ജോ റൂട്ടിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കൂറ്റൻ സ്‌കോറിലേക്ക്, 544-7
പോണ്ടിങിനെ മറികടന്ന് ടെസ്റ്റ് റൺസ് വേട്ടക്കാരിൽ സച്ചിന് പിറകിൽ റൂട്ട് രണ്ടാമതെത്തി

മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 എന്ന നിലയിലാണ് ആതിഥേയർ. 186 റൺസ് ലീഡായി. അർധ സെഞ്ച്വറിയുമായി ബെൻ സ്‌റ്റോക്‌സും(77) ലിയാം ഡവ്‌സണുമാണ് (21) ക്രീസിൽ. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോ റൂട്ടിന്റെ സെഞ്ച്വറിയുമായി (248 പന്തിൽ 150) ത്രീലയൺസ് നിരയിലെ ടോപ് സ്‌കോററായി. 14 ബൗണ്ടറികൾ സഹിതമാണ് താരം ശകതം കുറിച്ചത്. ഇതോടെ റിക്കി പോണ്ടിങിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റ് റൺവേട്ടക്കാരിൽ രണ്ടാമതെത്താനും താരത്തിനായി. നിലവിൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് 34 കാരന് മുന്നിലുള്ളത്.
225-2 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ആതിഥേയർ ലഞ്ചിന് പിരിയുമ്പോൾ 332-2എന്ന നിലയിലായിരുന്നു. ഒലീ പോപ്പ്-റൂട്ട് കൂട്ടുകെട്ട് ആതിഥേയരെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. 71 റൺസിൽ ഒലീ പോപ്പ് മടങ്ങിയെങ്കിലും ക്യാപ്റ്റൻ സ്റ്റോക്ക്‌സുമായി ചേർന്ന് റൂട്ട് സ്‌കോർ 500ൽ എത്തിച്ചു. ഹാരി ബ്രൂക്ക്(3), ജാസി സ്മിത്ത്(9), ക്രിസ് വോക്‌സ്(4) എന്നിവരുടെ വിക്കറ്റും ഇന്ന് നഷ്ടമായി. ഇന്നലെ ഓപ്പണർമാരായ സാക് ക്രൗളിയുടേയും(84), ബെൻ ഡക്കറ്റിന്റേയും വിക്കറ്റ് ഇന്ത്യൻ ബൗളർമാർ സ്വന്തമാക്കിയിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 358 റൺസിൽ ഓൾഔട്ടായിരുന്നു. 61 റൺസെടുത്ത സായ് സുദർശനാണ് ടോപ് സ്‌കോറർ.
Adjust Story Font
16

