Quantcast

നന്നായി കളിച്ചിട്ടും സർഫറാസിന് അവസരമില്ല; ടീം പ്രഖ്യാപനത്തിന് പിന്നാലെ ആരാധക പ്രതിഷേധം

പരിക്കേറ്റ് പുറത്തായ കെ.എൽ രാഹുലിന് പകരം രജത് പടിദാറാണ് രണ്ടാം ടെസ്റ്റിൽ ഇടംപിടിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-02-02 09:56:42.0

Published:

2 Feb 2024 6:49 AM GMT

നന്നായി കളിച്ചിട്ടും സർഫറാസിന് അവസരമില്ല; ടീം പ്രഖ്യാപനത്തിന് പിന്നാലെ ആരാധക പ്രതിഷേധം
X

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സർഫറാസ് ഖാനെ തഴഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്ത് മിന്നും ഫോമിൽ കളിച്ചിട്ടും അന്തിമ ഇലവനിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. പരിക്കേറ്റ് പുറത്തായ കെ.എൽ രാഹുലിന് പകരം രജത് പടിദാറാണ് രണ്ടാം ടെസ്റ്റിൽ ഇടംപിടിച്ചത്. ഇതോടെ സർഫറാസിന് അരങ്ങേറ്റ ടെസ്റ്റിനായി ഇനിയും കാത്തിരിക്കേണ്ടിവരും. മൂന്നാം ടെസ്റ്റിലേക്ക് രാഹുൽ മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ സെലക്ഷൻ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കുന്ന അവസാന മൂന്ന് ടെസ്റ്റുകളിലേക്കുള്ള സ്‌ക്വാർഡിൽ താരം ഇടംപിടിക്കാനുള്ള സാധ്യതയില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി പത്തുവർഷത്തിന് ശേഷമാണ് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്.

സർഫറാസിനോടുള്ള അനീതി തുടരുകയാണെന്നും എന്തുകൊണ്ട് മാറ്റിനിർത്തിയെന്ന് വിശദീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പറഞ്ഞു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 45 മത്സരങ്ങളിൽ നിന്നായി 3912 റൺസാണ് താരം നേടിയത്. 301 റൺസാണ് ഉയർന്ന സ്‌കോർ. ദിവസങ്ങൾക്ക് മുൻപ് ഇംഗ്ലണ്ട് ലയൺസിനെതിരെ സെഞ്ചുറി പ്രകടനവും നടത്തിയിരുന്നു. ഇതോടെയാണ് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്. എന്നാൽ കേരള താരം സഞ്ജു സാംസണിനേതുപോലെ ടീമിൽ ഉൾപ്പെടുത്തി അവസരം നൽകാതിരിക്കുന്ന പ്രവണത തുടരുകയാണോയെന്ന ആശങ്കയും സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ പങ്കുവെക്കുന്നു.

അതേസമയം, ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ശുഭ്മാൻ ഗിലിന് വിശാഖപട്ടണം ടെസ്റ്റിലും തിളങ്ങാനായില്ല. 34 റൺസുമായി ശുഭ്മാൻ ഗിൽ പുറത്തായി. പടിദാറിന്റെ ഉൾപ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുൽദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.

ഇന്ത്യ: യശസ്വി ജെയ്സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, ശ്രേയസ് അയ്യർ, കെ എസ് ഭരത്, ആർ അശ്വിൻ, അക്സർ പട്ടേൽ, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാർ, കുൽദീപ് യാദവ്.

ഇംഗ്ലണ്ട്: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ലി, ഷൊയ്ബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.

TAGS :

Next Story