറ്റ് നഷ്ടമാകാതെ അവസാനിപ്പിച്ചു.
നേരത്തെ ഒരുമാറ്റവുമായാണ് ഇന്ത്യ ലോഡ്‌സിൽ ഇറങ്ങിയത്. ഹെഡ്ഡിങ്‌ലിയിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ എജ്ബാസ്റ്റണിണിൽ കൂറ്റൻ ജയവുമായി ഇന്ത്യ മറുപടി നൽകിയിരുന്നു. അഞ്ച് മത്സര പരമ്പര ഇതോടെ 1-1 സമനിലയിലാണ്.
Adjust Story Font
16

