ഈഡൻ ഗാർഡനിൽ തീപടർത്തി അഭിഷേക്; ഇംഗ്ലണ്ടിനെതിരായ ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
മികച്ച തുടക്കം നൽകിയ സഞ്ജു സാംസൺ 26 റൺസെടുത്ത് പുറത്തായി.

കൊൽക്കത്ത: ഈഡൻ ഗാർഡനിൽ അനായാസം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം. സന്ദർശകർ ഉയർത്തിയ വിജയലക്ഷ്യമായ 133 തേടിയിറങ്ങിയ ആതിഥേയർ 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധ സെഞ്ച്വറിയുമായി (34 പന്തിൽ 79) അഭിഷേക് ശർമ നടത്തിയ തകർപ്പൻ ബാറ്റിങാണ് ഇന്ത്യക്ക് ജയം അനായാസമാക്കിയത്. സഞ്ജു സാംസൺ 26 റൺസുമായി മികച്ച പിന്തുണ നൽകി. ഗസ് അറ്റ്കിൻസൻ എറിഞ്ഞ രണ്ടാം ഓവറിൽ 22 റൺസാണ് സഞ്ജു അടിച്ചെടുത്തത്. സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായി. തിലക് വർമ(19), ഹാർദിക് പാണ്ഡ്യ(3) എന്നിവർ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഫ്രാ ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദിൽ റാഷിദാണ് മറ്റൊരു വിക്കറ്റ് നേടിയത്.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ ഒരു റൺമാത്രമാണ് സ്‌കോർബോർഡിൽ ചേർക്കാനായത്. എന്നാൽ ഗസ് അറ്റ്കിൻസന്റെ രണ്ടാം ഓവറിൽ ബൗണ്ടറിയോടെ തുടങ്ങിയ സഞ്ജു നയംവ്യക്തമാക്കി. 22 റൺസ് നേടിയ ആ ഓവർ ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയിടുന്നതായി. ജോഫ്രാ ആർച്ചറിന്റെ ഓവറിൽ വലിയഷോട്ടിന് ശ്രമിച്ച് ഗസ് അറ്റ്കിൻസന് ക്യാച്ച്് നൽകിയാണ്(20 പന്തിൽ 26) സഞ്ജു മടങ്ങിയത്. തൊട്ടുപിന്നാലെ നായകൻ സൂര്യകുമാർ യാദവ്(0) പുറത്തായെങ്കിലും അഭിഷേക് ശർമ തകർപ്പൻ അടിയുമായി സ്‌കോറിംഗ് ഉയർത്തി. പവർപ്ലെയിൽ ഇന്ത്യ 50 കടന്നു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അർധസെഞ്ച്വറിയുമായി ജോസ് ബട്‌ലർ മാത്രമാണ്(68) ചെറുത്ത് നിൽപ്പ് നടത്തിയത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈഡൻ ഗാർഡനിൽ സന്ദർശകരുടെ തുടക്കം മികച്ചതായില്ല. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഫിൽ സാൾട്ടിനെ(0) സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് ഇന്ത്യക്ക് മികച്ചതുടക്കം നൽകി. തൊട്ടുപിന്നാലെ ബെൻ ഡക്കറ്റിനെയും(4) അർഷ്ദീപ് മടക്കിയതോടെ സന്ദർശകർ പ്രതിരോധത്തിലായി. പവർപ്ലെ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായി. എന്നാൽ മറുഭാഗത്ത് തുടരെ വിക്കറ്റ് വീഴുമ്പോഴും നിലയുറപ്പിച്ച ജോസ് ബട്‌ലർ സ്പിൻ-പേസ് ബൗളർമാരെ നേരിട്ട് സ്‌കോറിംഗ് ഉയർത്തി. 44 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതമാണ് ബട്‌ലർ ഫിഫ്റ്റിയടിച്ചത്.
Adjust Story Font
16

