Quantcast

ലോഡ്‌സിൽ പൊരുതി വീണ് ഇന്ത്യ; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 22 റൺസ് ജയം

വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (61 നോട്ടൗട്ട്) അവസാന സെഷൻ വരെ പോരാടി.

MediaOne Logo

Sports Desk

  • Updated:

    2025-07-14 16:36:12.0

Published:

14 July 2025 10:01 PM IST

India fight back at Lords; England win by 22 runs in third Test
X

ലണ്ടൻ: ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതി വീണ് ഇന്ത്യ. അവസാന വിക്കറ്റിൽ രവീന്ദ്ര ജഡേജ-മുഹമ്മദ് സിറാജ് സഖ്യം വിജയ പ്രതീക്ഷ നൽകിയെങ്കിലും 22 റൺസ് അകലെ ഇന്ത്യൻ സ്വപ്‌നങ്ങൾ പൊലിഞ്ഞു. ശുഹൈബ് ബഷീറിന്റെ ഓവറിൽ 11ാംമൻ മുഹമ്മദ് സിറാജ് ക്ലീൻബൗൾഡാവുകയായിരുന്നു. 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെപോരാട്ടം 170ൽ അവസാനിക്കുകയായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 2-1 മുന്നിലെത്തി. ഇംഗ്ലണ്ടിനായി ജോഫ്രാ ആർച്ചറും ബെൻ സ്റ്റോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരെ അവസാന ദിനം 193 റൺസുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. റിഷഭ് പന്തിനെയാണ് (9) ആദ്യം നഷ്ടമയാത്. ആർച്ചറിന്റെ ഓവറിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ക്ലീൻബൗൾഡാകുകയായിരുന്നു. പിന്നാലെ കെ എൽ രാഹുൽ (39), വാഷിംഗ്ടൺ സുന്ദർ (0), നിതീഷ് കുമാർ റെഡ്ഡി (13), ജസ്പ്രിത് ബുമ്ര (5) എന്നിവരും മടങ്ങി. നാലിന് 58 എന്ന നിലയിൽ ക്രീസിലെത്തിയ ഇന്ത്യ 82-7 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തുകയായിരുന്നു. നാലാംദിനം മികച്ച നിലയിൽ ബാറ്റുവീശിയ രാഹുലിനും ഇന്ന് ക്രീസിൽ അധികനേരം തുടരാനായില്ല. സ്റ്റോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഒരുവശത്ത് ജഡേജ( 181 പന്തിൽ 61) അടിയുറച്ചു നിന്നെങ്കിലും വാലറ്റത്തിനെ ഓരോരുത്തരെയായി വീഴ്ത്തി ഇംഗ്ലണ്ട് വിജയം പിടിക്കുകയായിരുന്നു.

നാലാം ദിനം വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോൾ സ്‌കോർബോർഡിൽ അഞ്ച് റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ കരുൺ നായർ (14) വീണ്ടുമൊരുക്കിൽ കൂടി പരാജയപ്പെട്ടു. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (6) ഔട്ടായതോടെ ഇന്ത്യ തിരിച്ചടി നേരിട്ടു. നാലാം ദിനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നൈറ്റ് വാച്ച്മാൻ ആകാശ് ദീപും (1) പുറത്തായി. എന്നാൽ അവസാനദിനം തുടക്കത്തിൽ ഋഷഭ് പന്തിന്റെ വിക്കറ്റെടുക്കാനായത് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. നേരത്തെ, ആതിഥേയർ രണ്ടാം ഇന്നിങ്‌സിൽ 192 റൺസിന് പുറത്തായിരുന്നു

TAGS :

Next Story