ലോഡ്‌സ് ടെസ്റ്റിൽ പരാജയ ഭീതിയിൽ ഇന്ത്യ; എട്ട് വിക്കറ്റ് നഷ്ടം
രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് വിജയത്തിന് 81 റൺസ് കൂടി വേണം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ചാംദിനം ആദ്യ സെഷനിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ്‌നിര. ലഞ്ചിന് പിരിയുമ്പോൾ 112-8 എന്ന നിലയിലാണ് സന്ദർശകർ. രണ്ട് വിക്കറ്റ് ശേഷിക്കെ ജയത്തിന് ഇന്ത്യക്ക് 81 റൺസ് കൂടി വേണം. 17 റൺസുമായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ. ലഞ്ചിന് മുൻപത്തെ അവസാന ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെ(13) പുറത്താക്കി ക്രിസ് വോക്‌സ് ആതിഥേയർക്ക് പ്രതീക്ഷ നൽകി.
നാലിന് 58 എന്ന നിലയിൽ ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. മികച്ച ഫോമിലുള്ള ഋഷ്ഭ് പന്തിന്റെ(9) വിക്കറ്റാണ് നഷ്ടമായത്. ജോഫ്രാ ആർച്ചറിന്റെ ഓവറിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ക്ലീൻബൗൾഡാവുകയായിരുന്നു. അധികനേരെ ക്രീസിൽ തുടരാതെ കെഎൽ രാഹുലും(39) കൂടാരം കയറി. ബെൻ സ്റ്റോക്‌സാണ് രാഹുലിനെ വിക്കറ്റിന് മുന്നിൽകുരുക്കുകയായിരുന്നു.
റിവ്യൂയിലൂടെയാണ് ഇംഗ്ലണ്ട് വിക്കറ്റ് നേടിയെടുത്തത്. തുടർന്നെത്തിയ വാഷിംഗ്ടൺ സുന്ദർ (0) നേരിട്ട നാലാം പന്തിൽ തന്നെ മടങ്ങി. ഒടുവിൽ അവസാന പ്രതീക്ഷയായിരുന്ന റെഡ്ഡി-ജഡേജ കൂട്ടുകെട്ടും പൊളിഞ്ഞതോടെ ഇന്ത്യ പരാജയ ഭീതിയിലേക്ക് വീണു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇനി ബാറ്റിങിനിറങ്ങാനുള്ളത്.
Adjust Story Font
16

